Latest News

രാഷ്ട്രിയ കലാപം നേട്ടമുണ്ടാക്കുക സി.പി.എമ്മിനും ഇടതുപക്ഷത്തിനും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ വ്യാപിക്കുന്ന രാഷ്ട്രിയ കലാപം ആത്യന്തികമായി നേട്ടമുണ്ടാക്കുക സി.പി.എമ്മിനും ഇടതുപക്ഷത്തിനും.ശബരിമലയിലെ വിശ്വാസപരമായ കാര്യം മുന്‍നിര്‍ത്തി സംഘ പരിവാര്‍ തുടങ്ങിയ പ്രതിഷേധം ഇപ്പോള്‍ സംസ്ഥാനമാകെ സി.പി.എം – ആര്‍.എസ്.എസ് സംഘര്‍ഷമായി പടര്‍ന്നു കഴിഞ്ഞു.[www.malabarflash.com] 

ശബരിമലയില്‍ യുവതീ പ്രവേശനം ആഗ്രഹിക്കാത്ത ഇടതുപക്ഷ അനുഭാവികള്‍ പോലും നേരിട്ടുള്ള സംഘര്‍ഷം പൊട്ടി പുറപ്പെട്ടതോടെ ചെങ്കൊടിക്ക് പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണ് സംസ്ഥാനത്ത്.

അതേ സമയം പ്രധാനമന്ത്രിയെയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായെയും കേന്ദ്ര മന്ത്രിമാരെയും രംഗത്തിറക്കി സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സംഘ പരിവാറിന്റെ തീരുമാനം.

സി.പി.എം ആവട്ടെ സംഘടനാ സംവിധാനം ഉപയോഗിച്ച് ഇതിനെ പ്രതിരോധിക്കാനുള്ള ശക്തമായ നീക്കത്തിലുമാണ്.

എ.എന്‍.ഷംസീര്‍ എം.എല്‍.എയുടെ വീട്ടിലേക്ക് നടന്ന ബോംബേറിന് തൊട്ടു പിന്നാലെ ബി.ജെ.പി എം.പി മുരളീധരന്റെ തറവാട്ട് വീടിനു നേരെ ആക്രമണം നടന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്. അടിച്ചാല്‍ സ്‌പോട്ടില്‍ തിരിച്ചടിക്കുക എന്ന രൂപത്തിലാണ് ആക്രമണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആക്രമണം പടര്‍ന്നു കഴിഞ്ഞു.

പാര്‍ട്ടി അനുഭാവികളെയും പ്രവര്‍ത്തകരെയും കൂടെ നിര്‍ത്തി ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് സി.പി.എം പ്രധാനമായും ശ്രമിക്കുന്നത്.

ശബരിമല വിഷയം എന്നത് മാറി ഓരോ പ്രദേശത്തെയും വിഷയമായി ഈ ആക്രമണങ്ങള്‍ ഇതിനകം മാറി കഴിഞ്ഞു.

ബി.ജെ.പിയും ആര്‍.എസ്.എസും ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് അവരുടെ സകല പ്രതിഷേധങ്ങളും നടത്തി വരുന്നത്.

സി.പി.എമ്മും സംഘപരിവാറും നേര്‍ക്കുനേര്‍ വന്നതോടെ കാഴ്ചക്കാരുടെ റോളിലായി ചുരുങ്ങി പോയിരിക്കുകയാണ് മുഖ്യ പ്രതിപക്ഷമായ യു.ഡി.എഫ്.

കോണ്‍ഗ്രസ്സിനൊപ്പം നിലവില്‍ നില്‍ക്കുന്ന ഹൈന്ദവ വോട്ട് ബാങ്കില്‍ ബി.ജെ.പി വിള്ളല്‍ വീഴ്ത്തുമെന്ന പേടിയിലാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍.

മലപ്പുറത്ത് അടക്കം ന്യൂനപക്ഷ വിഭാഗങ്ങള്‍ സി.പി.എമ്മിനൊപ്പം സജീവമാകുന്നതില്‍ മുസ്ലീം ലീഗും വലിയ പരിഭ്രാന്തിയിലാണ്.

