• Latest News

  Monday, October 29, 2018

  ഈ സര്‍ക്കാരിനെ തള്ളി താഴെ ഇടാനുള്ള ശക്തി അമിത് ഷായുടെ കൈകള്‍ക്കില്ല; ബിജെപിയുടെ ഒരു തന്ത്രവും കേരളത്തില്‍ വിലപ്പോകില്ല: പിണറായി
  Monday, October 29, 2018
  1:53:00 AM

  പാലക്കാട് : ശബരിമല വിഷയത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നിലപാട് ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.[www.malabarflash.com] 

  അമിത് ഷാ കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കണം, കേരളത്തില്‍ ബിജെപിയുടെ ഒരു തന്ത്രവും വിലപ്പോകില്ലെന്നും പികെഎസ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പിണറായി പറഞ്ഞു.

  അമിത് ഷായുടെ വാക്ക് കേട്ട് ഇവിടെ കളിക്കാം എന്നാരും കരുതേണ്ട. ഇനി അങ്ങനെ കളിക്കാന്‍ തയ്യാറായാല്‍ അതൊരു മോശപ്പെട്ട കളിയാകും. ഈ സര്‍ക്കാരിനെ തള്ളി താഴെ ഇടാനുള്ള ശക്തി അമിത് ഷായുടെ കൈകള്‍ക്കില്ല. അതൊക്കെ അങ്ങ് ഗുജറാത്തില്‍ പ്രയോഗിച്ചാല്‍ മതി. നിങ്ങള്‍ക്ക് ഇഷ്ടം പോലെ എടുത്തു കയ്യാളാനുള്ള ഒരു സാധനമല്ല കേരളത്തിലെ സര്‍ക്കാര്‍.ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരോട് പറഞ്ഞാല്‍ മതി. തെരഞ്ഞെടുക്കപ്പെട്ടൊരു സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ നോക്കരുത്. കേരളത്തില്‍ ബിജെപിയുടെ ഒരു തന്ത്രവും വിലപ്പോകില്ല. കേരളം പിടിക്കുമെന്ന് പറഞ്ഞ് അവര്‍ ജാഥ നടത്തി. പക്ഷെ ജനങ്ങള്‍ തിരിഞ്ഞു നോക്കിയില്ല. നിങ്ങള്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ല. ഇത് ഒട്ടേറ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ നാടാണിത് - പിണറായി പറഞ്ഞു.

  ശബരിമലയുടെ കാര്യത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ശ്രമിക്കുന്നു. പൊലീസ് നടപടി വിശ്വാസികള്‍ക്കെതിരെയാണെന്നാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്. എന്നാല്‍ സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരല്ല. പൊലീസ് അറസ്റ്റ് ചെയ്തത് വിശ്വാസികളെയല്ല, അക്രമികളെയാണ്. അക്രമികളെ വിശ്വാസികളെന്നും അവിശ്വാസിയെന്നും വേര്‍തിരിച്ച് നടപടിയെടുക്കാറില്ല. ശബരിമലയില്‍ സംഘപരിവാര്‍ ക്രിമിനലുകളെ ഇറക്കുകയായിരുന്നു. അവരാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തത്. അക്രമത്തില്‍ പങ്കെടുത്തവര്‍ തന്നെ അത് റെക്കോര്‍ഡ് ചെയ്തിരുന്നു. അതില്‍ എല്ലാം ഉള്‍പ്പെടുന്നു. അവരുടെ പേരില്‍ നടപടിയെടുക്കും.

  വിശ്വാസികളെ തടയാനാണ് സംഘപരിവാര്‍ ശ്രമിച്ചത്. സര്‍ക്കാര്‍ ആവര്‍ത്തിച്ച കാര്യം, വിശ്വാസികളുടെ അവകാശം സംരക്ഷിക്കുന്നതിനും അതനുസരിച്ച് ജീവിക്കുന്നതിനുമുള്ള സൗകര്യവും ചെയ്തു കൊടുക്കും എന്നുതന്നെയാണ്. യാഥാസ്ഥിക വിഭാഗം സാമൂഹിക മുന്നേറ്റമുണ്ടാകുമ്പോള്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. ഇത് തന്നെയാണ് സംഘപരിവാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

  കോടതി വിധി എന്താണോ അത് നടപ്പാക്കും. പുനപരിശോധന ഹര്‍ജികള്‍ പരിഗണിച്ച് സുപ്രീം കോടതി ഇനി മറിച്ചൊരു വിധി പുറപ്പെടുവിക്കുകയാണെങ്കില്‍ അതും ഈ സര്‍ക്കാര്‍ നടപ്പാക്കും. അതേസമയം ആരാധനയുടെ കാര്യത്തില്‍ സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യം വേണമെന്നുതന്നെയായിരിക്കും സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

  സാമൂഹിക മുന്നേറ്റത്തില്‍ ഗുണം ലഭിക്കുന്നവരെ വരെ അതിനെതിരെ അണിനിരത്താറുണ്ട്. ഇതിനുദാഹരണമാണ് മാറു മറയ്ക്കല്‍ പ്രക്ഷോഭം. പ്രക്ഷോഭത്തില്‍ അണിനിരന്നവര്‍ക്കെതിരെ അതില്‍ നിന്നു തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടന്നപ്പോള്‍ അമ്പലം അടച്ചിട്ടു. പക്ഷെ ജനങ്ങള്‍ എതിരായി. അവസാനം അത് തുറന്നു കൊടുക്കേണ്ടതായി വന്നു.

  മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കു തുടര്‍ച്ചയുണ്ടായി. ഇടതുപക്ഷ പ്രസ്ഥാനം നവോത്ഥാന മുദ്രാവാക്യങ്ങള്‍ ഏറ്റെടുത്തു മുന്നോട്ട് പോയി. ഇത് ഏറെ ഗുണം ചെയ്തു. മാനവീകതയുടെ മൂല്യമാണ് ഇവിടെ ഉയര്‍ത്തിപ്പിടിക്കുന്നത്. മനഷ്യനാണിവിടെ പ്രാധാന്യം കൊടുക്കുന്നത്. ഇവിടെ മാറിവന്ന എല്‍ഡിഎഫ് സര്‍ക്കാരുകള്‍ സാമൂഹികമാറ്റങ്ങള്‍ കൊണ്ടുവന്നു. തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴില്‍ അബ്രാഹ്മണരെ പൂജാരികളാക്കിയ നടപടി ഏറെ പ്രശംസ പിടിച്ചുവറ്റി. ദേശീയ തലതലത്തില്‍പോലും അത് ചര്‍ച്ചയായി. തിരുവിതാംകൂര്‍ ദേവസ്വത്തിനു പിന്നാലെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലും ആ മാറ്റം കൊണ്ടുവന്നു പിണറായി പറഞ്ഞു. 
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ഈ സര്‍ക്കാരിനെ തള്ളി താഴെ ഇടാനുള്ള ശക്തി അമിത് ഷായുടെ കൈകള്‍ക്കില്ല; ബിജെപിയുടെ ഒരു തന്ത്രവും കേരളത്തില്‍ വിലപ്പോകില്ല: പിണറായി Rating: 5 Reviewed By: UMRAS vision
  Scroll to Top