Latest News

ദിര്‍ഹം തട്ടിപ്പു കേസില്‍ അറസ്റ്റിലായ പ്രതികള്‍ പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷമുണ്ടാക്കി

കാഞ്ഞങ്ങാട്: യുഎഇ ദിര്‍ഹം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശികളെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികള്‍ പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷമുണ്ടാക്കി. [www.malabarflash.com]

വ്യാഴാഴ്ച പയ്യന്നൂര്‍ സിറ്റി ലോഡ്ജില്‍ നിന്നും ഹൊസ്ദുര്‍ഗ് എസ്‌ഐ എ സന്തോഷ്‌കുമാറും സംഘവും അറസ്റ്റുചെയ്ത ഇട്ടമ്മലിലെ മുഹമ്മദ് നബീല്‍ (24) വെള്ളിക്കോത്തെ വിശാഖ് എന്ന ജിത്തു(24), വലിയപറമ്പിലെ നസീര്‍ (32) എന്നിവരാണ് പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷമുണ്ടാക്കിയത്. 

പ്രതികളെ ലോഡ്ജില്‍ നിന്നും പിടികൂടി ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ തന്നെ പോലീസുകാര്‍ക്ക് ഏറെ പാടുപെടേണ്ടി വന്നു. മയക്കുമരുന്നിന്റെ ലഹരിയിലായിരുന്ന ഇവര്‍ എസ്‌ഐ സന്തോഷിനെയും കൂടെയുണ്ടായിരുന്ന പോലീസുകാര്‍ക്കെതിരെയും കേട്ടാലറക്കുന്ന തെറിയഭിഷേകമാണ് നടത്തിയത്. 

സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ അക്രമവാസന കാണിക്കുകയും ചെയ്തു. തട്ടിയെടുത്ത അഞ്ചുലക്ഷം രൂപ എവിടെയുണ്ടെന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ പണം തട്ടിയിട്ടില്ലെന്നും കോഴിക്കോട്ടുകാര്‍ തങ്ങളെ ട്രാപ്പില്‍ കുടുക്കിയെന്നായിരുന്നു ഇവരുടെ മൊഴി. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കഴിയുമെങ്കില്‍ പണം കണ്ടുപിടിച്ചോ എന്നായിരുന്നു മൂവരും പോലീസിനെ വെല്ലുവിളിച്ചത്. ഇവരുടെ പച്ചത്തെറി കേട്ട് സ്റ്റേഷനിലെ വനിതാ പോലീസുകാരുള്‍പ്പെടെ ചെവി പൊത്തുകയായിരുന്നു.

കോടതിയുടെ കര്‍ശന നിയമങ്ങളും മനുഷ്യാവകാശ കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശവും മൂലം ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനും പോലീസിന് കഴിഞ്ഞില്ല. ചോദ്യം ചെയ്താല്‍ തങ്ങള്‍ ദേഹത്ത് പരിക്കുണ്ടാക്കി പോലീസ് മര്‍ദ്ദിച്ചതാണെന്ന് കോടതിയില്‍ മൊഴി നല്‍കുമെന്ന് പോലീസുകാരോട് ആക്രോശിച്ചു. 

കേസിലെ ഒരു പ്രതി ഒരുമാസം മുമ്പ് കിഴക്കുംകരയില്‍ കഞ്ചാവു ലഹരിയില്‍ പരാക്രമം നടത്തുന്നതിനിടയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ഡിവൈഎസ്പി പി കെ സുധാകരന്‍ പിടികൂടിയിരുന്നു. ഡിവൈഎസ്പിയുടെ പിടിയില്‍ നിന്നും കുതറിമാറിയ പ്രതി കൈയ്യില്‍ സ്വയം മുറിവേല്‍പ്പിച്ച് പോലീസ് അക്രമിച്ചതാണെന്നാരോപിച്ച് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ മുറിവ് പോലീസ് അക്രമിച്ചതല്ലെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമാകുകയും ചെയ്തു.

സമാന രീതിയില്‍ കുറ്റവാളികളെ പിടികൂടി ചോദ്യം ചെയ്ത് കുറ്റം തെളിയിച്ചതിന്റെ പേരില്‍ പ്രതികള്‍ നല്‍കിയ വ്യാജ പരാതിയില്‍ ഹൊസ്ദുര്‍ഗ് എസ്‌ഐ സന്തോഷിനെതിരെ ഒന്നിലധികം കേസുകള്‍ കോടതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ കുറ്റം തെളിയിക്കുന്നതിന് റിസ്‌ക് എടുക്കാന്‍ മിക്ക പോലീസ് ഓഫീസര്‍മാരും തയ്യാറാകുന്നില്ല.

അറസ്റ്റിലായ പ്രതികള്‍ കോഴിക്കോട് സ്വദേശികളായ കിനാശേരിയിലെ കെ ടി മുഹമ്മദ് റനീബ്(35), സുഹൃത്ത് സുധി, കരിം, അഷറഫ് എന്നിവരെ കബളിപ്പിച്ചാണ് അഞ്ചുലക്ഷം രൂപ തട്ടിയെടുത്തത്.

ഇന്ത്യന്‍ രൂപ നല്‍കിയാല്‍ പകരം യുഎഇ റിയാല്‍ നല്‍കാമെന്നായിരുന്നു പ്രതികളുടെ വാഗ്ദാനം. മൂന്നു ദിവസം മുമ്പ് കാഞ്ഞങ്ങാട്ടെത്തിയ റനീബും സംഘവും ഇടപാടുകള്‍ക്കായി രാജ് റസിഡന്‍സിയില്‍ താമസിച്ചുവരുന്നതിനിടയിലാണ് സംഘത്തില്‍പ്പെട്ട റനീബും സുഹൃത്തും അക്രമി സംഘത്തിലെ രണ്ടുപേര്‍ക്കൊപ്പം ദിര്‍ഹം വാങ്ങാനായി കാറില്‍ പോയത്. കാര്‍ ഇടവഴിയിലൂടെ സഞ്ചരിക്കുകയും ആളില്ലാത്ത സ്ഥലത്ത് നിര്‍ത്തിയിട്ട് വിളിച്ചുവരുത്തിയ മറ്റ് എട്ടോളം പേരുടെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തി പണം തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പരാതി. 

ഇവര്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 64 സി 3193 നമ്പര്‍ ഇന്‍ഡിക്ക കാര്‍ വ്യാഴാഴ്ച മാണിക്കോത്ത് ഷാഫിദവാഖാന ആശുപത്രിക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തിരുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.