Latest News

നിഷാദിനായുള്ള കാത്തിരിപ്പിന് വിരാമം; ആറ് വര്‍ഷമായി കണ്ണീര്‍ വറ്റാതെ മാതാപിതാക്കള്‍

കണ്ണൂര്‍: ഓരോ തവണയും അന്വേഷണ ഉദ്യോഗസ്ഥര്‍ വീട്ടില്‍ വന്ന് മൊഴിയെടുക്കുമ്പോഴും വിവരങ്ങള്‍ അന്വേഷിക്കുമ്പോഴും അവരുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം ഉണ്ടായിരുന്നു. വേങ്ങാട് പഞ്ചായത്തിലെ കായലോടിനടുത്ത പറമ്പായിയിലെ പ്രകാശനും മൈഥിലിയും മകന്‍ നിഷാദിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ആറ് വര്‍ഷമായി.[www.malabarflash.com]

പെട്ടന്ന് വരാമെന്ന് പറഞ്ഞ് ഫോണില്‍ സംസാരിച്ച് രാത്രി 8 മണിയോടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ മകന്‍ പിന്നീട് തിരിച്ചെത്തിയില്ല. രാവിലെയായും എത്താതായപ്പോള്‍ പോലീസില്‍ പരാതി നല്‍കി. ഉടന്‍ തിരിച്ചെത്തുമെന്ന് കരുതി കണ്ണീരോടെ ആഴ്ചകളോളം കാത്തിരുന്നു. പ്രിയ മകന് എന്ത് സംഭവിച്ചുവെന്നറിയാതെ മാതാപിതാക്കള്‍ ഹൃദയം തകര്‍ന്ന് വിലപിച്ചു. 

മാസങ്ങളും വര്‍ഷങ്ങളും കടന്ന് പോയപ്പോള്‍ തീരാത്ത വേദനയോടെ മകന്റെ വരവിനായി വഴിവക്കിലേക്ക് കണ്ണും നട്ട് കാത്തിരിക്കുകയായിരുന്നു പ്രകാശനും മൈഥിലിയും മറ്റ് രണ്ട് മക്കളും.
കഴിഞ്ഞ ദിവസം അന്വേഷണസംഘം പിടികൂടിയ ബംഗലൂരു സ്‌ഫോടന കേസിലെ പ്രതി കായലോട് പറമ്പായിയിലെ സലീമാണ് കൊലപാതകം നടത്തിയതായി വെളിപ്പെടുത്തിയത്. 25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ എടുത്താണ് നിഷാദിനെ കൊലപ്പെടുത്തിയതെന്നാണ് സലീമിന്റെ വെളിപ്പെടുത്തല്‍. 

സുഹൃത്തായ മജീദിന്റെ സഹായത്തോടെയാണ് നിഷാദിനെ കൊലപ്പെടുത്തിയതെന്നും ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം കുഴിച്ചുമൂടിയെന്നുമാണ് മൊഴി. ഒരു സ്ത്രീയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് നിഷാദിനെ കൊല്ലാന്‍ ക്വട്ടേഷന്‍ ലഭിച്ചതെന്നും സലീമിന്റെ മൊഴിയില്‍ പറയുന്നുണ്ട്.
2012 ഒക്ടോബര്‍ 2ന് രാത്രി എട്ടുമണിയോടെയാണ് നിഷാദ് വീട്ടില്‍ നിന്നിറങ്ങിയത്. നിഷാദിന്റെ തിരോധാനത്തെ തുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കൂത്തുപറമ്പ് പോലീസാണ് കേസ് അന്വേഷണം തുടങ്ങിയത്. പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. അന്വേഷണം മന്ദഗതിയിലായതിനെ തുടര്‍ന്ന് ബി ജെ പി ധര്‍മ്മടം നിയോജക മണ്ഡലം സെക്രട്ടറിയും ആക്ഷന്‍ കമ്മിറ്റി കണ്‍വീനറുമായ എ അനില്‍കുമാര്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പരാതി നല്‍കിയിരുന്നു. കേസ് എന്‍ ഐ എക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.
ബംഗലൂരു സ്‌ഫോടന കേസിലെ ഇരുപതാം പ്രതിയായ സലീമിനെ ഇക്കഴിഞ്ഞ പത്തിനാണ് അറസ്റ്റ് ചെയ്തത്. 2008ല്‍ ബംഗലൂരുവില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ മുഖ്യപ്രതിയായ തടിയന്റവിട നസീറിന് ബോംബ് നിര്‍മ്മിക്കാന്‍ സ്‌ഫോടക വസ്തുക്കള്‍ എത്തിച്ച് നല്‍കിയതും പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്ത് നല്‍കിയതും സലീമാണെന്ന് അന്വേഷണസംഘം പറയുന്നു. 2005ല്‍ കളമശ്ശേരിയില്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ ബസ് കത്തിച്ച സംഭവത്തിലും സലീമിന് പങ്കുണ്ടെന്ന് പോലീസ് പറയുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.