• Latest News

  Saturday, October 6, 2018

  കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ വകവരുത്തിയ ഭാര്യ അറസ്റ്റില്‍; സഹായം ഒരുക്കി നല്‍കിയ ഐ.ടി.ഐ വിദ്യാര്‍ത്ഥി പിടിയില്‍, ദുബൈയിലേക്ക് കടന്ന കാമുകനെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി
  Saturday, October 6, 2018
  12:34:00 AM

  മലപ്പുറം: തനൂർ അഞ്ചുടി സ്വദേശി സവാദ് (38) കഴുത്തറുത്തുകൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ പോലീസ് പിടിയിലായി. സവാദിന്റെ ഭാര്യ സൗജത്തിനെ (31) താനൂർ പോലീസ് അറസ്റ്റു ചെയ്തു .[www.malabarflash.com]

  മലപ്പുറം എസ്‌പി പ്രതീഷ്‌കുമാറിന്റെ നിർദ്ദേശപ്രകാരം താനൂർ സിഐ എം.ഐ ഷാജിയാണ് അറസ്റ്റ് ചെയ്തത്. സൗജത്തിന് പുറമെ കൊലപാതകത്തിന് സഹായിക്കുകയും കാർ സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്ത കാസർകോട് ഐ.ടി.ഐ വിദ്യാർത്ഥിയും തെയ്യാല സ്വദേശിയുമായ സുഫിയാനെയും അറസ്റ്റ് ചെയ്തു. 

  ദുബൈയിലേക്കു കടന്ന മുഖ്യപ്രതിയായ യുവതിയുടെ കാമുകൻ ബഷീറിനെ(40) നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

  കൊല നടത്തിയശേഷം സൗജത്തിന്റെ കാമുകൻ ഓമച്ചപ്പുഴ കൊളത്തൂർ ഹൗസിൽ ബഷീർ മംഗളൂരു വിമാനത്താവളം വഴി ദുബൈയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൃത്യത്തിന് സഹായം ചെയ്ത തെയ്യാല സ്വദേശിയായ 24കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. 

  കാസർകോട്ട് വിദ്യാർത്ഥിയായ ഇയാളുടെ കാറിലാണ് ബഷീർ നാട്ടിലെത്തിയത്. മുൻകൂട്ടി പദ്ധതിയിട്ടതനുസരിച്ചാണ് കൃത്യം നടത്തിയതെന്ന് സൗജത്ത് പോലീസിനോട് പറഞ്ഞു.

  കാമുകനൊത്ത് ജീവിക്കാനാണ് കൊല നടത്തിയതെന്നും തലക്കടിയേറ്റെങ്കിലും ഭർത്താവിന്റെ ഞരക്കം കേട്ടതോടെ മരണം ഉറപ്പാക്കാൻ കഴുത്തറുത്തത് താനാണെന്നും സൗജത്ത് മൊഴി നൽകി. സവാദിനെ കൊലപ്പെടുത്താൻ വിദേശത്തായിരുന്ന ബഷീർ രണ്ട് ദിവസത്തെ അവധിക്കാണ് നാട്ടിലെത്തിയത്. 

  മത്സ്യത്തൊഴിലാളിയായ സവാദ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയത് രാത്രി 11ഓടെയാണ്. വൈദ്യുതിയില്ലാത്തതിനാൽ ഇളയ മകൾ ഷജില ഷെറിനോടൊപ്പം വീടിന്റെ വരാന്തയിലാണ് കിടന്നത്. ഈ വിവരം മൊബൈലിലൂടെ സൗജത്ത് കാമുകനെ അറിയിച്ചു. ഇതനുസരിച്ച് 12.30ഓടെ ക്വാർട്ടേഴ്‌സിൽ എത്തിയ ഇയാൾക്ക് വാതിൽ തുറന്നുകൊടുത്തത് സൗജത്താണ്.

  ഉറങ്ങിക്കിടന്ന സവാദിനെ പ്രതി മരവടികൊണ്ട് തലക്കടിച്ചു. ശബ്ദം കേട്ട് ഉണർന്ന് നിലവിളിച്ച മകളെ സൗജത്ത് മുറിയിലാക്കി വാതിൽ പൂട്ടി. പിന്നീട്, തിരിച്ചെത്തിയപ്പോൾ ഭർത്താവിന് ജീവനുണ്ടെന്ന് കണ്ട് കത്തിയെടുത്ത് കഴുത്തറുത്തു. ഇതിനിടെ, കാമുകനെ രക്ഷപ്പെടാനും സഹായിച്ചു. തുടർന്ന് പുറത്തിറങ്ങി സൗജത്ത് സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. കറുത്ത ഷർട്ടിട്ട ഒരാൾ ഓടിപ്പോകുന്നത് കണ്ടെന്ന മകളുടെ മൊഴിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

