Latest News

തിരുവനന്തപുരത്ത് പ്ലാസ്​റ്റിക് നിർമാണ യൂനിറ്റിൽ വൻ തീപിടിത്തം

തിരുവനന്തപുരം: മണ്‍വിള വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്സ് ഫാക്ടറി കത്തിനശിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അപകടം. രണ്ടുപേര്‍ക്ക് ശ്വാസതടസ്സമുണ്ടായതല്ലാതെ മറ്റ് ആളപായമില്ല.[www.malabarflash.com]

അഞ്ചുനിലയുള്ള ഫാക്ടറിയും അതിനുള്ളില്‍ സുക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ പ്ലാസ്റ്റിക് ഉത്പന്നങ്ങളും പൂര്‍ണമായി കത്തിച്ചാമ്പലായി.

ബുധനാഴ്ച രാത്രി 7.15-ന് തുടങ്ങിയ തീപ്പിടിത്തം രാത്രി വൈകിയും പൂര്‍ണമായി അണയ്ക്കാനായിട്ടില്ല. അഞ്ചുനില കെട്ടിടം പൂര്‍ണമായി കത്തി നശിച്ചു. രാത്രി 12.30 ഓടെ കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ വന്‍ ശബ്ദത്തോടെ ഇടിഞ്ഞുവീഴാന്‍ തുടങ്ങി.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെയും തമിഴ്നാട്ടില്‍ നിന്നുമെത്തിയതുള്‍പ്പെടെയുള്ള ഫയര്‍ എന്‍ജിനുകളില്‍ മണിക്കൂറുകള്‍ ശ്രമിച്ചിട്ടും തീ നിയന്ത്രണവിധേയമാക്കാനായില്ല. എന്നാല്‍, തീ സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് പടരുന്നത് അഗ്‌നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടല്‍മൂലം ഒഴിവാക്കാനായി.

1998-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ചിറയിന്‍കീഴ് സ്വദേശി സിംസണിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാമിലി പ്ലാസ്റ്റിക്സ് ആന്‍ഡ് തെര്‍മോവെയര്‍ ഫാക്ടറി. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായി.

വിമാനത്താവളത്തില്‍നിന്നുള്ള പ്രത്യേക ഫയര്‍ എന്‍ജിനായ പാന്തറും തീയണയ്ക്കുന്നതിന് ശ്രമിച്ചിരുന്നു. കമ്പനിയിലെ മൂന്ന് യൂണിറ്റുകളില്‍ ഒന്നിലാണ് ആദ്യം തീപിടിച്ചത്. രാത്രി ഷിഫ്റ്റിലേക്ക് 120 തൊഴിലാളികള്‍ വന്നിരുന്നുവെന്നും ഗോഡൗണില്‍ തീപിടിച്ചയുടനെ അവര്‍ സുരക്ഷിതസ്ഥാനത്തേക്കു മാറിയെന്നുമാണ് ജീവനക്കാരും നാട്ടുകാരും പറഞ്ഞത്. തീ നിയന്ത്രണവിധേയമാകാത്തതിനാല്‍ സമീപവാസികളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. ഇതിനിടെ വിഷപ്പുക ശ്വസിച്ച് രണ്ടുപേരെ ആശുപത്രിയിലേക്കു മാറ്റി. ജയറാം രഘു(18), ഗിരീഷ് (21) എന്നിവരെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

ആകാശത്തോളം ഉയരത്തില്‍ തീയാളുന്നതിനാല്‍ വെള്ളമൊഴിച്ച് അതു നിയന്ത്രിക്കാന്‍ അഗ്‌നിരക്ഷാസേന ബുദ്ധിമുട്ടി. ഫാക്ടറിയിലെ ഗ്യാസ് സിലിന്‍ഡറുകള്‍ വന്‍ ശബ്ദത്തില്‍ പൊട്ടിത്തെറിച്ചു. നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായി. രാസവസ്തുക്കള്‍ക്കു തീപിടിച്ചതും അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു.

ചെറിയ സ്‌ഫോടനങ്ങളും ഇടയ്ക്കിടെ വന്‍ സ്‌ഫോടനങ്ങളും ഉണ്ടായി. ബയോഗ്യാസ്, ഡീസല്‍ മറ്റു രാസവസ്തുക്കള്‍ തുടങ്ങിയവയുടെ സിലിന്‍ഡറുകളാണ് പൊട്ടിത്തെറിച്ചത്. പരിസരപ്രദേശങ്ങളില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകള്‍ ഭയന്നു ചിതറിയോടി. ഈ ഭാഗത്തെ വൈദ്യുതിവിതരണം താത്കാലികമായി നിര്‍ത്തിവെച്ചു. ചൂടും പുകയും പൊട്ടിത്തെറിയും കാരണം ഫയര്‍ എന്‍ജിനുകള്‍പോലും 100 മീറ്റര്‍ ദൂരെനിര്‍ത്തി മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞുള്ളൂ. വെള്ളം ചീറ്റുന്നത് ഫാക്ടറിയുടെ പുറംചുമരുകളോളമേ എത്തിയുള്ളൂ.

എന്‍ജിനുകളില്‍ വെള്ളം തീര്‍ന്നതോടെ അഗ്‌നിരക്ഷാസേന, വാട്ടര്‍ അതോറിറ്റി, നഗരസഭ, നിരവധി സ്വാകാര്യ ടാങ്കറുകളിലും വെള്ളമെത്തിച്ചു. സമീപത്തെ രണ്ട് കുളങ്ങളില്‍നിന്നും വെള്ളമെത്തിച്ചു കൊണ്ടിരുന്നു.

രാത്രി ഒന്‍പതുമണിക്കുശേഷമാണ് വിമാനത്താവളത്തില്‍നിന്നുള്ള പാന്തര്‍ എന്ന വലിയ ഫയര്‍ എന്‍ജിന്‍ ഇവിടെയെത്തിച്ചത്. അരക്കിലോമീറ്റര്‍ അകലെനിന്നുപോലും തീയണയ്ക്കാന്‍ കഴിയുന്ന വാഹനമാണ് ഇത്. ഇതിനിടെ ജില്ലാ കളക്ടര്‍ കെ.വാസുകി സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങളുടെ ഏകോപനമേറ്റെടുത്തു. ഇവരുടെ നിര്‍ദേശപ്രകാരം ആളുകളെ ഒഴിപ്പിച്ചു. വിഷപ്പുക വ്യാപകമായതോടെ ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി മാസ്‌ക് വിതരണം ചെയ്യുകയും ആരോഗ്യ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 29-ന് ഇവിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം മൂന്നാംനിലയില്‍ ചെറിയ തീപ്പിടിത്തമുണ്ടായെങ്കിലും ഉടനെ തീ കെടുത്താന്‍ കഴിഞ്ഞിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന്റെ വേദിയുടെ സമീപത്താണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. സംഭവമറിഞ്ഞ് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍, മേയര്‍ വി.കെ.പ്രശാന്ത് എന്നിവര്‍ സ്ഥലത്തെത്തി. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു

അപകടത്തിന്റെ പശ്ചാത്തലത്തില്‍ മണ്‍വിള, കുളത്തൂര്‍ വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (നവംബര്‍ 1) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ: കെ.വാസുകി അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.