Latest News

അലാമിപ്പള്ളി ബസ് സ്റ്റാന്റ്: ഉദ്ഘാടനം 20ന്, സംഘാടകസമിതി 14ന്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് അലാമിപ്പള്ളി ബസ് സ്റ്റാന്റ് ഈ മാസം 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും.[www.malabarflash.com] 

ഉദ്ഘാടനം ചരിത്രസംഭവമാക്കി മാറ്റാനുള്ള സംഘാടകസമിതി രൂപീകരണയോഗം 14ന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ചേരുവാനാണ് നീക്കം. ബഹുജന സംഘടനകളെയും സന്നദ്ധ സംഘടനകളെയും അണിനിരത്തി കാഞ്ഞങ്ങാട് നഗരം ഇന്നേവരെ കാണാത്ത ഉദ്ഘാടന മാമാങ്കത്തിനാണ് നഗരസഭ കോപ്പുകൂട്ടുന്നത്.
ബസ് സ്റ്റാന്റിനോടൊപ്പം തന്നെ ഏഴ് പദ്ധതികളുടെ കൂടി ഉദ്ഘാടനവും അതേ ചടങ്ങില്‍ വെച്ച് നടത്തുന്നതും ബസ് സ്റ്റാന്റ് ഉദ്ഘാടനത്തെ വ്യത്യസ്തമാക്കും. ഉദ്ഘാടനത്തിനായി ബസ് സ്റ്റാന്റ് കെട്ടിടം ഒരുങ്ങിക്കഴിഞ്ഞു. നിറം മങ്ങിയ ചുവരുകള്‍ പെയിന്റടിച്ച് വൃത്തിയാക്കി. പരിസരങ്ങളിലെ മാലിന്യങ്ങളും നീക്കിത്തുടങ്ങി.
ഇതോടെ ബസ് സ്റ്റാന്റിന്റെ മുഴുവന്‍ പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇനി വൈദ്യുതി കണക്ഷന്‍ മാത്രമാണ് ലഭിക്കാനുള്ളത്. ഇത് ഈയാഴ്ച തന്നെ ലഭിക്കും. ബസ് സ്റ്റാന്റിനോടു ചേര്‍ന്നുളള ആലാമിക്കുളം ഉദ്ഘാടനത്തിന് മുമ്പേ തന്നെ ശുചീകരിച്ച് നവീകരിക്കും. ഒപ്പം പൂന്തോട്ടത്തിന്റെ നിര്‍മ്മാണവും യാഥാര്‍ത്ഥ്യമാക്കും. ഇതിനിടെ കടമുറികളുടെ ലേലവും നടക്കാനുണ്ട്. ഇതിനുള്ള നടപടി ക്രമങ്ങളും പൂര്‍ത്തിയായി.
ബസ് സ്റ്റാന്റില്‍ 108 കടമുറികളും 12 ശുചിമുറികളുമാണ് ഉള്ളത്. സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുറികള്‍ അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കുമെന്ന് ചെയര്‍മാന്‍ വിവി രമേശന്‍ പറഞ്ഞു. 

ബസ് സ്റ്റാന്റിനോട് അനുബന്ധിച്ച് സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാനായി നിര്‍മ്മിച്ച ഷിലോഡ്ജ് ഇതിനകം പ്രവര്‍ത്തനമാരംഭിച്ചു.
രണ്ടുനില കെട്ടിടത്തില്‍ അഞ്ചു മുറികളാണ് 45 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച ഷീലോഡ്ജിലുള്ളത്. കുടുംബശ്രീയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ലോഡ്ജില്‍ ഏത് ജില്ലകളിലുള്ളവര്‍ക്കും ഓണ്‍ലൈനായി മുറി ബുക്ക് ചെയ്യാന്‍ കഴിയും. സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ഷീലോഡ്ജ് ആയിരിക്കും ഇത്.
അലാമിപ്പള്ളി ബസ് സ്റ്റാന്റില്‍ ബസ് പാര്‍ക്കിംഗിന് വിശാലമായ യാര്‍ഡുകളാണ് ഒരുക്കിയിട്ടുള്ളത്. ഓരോ ബസുകള്‍ക്കും പ്രത്യേകം ട്രാക്ക്, ബസ് സ്റ്റാന്റില്‍ പൂന്തോട്ടം, വൈഫൈ സംവിധാനം, ലൈബ്രറി, മുലയൂട്ടല്‍ കേന്ദ്രം തുടങ്ങിയവയും ഉണ്ടാകും. ബസ് സ്റ്റാന്റിന്റെ കവാടവും സൗന്ദര്യവല്‍ക്കരണവും ഉദ്ഘാടനത്തിന് ശേഷം സന്നദ്ധ സംഘടകളുടെയും ബഹുജനങ്ങളുടെയും പങ്കാളിത്തത്തോടെ നടപ്പാക്കാണ് നീക്കം.
1990കളിലാണ് അലാമിപ്പള്ളി ബസ് സ്റ്റാന്റ് എന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്. 1995ല്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഭരണസമിതികള്‍ മാറിമാറി വന്നപ്പോഴും സാങ്കേതിക കുരുക്കില്‍ കുടുങ്ങി നിര്‍മ്മാണം അനിശ്ചിതത്വത്തിലാവുകയായിരുന്നു.
ബസ് സ്റ്റാന്റ് കെട്ടിടം നിര്‍മ്മിച്ച് വര്‍ഷങ്ങള്‍ പഴക്കം വന്നതോടെ ഇപ്പോള്‍ വീണ്ടും അറ്റകുറ്റ പണി നടത്തി പുതുക്കുകയായിരുന്നു.
ബസ് സ്റ്റാന്റിന് പുറമെ ഷി ലോഡ്ജ്, കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിലെ ട്രീറ്റ്‌മെന്റ് പ്ലാന്റ്, ചെമ്മട്ടംവയല്‍ ട്രഞ്ചിംഗ് ഗ്രൗണ്ട് നവീകരണ പദ്ധതിയോടനുബന്ധിച്ച ഹരിത കര്‍മ്മ സേന, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മീനാപ്പീസ്, കൊളക്കുണ്ട്, കല്ലഞ്ചിറ അംഗന്‍വാടികള്‍, കോട്ടച്ചേരി ബസ് സ്റ്റാന്റിലെ ടോയ്‌ലറ്റ് ബ്ലോക്ക് അഞ്ച് കോടി രൂപ ചിലവില്‍ യാഥാര്‍ത്ഥ്യമാക്കിയ വാഴുന്നോറടി, പൂടംങ്കല്ലടുക്കം കുടിവെള്ള പദ്ധതികള്‍ എന്നിവയുടെ ഉദ്ഘാടനമാണ് ബസ് സ്റ്റാന്റിന്റെ ഉദ്ഘാടനത്തോടൊപ്പം നടത്തുക.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.