• Latest News

  Wednesday, October 24, 2018

  ‘തന്ത്രിയുടെ കോന്തലയില്‍ തൂക്കിയിട്ട താക്കോലിലാണ് ശബരിമലയുടെ അധികാരമെന്നു തെറ്റിദ്ധരിക്കരുത്’: മുഖ്യമന്ത്രി
  Wednesday, October 24, 2018
  2:25:00 AM

  പത്തനംതിട്ട: ശബരിമല വിഷയത്തിൽ ആശ്ചര്യകരമായ നിലപാടാണ് തന്ത്രി സ്വികരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഞാനിത് അടച്ചിട്ട് പൊയ്ക്കളയുമെന്നാണ് തന്ത്രി പറഞ്ഞത്. ശബരിമല അടയ്ക്കലും തുറക്കലും തന്ത്രിയുടെ അധികാരത്തിൽപ്പെട്ടതല്ല. എൽഡിഎഫ് നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന രാഷ്ട്രീയവിശദീകരണ യോഗം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.[www.malabarflash.com]

  ശബരിമല തന്ത്രിയുടെ സ്വത്തല്ല. ക്ഷേത്രങ്ങൾ ദേവസ്വംബോർഡിന്റെ സ്വത്താണ്. ഇത് മനസിലാക്കിയാൽ തന്ത്രിക്ക് നല്ലത്. ശബരിമലയും പ്രതിഷ്ഠയും മുമ്പേ ഉണ്ടായിരുന്നു. അടച്ചിട്ടിട്ടുപോയാൽ അമ്പലം നിന്നു പോകില്ലെന്ന് പഴയകാല അനുഭവങ്ങൾ ഓർത്താൽ നന്ന്. 

  തങ്ങളുടെ കോന്തലയിൽ കെട്ടുന്ന താക്കോലിലാണ് അധികാരം കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കരുതരുത്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണല്ലോ. വടക്കേ ഇന്ത്യയിലൊക്കെ നൈഷ്ഠിക ബ്രഹ്മചാരികളായ ദൈവങ്ങൾക്ക് പൂജചെയ്യുന്നവരും നൈഷ്ഠിക ബ്രഹ്മചാരികളാണ്. അങ്ങനെ ആയാൽ തന്ത്രിമാർക്കും വിവാഹം കഴിക്കാനാവില്ല. ഇവിടത്തെ തന്ത്രിയുടെ ബ്രഹ്മചര്യം നമ്മൾക്ക് അറിയാമല്ലോ. ഗൃഹസ്ഥാശ്രമം വിട്ട് വ്യഭിചാരത്തിലേക്ക് പോയതൊന്നും മറന്നുപോകരുത്. ഇതൊന്നുമിട്ട് അലക്കാൻ ആഗ്രഹിക്കുന്നില്ല.

  ദേവസ്വം ബോർഡിന്റെ കീഴിലുള്ള ജീവനക്കാരാണ് തന്ത്രിയും മറ്റുള്ളവരും. ദേവസ്വം ബോർഡ് വിളിച്ച അവലോകന യോഗത്തിൽ പങ്കെടുത്തവരുടെ തിരിച്ചറിയൽ കാർഡ് ചില ഉദ്യോഗസ്ഥർ പരിശോധിച്ചതായി കണ്ടു. ഈ ഉദ്യോഗസ്ഥർക്കെതിരെ ദേവസ്വംബോർഡ് നടപടി എടുക്കണം അഴിഞ്ഞാട്ടക്കാരായ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയണം.

  സവർണ മേധാവിത്വത്തിനായി നിലകൊള്ളുന്ന ആർഎസ്എസ് ശബരിമലയിലെ മതേതരത്വം തകർക്കുന്നതിനുള്ള ഗൂഢനീക്കമാണ് നടത്തുന്നത‌്. എല്ലാ വിശ്വാസികൾക്കും സംരക്ഷണം നൽകും. നവോത്ഥാന പാരമ്പര്യം ശരിയായ നിലയിൽ ഉള്ളതുകൊണ്ടാണ് കേരളത്തിന് മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായ മാറ്റം ഉള്ളത്. ഈ മാറ്റം ഉൾക്കൊള്ളാനാവാത്തവരുണ്ട്. അവർ കേരളത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുകയാണ്. ഈ നീക്കം ശക്തമായി തടഞ്ഞേ മതിയാകൂ.

  സാമൂഹ്യ പരിഷ്കരണത്തെ എപ്പോഴും യാഥാസ്ഥിതിക വിഭാഗം എതിർത്തിട്ടുണ്ട്. കോൺഗ്രസിൽ പലരുടെയും ശരീരം ഇപ്പുറത്തും മനസ് അപ്പുറത്തുമാണ്. ബിജെപി സമരത്തെ ഇടത്താവളമായാണ് കോൺഗ്രസ് കാണുന്നത്. അതിന്റെ ഭാഗമാണ് കൊടിയില്ലാതെ സമരത്തിൽ പങ്കെടുക്കാമെന്ന് പറയുന്നത്. അവിടെ പിടിക്കുന്നത് വർഗീയതയുടെ കൊടിയാണ്.

  ശബരിമലയുടെ പ്രത്യേക കാര്യം പരിഗണിച്ചുകൊണ്ടു മാത്രമായ വിധിയല്ലിത്. ഭരണഘടന ഉയർത്തിപിടിക്കുന്ന മൗലികാവകാശം ഉൾക്കൊള്ളുന്ന വിധിയാണ്. ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ് സർക്കാർ അധികാരമേൽക്കുന്നത്. ഭരണഘടന പറയുന്നത് ചെയ്യുകയെന്നത് ഏതു സർക്കാരും പാലിക്കേണ്ട ബാധ്യതയാണ്. അതുകൊണ്ട് ഈ വിധിയെ ദുർബലപ്പെടുത്തുന്നതൊന്നും സർക്കാർ ചെയ്യില്ല. ഭരണഘടനയെ പുച്ഛത്തോടെ കാണുന്നവരാണ് രാജ്യം ഭരിക്കുന്ന ബിജെപി. മതനിരപേക്ഷതയ്ക്ക് അവർ എതിരാണ്. ശബരിമലയിലെത്തുന്ന സ്ത്രീകളെ പരിശോധിക്കാൻ ആരാണ് ഇവർക്ക് അധികാരം കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു.

  സർക്കാർ പുനഃപരിശോധന ഹർജി കൊടുക്കുന്ന പ്രശ്നമേയില്ല. ശബരിമലയിൽ ശാന്തിയും സമാധാനവും ഉണ്ടാക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കും. ദേവസ്വംബോർഡ് ഏതെങ്കിലുമൊരു റിപ്പോർട്ടുമായി കോടതിയിലേക്ക് പോയാൽ എന്താകും സ്ഥിതിയെന്നു പറയാനാവില്ല. വടി കൊടുത്ത് അടി വാങ്ങുകയെന്ന് ഒരു ചൊല്ലുണ്ട്. അത് കുടുതൽ ഭവിഷ്യത്ത് ഉണ്ടാക്കും. പിണറായി പറഞ്ഞു.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ‘തന്ത്രിയുടെ കോന്തലയില്‍ തൂക്കിയിട്ട താക്കോലിലാണ് ശബരിമലയുടെ അധികാരമെന്നു തെറ്റിദ്ധരിക്കരുത്’: മുഖ്യമന്ത്രി Rating: 5 Reviewed By: UMRAS vision
  Scroll to Top