  വെള്ളിയാഴ്ച രാവിലെ ഖബറടക്ക ചടങ്ങുകൾക്ക് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന നിലപാടിൽ സൗജത്ത് ഉറച്ചുനിന്നെങ്കിലും പോലീസ് തെളിവുകൾ നിരത്തിയതോടെ പിടിച്ചുനിൽക്കാനാവാതെ കുറ്റം ഏറ്റുപറയുകയായിരുന്നു. ദമ്പതികൾക്ക് ഷജില ഷെറിനെ കൂടാതെ മൂന്ന് മക്കൾ കൂടിയുണ്ട്.

  ഓമച്ചപ്പുഴ റോഡിലെ വാടക ക്വാർട്ടേഴ്സിൽ വ്യാഴാഴ്ച പുലർച്ചെ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടത്. സംഭവം നടന്ന ശേഷം പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഭാര്യ സൗജത്തിനെയും മക്കളായ സജാദ്, ഷർജ ഷെറി, ഷംസ ഷെറി, സജ്ല ഷെറി എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആദ്യം പറയാൻ തയ്യാറായില്ലെങ്കിലും പിന്നീട് വിശദമായ ചോദ്യം ചെയ്യലിൽ സൗജത്ത് സംഭവങ്ങൾ തുറന്നു പറയുകയായിരുന്നു. ഇതോടെയാണ് മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

  കറുത്ത ഷർട്ടിട്ട ആൾ പുറത്തേക്ക് ഓടി പോകുന്നത് കണ്ടുവെന്ന് ഇളയ മകൾ പോലീസിനു ആദ്യമേ മൊഴി നൽകിയിരുന്നു. തലയിലേറ്റ അടിയാണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതോടെ കൊലപാതകമാണെന്ന് ശാസ്ത്രീയമായും വ്യക്തമാവുകയായിരുന്നു. 

  കാമുകൻ തലക്കടിക്കുകയും ഭാര്യ കഴുത്തറുക്കുകയുമായിരുന്നു. കാമുകനോടൊത്ത് ജീവിക്കുന്നതിനാണ് താൻ ഈ കൃത്യം നടത്തിയതെന്ന് സൗജത്ത് മൊഴി നൽകിയതായി താനൂർ സിഐ എം.ഐ ഷാജി പറഞ്ഞു.

  ഗൾഫിൽ നിന്നാണ് സൗജത്തിന്റെ നിർദ്ദേശ പ്രകാരം കൊല നടത്താൻ കാമുകനെത്തിയത്. മംഗലാപുരത്ത് വിമാനം ഇറങ്ങിയത് ആരും അറിയാതിരിക്കാനായിരുന്നു. മടങ്ങാനുള്ള ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. സവാദിനെ കൊന്ന ശേഷം കാറിൽ മംഗലാപുരത്ത് എത്തി വിമാനമാർഗം കാമുകൻ വിദേശത്തേക്ക് പറന്നു. സുഹൃത്തിനെ വിമാനം കയറ്റിയ ശേഷം മടങ്ങുമ്പോഴാണ് സുഹൃത്തിനെ പോലീസ് പിടികൂടുന്നത്.

  കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ ഭാര്യ നടത്തിയ ആസൂത്രിതവും നീചവുമായ കൊലപാതകമായിരുന്നു താനൂരിൽ നടന്നത്. കൃത്യത്തെ കുറിച്ച് സൗജത്ത് പോലീസിനു നൽകിയ മൊഴി ഇങ്ങനെ: ഭർത്താവുമൊത്ത് ജീവിക്കാൻ താൽപര്യമില്ലെന്നും കാമുകനോടൊപ്പം ജീവിക്കുന്നതിനും വേണ്ടിയാണ് കൃത്യം നടത്തിയതത്രെ. ദിവസങ്ങളായി ഭാര്യയും കാമുകനും ഭർത്താവിനെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തുകയും അവസരത്തിനായി കാത്തിരിക്കുകയും ചെയ്തിരുന്നു. 

  ഒടുവിൽ കഴിഞ്ഞ ദിവസമാണ് സാഹചര്യം ഒത്തത്. പതിവുപോലെ മത്സ്യ ബന്ധന ജോലി കഴിഞ്ഞെത്തി ഭക്ഷണം കഴിച്ച് ബുധനാഴ്ച രാത്രി ഇളയ മകളുമായി കോർട്ടേഴ്സിന്റെ മുൻ വശത്തെ വരാന്തയിലാണ് സവാദ് ഉറങ്ങാൻ കിടന്നത്.

