Latest News

കനത്ത പോലീസ് കാവലില്‍ റിയാസ് മൗലവി വധക്കേസില്‍ വിചാരണ തുടങ്ങി

കാസര്‍കോട്: ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ തിങ്കളാഴ്ച രാവിലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു.[www.malabarflash.com]

വന്‍ സുരക്ഷാ സംവിധാനമാണ് പോലീസ് കോടതിക്കകത്തും പുറത്തും ഒരുക്കിയിരുന്നത്‌. പ്രതികളെ കോടതിയിലേക്കെത്തിച്ചതും കനത്ത പോലീസ് ബന്തവസിലായിരുന്നു.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ അശോകന്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരായി. 2017 മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് ചൂരി ജുമാമസ്ജിദിലെ താമസസ്ഥലത്ത് റിയാസ് മൗലവി കൊല്ലപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു (20), നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍.

ഒന്നാം സാക്ഷിയും പഴയ ചൂരി മുഹ് യുദ്ദീന്‍ ജുമാമസ്ജിദിന് സമീപത്ത് താമസക്കാരനുമായ ഹാഷിം, രണ്ടാം സാക്ഷിയും പള്ളിയുടെ ഖത്തീബുമായ അബ്ദുല്‍ അസീസ് എന്നിവരെയാണ് തിങ്കളാഴ്ച വിസ്തരിച്ചത്. മൂന്നാം സാക്ഷി ഹമീദിന്റെ വിസ്താരം ചൊവ്വാഴ്ച നടക്കും. റിയാസ് മൗലവി കൊലചെയ്യപ്പെട്ട ദിവസം അദ്ദേഹം ഉടുത്തിരുന്ന ലുങ്കി ഒന്നാം സാക്ഷിയായ ഹാഷിം കോടതിയില്‍ തിരിച്ചറിഞ്ഞു. സംഭവദിവസം ആരാധനാലയത്തിന് കല്ലെറിഞ്ഞ രണ്ടാം പ്രതി നിതിന്‍ ധരിച്ചിരുന്ന കാവി മുണ്ടും കടുനീല കളറുള്ള ഫുള്‍കൈ ബനിയനുമാണ് അബ്ദുല്‍ അസീസ് കോടതിയില്‍ തിരിച്ചറിഞ്ഞത്.

നിലവിളി കേട്ടാണ് സംഭവസ്ഥലത്തേക്കെത്തിയതെന്ന് ഹാഷിം കോടതിയില്‍ പറഞ്ഞു. റിയാസ് മൗലവി താമസിക്കുന്ന മുറിയില്‍ വെളിച്ചമുണ്ടായിരുന്നു. ജനലിലൂടെ നോക്കിയപ്പോഴാണ് വെട്ടേറ്റ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ തൊട്ടടുത്ത അബ്ദുല്ലയുടെ വീട്ടിലെത്തി വിവരം പറഞ്ഞു. അബ്ദുല്ലയേയും അദ്ദേഹത്തിന്റെ മകനെയും കൂട്ടി അവിടെയെത്തി. ഇതിനിടയില്‍ ഉസ്താദ് മൈക്കിലൂടെ പള്ളിക്ക് ആരോ കല്ലെറിഞ്ഞതായി അനൗണ്‍സ്‌മെന്റ് നടത്തുകയും ചെയ്തു. റിയാസ് മൗലവിയെ ഉടന്‍ തന്നെ ആംബുലന്‍സ് വരുത്തി അതില്‍ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചതായി ഹാഷിം പ്രോസിക്യൂഷന്റെ ചീഫ് വിസ്താരത്തിലും പ്രോസിക്യൂഷന്റെ ക്രോസ് വിസ്താരത്തിലും പറഞ്ഞു.

ആദ്യം സംഭവം കണ്ടതിനാല്‍ പോലീസില്‍ മൊഴി നല്‍കണമെന്ന് അവിടെയുള്ളവര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പോലീസിലെത്തി മൊഴി നല്‍കിയതെന്ന് ഹാഷിം പറഞ്ഞു. രണ്ടാം സാക്ഷിയായ ഖത്വീബ് തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. പള്ളിയിലുണ്ടായിരുന്ന തങ്ങള്‍ അഞ്ചു പേര്‍ക്കൊപ്പമാണ് റിയാസ് മൗലവി ഭക്ഷണം കഴിച്ചിരുന്നതെന്നും 11.45 വരെ പ്രഭാഷണം കേട്ടുകൊണ്ടിരുന്നതായും ഖത്വീബ് അബ്ദുല്‍ അസീസ് ചീഫ് വിസ്താരത്തില്‍ പറഞ്ഞു. 

പള്ളിക്ക് കല്ലെറിയുന്നത് കണ്ടാണ് പുറത്തിറങ്ങിയത്. അപ്പോള്‍ രണ്ടാം പ്രതി നിതിന്‍ അവിടെ നില്‍ക്കുന്നത് കണ്ടു. റിയാസ് മൗലവിയുടെ മുറിയില്‍ ആള്‍ക്കാര്‍ വന്ന ശേഷം കരഞ്ഞ് കൊണ്ട് പോകുന്നത് കണ്ടപ്പോഴാണ് താന്‍ റിയാസ് മൗലവിക്ക് വെട്ടേറ്റ വിവരം അറിഞ്ഞതെന്ന് ഖത്വീബ് ചീഫ് വിസ്താരത്തിലും ക്രോസ് വിസ്താരത്തിലും ബോധിപ്പിച്ചു. അന്നത്തെ സംഭവങ്ങള്‍ വികാര നിര്‍ഭരമായി വിവരിക്കുമ്പോള്‍ ഖത്വീബ് വിങ്ങിപ്പൊട്ടി.

കേസില്‍ 90 ദിവസത്തിന് മുമ്പ് തന്നെ 1000 പേജുള്ള കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നു. പ്രതികള്‍ സമര്‍പ്പിച്ച ജാമ്യഹരജികളൊക്കെ ഹൈക്കോടതി തള്ളിയതിനാല്‍ കസ്റ്റഡി വിചാരണയാണ് ആരംഭിച്ചത്. അതിനിടെ റിയാസ് മൗലവിയുടെ ഭാര്യ കുടക് ജില്ല ഹൊഡബയിലെ എം ഇ സൈദ പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയെങ്കിലും കേസില്‍ യുഎപിഎ ചുമത്തുന്ന കാര്യം വിചാരണ കോടതിക്ക് പരിഗണിക്കാമെന്ന് ഹൈക്കോടതി നിലപാടെടുത്തിരുന്നു.

കാസര്‍കോട് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 210/2017 കേസില്‍ ഐപിസി 450, 302, ആര്‍/ഡബ്ല്യു 34 ഐപിസി എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കൊലയ്ക്ക് ശേഷം പ്രതികള്‍ ഇതുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്. 

കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഇപ്പോഴത്തെ കാസര്‍കോട് എസ്പി ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്. . ഇപ്പോള്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിയായ പി കെ സുധാകരനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.