സംസ്ഥാനത്തെ ഈ പുതിയ രാഷ്ട്രീയ ധ്രുവീകരണത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം ഉണ്ടാകുമോ എന്ന ഭീതിയിലാണ് യു.ഡി.എഫ് നേതാക്കള്‍

ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ച നിലപാട് പാര്‍ട്ടിയെയും മുന്നണിയെയും പ്രതിരോധത്തിലാക്കിയതായാണ് കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗം കരുതുന്നത്. കെ.പി.സി.സി അദ്ധ്യക്ഷനും പ്രതിപക്ഷനേതാവും തികഞ്ഞ പരാജയമാണെന്നും ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നു.

എന്‍.എസ്.എസിനെ പോലും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കൂടെ നിര്‍ത്താന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കഴിയാത്തത് വലിയ പരാജയമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പല സിറ്റിംങ്ങ് സീറ്റുകളും നഷ്ടപ്പെടാന്‍ പുതിയ ധ്രുവീകരണം വഴിവയ്ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ബി.ജെ.പി വോട്ടിങ് ശതമാനം വര്‍ദ്ധിപ്പിക്കുമെങ്കിലും നേട്ടം കൊയ്യാന്‍ പോകുന്നത് ഇടതുപക്ഷമാണെന്നാണ് അവരുടെ നിഗമനം.

അഞ്ചു വര്‍ഷം കഴിയുമ്പോള്‍ സംസ്ഥാന ഭരണം മാറുന്ന ഏര്‍പ്പാട് ഈ പോക്ക് പോവുകയാണെങ്കില്‍ ഇനി കേരളത്തില്‍ ഉണ്ടാവില്ലന്ന മുന്നറിയിപ്പ് കണ്ണൂരിലെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് തന്നെ ഹൈക്കമാന്റിനെ ഇതിനകം അറിയിച്ചിട്ടുമുണ്ട്.

പുതിയ തലമുറയില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞിട്ടില്ലന്നതും കോണ്‍ഗ്രസ്സ് കേരളത്തില്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.

മുഖ്യധാരാ മാധ്യമങ്ങള്‍ അടക്കം അവഗണിക്കുന്ന പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാകാന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് തന്നെ അണികളോട് ആവശ്യപ്പെടേണ്ട സാഹചര്യമുണ്ടായി.

സംസ്ഥാനത്ത് സോഷ്യല്‍ മീഡിയയെ കൃത്യമായി ഉപയോഗപ്പെടുത്തുന്നത് സി.പി.എമ്മിനും വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കും പുറമെ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. ആം ആദ്മി പാര്‍ട്ടി, മുസ്ലീം യൂത്ത് ലീഗ് എന്നീ സംഘടനകളും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്.

ഇനി വരാന്‍ പോകുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും സോഷ്യല്‍ മീഡിയ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്ന കാര്യവും ഉറപ്പാണ്. പരമ്പരാഗത പ്രചരണ രീതി ടെകനോളജിക്കു മുന്നില്‍ വഴിമാറുമ്പോള്‍ പുതിയ വെല്ലുവിളികളും ഈ മേഖല ഉയര്‍ത്തുന്നുണ്ട്.

തെറ്റായ പ്രചരണങ്ങള്‍ക്ക് തീ പിടിപ്പിച്ച് റിസള്‍ട്ട് ഉണ്ടാക്കാന്‍ സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനെതിരെ ഇപ്പോഴുള്ള നിയമങ്ങള്‍ക്ക് പരിമിതമായ നിയന്ത്രണങ്ങളാണ് ഉള്ളത് എന്നതും ആശങ്ക ഉയര്‍ത്തുന്നതാണ്.

സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ നിലവില്‍ ശ്രമിക്കുന്നുണ്ട്. ഇത് എത്രമാത്രം ഫലപ്രദമാകുമെന്ന് കണ്ട് തന്നെ അറിയണം.

ടി.വി ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും വിവരങ്ങള്‍ അറിയുന്നവരുടെ പോലും ഇപ്പോഴത്തെ പ്രധാന ആശ്രയം നവമാധ്യമങ്ങള്‍ ആയതോടെ ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.