  സവാദ് പൂർണമായും ഉറക്കത്തിലാണ്ടെന്നു സൗജത്ത് ഉറപ്പു വരുത്തുന്നു. ശേഷം രാത്രി 1.30 ഓടെ സൗജത്ത് വിവരമറിയിച്ചതനുസരിച്ച് കാമുകനും സുഹൃത്തും കാറിൽ എത്തി. സുഹൃത്ത് പുറത്ത് നിൽക്കുകയും കാമുകൻ ആയുധവുമായി കോർട്ടേഴ്സിന്റെ പിൻവശത്ത് കൂടി അകത്ത് കയറി. പിൻവശത്തെ വാതിൽ സൗജത്ത് നേരത്തെ തുറന്ന് വച്ചിരുന്നു. അകത്ത് കയറിയ ശേഷം സവാദ് ഉറക്കിലാണെന്ന് വീണ്ടും ഉറപ്പാക്കി. ആദ്യം കാമുകൻ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയിൽ ആഞ്ഞടിച്ചു. ഈ അടിയുടെ ആഗാതത്തിൽ സവാദിന്റെ ബോധം നഷ്ടമായി. ശേഷം സൗജത്ത് കത്തി കൊണ്ട് കഴുത്തറുത്ത് മരിച്ചുവെന്ന് ഉറപ്പാക്കുകയായിരുന്നു.

  ശേഷം കാമുകനും സുഹൃത്തും രക്ഷപ്പെട്ട ശേഷം സൗജത്ത് അയൽവാസികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് നാട്ടുകാർ ഞെട്ടലോടെ കൊലപാതക സംഭവമറിയുന്നത്. 

  താനൂർ അഞ്ചുടിയിലെ തറവാട് വീട്ടിൽ കഴിഞ്ഞിരുന്ന സവാദും കുടുംബവും ഭാര്യയുടെ അവിഹിത ബന്ധത്തെ തുടർന്ന് ഇവിടെ നിന്നും മാറി തെയ്യാലയിലെ വാടക കോർട്ടേഴ്സിലേക്കു മാറുകയായിരുന്നു. ഇവിടെയെത്തിയ ശേഷമാണ് തെയ്യാല സ്വദേശിയായ മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടാകുന്നത്. ഇവരുടെ ബന്ധം അതിരുവിട്ടപ്പോൾ സവാദ് ഇല്ലാത്ത സമയങ്ങളിൽ കാമുകൻ കോർട്ടേഴ്സിൽ എത്തുക പതിവാക്കി. നാട്ടുകാർ ചേർന്ന് ഇവിടെ വെച്ച് ഒരു ദിവസം പിടികൂടുകയും പെലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

  ഭർത്താവിനൊപ്പം ജീവിക്കാമെന്നും കാമുകനുമായി ബന്ധമുണ്ടാകില്ലെന്നും സൗജത്ത് ഇവിടെ വച്ച് പറഞ്ഞു. ഏറ്റെടുക്കാനും ഒരുമിച്ച് ജീവിക്കാനും സവാദും തയ്യാറായി. ഇതോടെ പൊലീസ് മധ്യസ്ഥതയിൽ ഇവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനമെടുത്ത് ജീവിച്ചു വരികയായിരുന്നു. 

  കുടുംബത്തെ അങ്ങേയറ്റം സ്നേഹിച്ച് വിട്ടുവീഴ്‌ച്ചയോടെയുള്ള ജീവിതമായിരുന്നു സവാദിന്റെത്.എന്നാൽ സൗജത്ത് വീണ്ടും കാമുകനുമായുള്ള ബന്ധം തുടർന്നു. ഇതിന്റെ പേരിൽ രണ്ട് പേരും സ്ഥിരമായി വഴക്കിലേർപ്പെട്ടിരുന്നു. ഒടുവിൽ കാമുകനുമൊത്ത് ഭർത്താവിനെ വകവരുത്തുകയായിരുന്നു. 
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ വകവരുത്തിയ ഭാര്യ അറസ്റ്റില്‍; സഹായം ഒരുക്കി നല്‍കിയ ഐ.ടി.ഐ വിദ്യാര്‍ത്ഥി പിടിയില്‍, ദുബൈയിലേക്ക് കടന്ന കാമുകനെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി Rating: 5 Reviewed By: UMRAS vision
  Scroll to Top