Latest News

മത്സ്യവ്യാപാരിയുടെ വീട്ടില്‍ കവര്‍ച്ച; നാല് പേര്‍ പിടിയില്‍

തലശ്ശേരി: സൈദാര്‍ പള്ളിക്കടുത്തുള്ള മത്സ്യവ്യാപാരി പി പി മജീദിന്റെ വീട്ടില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പരിശോധന നടത്തി ഇരുപത്തി അയ്യായിരം രൂപ കവര്‍ച്ച നടത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ഇതില്‍ ഉള്‍പ്പെട്ട അഞ്ച് പേര്‍ കൂടി വലയിലായതായി സൂചനകള്‍.[www.malabarflash.com]
തൃശൂര്‍ കൊടകര സ്വദേശികളായ പള്ളത്തേരി ദീപു (33), മാങ്കുളങ്ങര പ്രാണപ്രാവില്‍ ബിനു (36), മലപ്പുറം അരീക്കോട് സ്വദേശി കെ ലത്തീഫ് (42), തലശ്ശേരി മത്സ്യ മാര്‍ക്കറ്റിലെ മത്സ്യവ്യാപാരിയും പരാതിക്കാരനായ പി പി മജീദിന്റെ സൂഹൃത്തുമായ പാലയാട് ചിറക്കൂനിയിലെ ഗുല്‍സന്‍ വീട്ടില്‍ പി എ നൗഫല്‍ (34) എന്നിവരെയാണ് എ എസ് പി ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സി ഐ എം പി ആസാദ്, തലശ്ശേരി കോസ്റ്റല്‍ പോലീസ് എസ് ഐ ബിജു എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. 

ദീപു, ബിനു, ലത്തീഫ് എന്നിവരെ പാലക്കാട് ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നുമാണ് പിടിയിലാവുന്നത്. ഇവരില്‍ നിന്ന് കിട്ടിയ വിവരമനുസരിച്ച് നൗഫലിനെയും പിടികൂടിയത്. ഓട്ടേറെ കവര്‍ച്ചാ കേസുകളിലും കൊലപാതക കേസിലും ഉള്‍പ്പെട്ട തമിഴ്‌നാട് സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും പോലീസ് അറിയിച്ചു. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

അറസ്റ്റിലായ ബിനു തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ഊട്ടി കൂനൂരിലെ ഫാം ഹൗസിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസിലെ പ്രതിയുമാണ്. നൗഫല്‍ മജീദുമായി അടുത്ത സുഹൃബന്ധമുള്ള ആളാണെന്നും പോലീസ് അറിയിച്ചു.
സപ്തംമ്പര്‍ 20ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പ്രതികള്‍ മജീദിന്റെ വീട്ടില്‍ ആദായ നികുതി ഉദ്യോഗസ്ഥരും പോലീസും ചമഞ്ഞ് കവര്‍ച്ച നടത്തിയത്. 18ന് കവര്‍ച്ച നടത്താന്‍ പദ്ധതി ഒരുക്കിയെങ്കിലും കവര്‍ച്ച കഴിയാത്തതിനാല്‍ അന്ന് പറശ്ശിനിക്കടവില്‍ എത്തി താമസിച്ച ശേഷമാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ച നടത്തുന്നതിന് രണ്ടാഴ്ച മുമ്പ് പ്രതികള്‍ തലശ്ശേരിയില്‍ എത്തി കവര്‍ച്ചക്കുള്ള റിഹേസല്‍ നടത്തുകയും ചെയ്തിരുന്നു. അടുത്തുള്ള സി സി ടി വി ദൃശ്വങ്ങളില്‍ പെടാതിരിക്കാനും ശ്രദ്ധിച്ചിരുന്നു. ദീപുവിനും ബിനുവിനും, ലത്തീഫിനും എതിരെ സംസ്ഥാനത്തെ ഒട്ടനവധി പോലീസ് സ്റ്റേഷനുകളില്‍ കുഴല്‍പ്പണ വേട്ടക്കും, കവര്‍ച്ചക്കും കേസുകള്‍ ഉണ്ട്.
മലപ്പുറം സ്വദേശിയായ ലത്തീഫ് തലശ്ശേരി മത്സ്യ മാര്‍ക്കറ്റില്‍ ജോലി ആവശ്യാര്‍ത്ഥം എത്തിയപ്പോഴാണ് നൗഫലുമായി പരിചയപ്പെടൂന്നതും. അത് വഴി കവര്‍ച്ചക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതും. വിദേശത്തും മറ്റും വ്യാപാരമുള്ള മജീദിന്റെ വീട്ടില്‍ നല്ല പണം സൂക്ഷിച്ചിട്ടുണ്ടാവുമെന്ന് കരുതിയാണ് കവര്‍ച്ച നടത്തിയത്. പാലക്കാടുള്ള വാടക വീട് അവിടുത്തെ പോലീസിന്റെ സഹായത്തോടെ വളഞ്ഞാണ് അതിസാഹസികമായി പോലീസ് സംഘം പ്രതികളെ പിടികൂടിയത്. കവര്‍ച്ചാസംഘത്തില്‍ തമിഴ് സംസാരിക്കുന്ന ഒരാള്‍ ഉണ്ടെന്ന് മനസ്സിലായതാണ് കേസിന്റെ ചുരുള്‍ അഴിക്കാന്‍ വേഗത്തില്‍ സഹായകമായത്. പെരുമ്പാവൂരിലും മറ്റും സമാനമായി നടന്ന ഇത്തരം കേസുകളില്‍ അന്വേഷണം നടത്തിയാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ അജയകുമാര്‍, അസി. എസ് ഐ ബിജുലാല്‍, തലശ്ശേരി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജീവന്‍ വളയം, എ എസ് പിയുടെ ക്രൈം സ്‌ക്വാഡിലുള്ള ശ്രീജേഷ്, രാജീവന്‍, മീറജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. പ്രതികളെ ഇന്ന് തലശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും. തുടര്‍ന്ന് തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയ ശേഷം വീണ്ടും പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ ഹരജി സമര്‍പ്പിക്കുമെന്നും പോലീസ് അറിയിച്ചു. തമിഴ്‌നാട് സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ കൂടി ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവരെക്കുറിച്ചും സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.