Latest News

പ്രവാസ ലോകത്ത് കഥാപ്രസംഗത്തില്‍ വിസ്മയമായി അരുണിമ

നീലേശ്വരം: യുഎഇയില്‍ മത്സര ഇനമല്ലാതായതോടെ യുവജനോത്സവ വേദികളില്‍നിന്നും പടിയടച്ചു പിണ്ഡംവച്ച കഥാപ്രസംഗത്തെ വേദിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് നീലേശ്വരംകാരിയായ ഒരു കൊച്ചുമിടുക്കി. അബുദാബിയില്‍നിന്നു അരുണിമ നടത്തുന്നത്.[www.malabarflash.com]

സമൂഹത്തിലെ ദുഷ്പ്രവണതകളെ നഖശിഖാന്തം എതിര്‍ത്തും കുടുംബ, സുഹൃദ് ബന്ധങ്ങളും പ്രണയവും വിരവുമെല്ലാം ഹൃദയസ്പൃക്കായി അവതരിപ്പിച്ചും കാണികളുടെ കൈയ്യടി നേടുന്നത് നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ അരുണിമ ബിജുവെന്ന കൊച്ചുമിടുക്കിയാണ്. 

ഒരു കാലത്ത് കഥ പറഞ്ഞു ഫലിപ്പിക്കുന്നതില്‍ കാഥികരുടെ മിടുക്ക് അപാരമായിരുന്നു. കടുകട്ടിയായ പുരാണ കഥകള്‍ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് ആസ്വാദകരുടെ മനസിലേക്ക് കഥാപ്രസംഗരൂപത്തില്‍ എത്തിക്കുമ്പോള്‍ അതിന് ആസ്വാദകരേറി. പ്രമുഖരുടെ കഥാപ്രസംഗം ഉണ്ടെന്നറിഞ്ഞാല്‍ കിലോമീറ്ററുകളോളം നടന്ന് അത് കേട്ടാസ്വദിച്ചിരുന്ന ഒരു തലമുറഉണ്ടായിരുന്നു അവര്‍ക്ക് ഇന്നും കഥാപ്രസംഗമെന്ന് കേട്ടാല്‍ ഹരമാണ്. 

ആധുനികതയുടെ ടെലിവിഷനുകളുടെയും തള്ളികയറ്റം മറ്റു കലകളെ പോലെ കഥാപ്രസംഗത്തേയും വേദിയില്‍നിന്നും അകറ്റിതുടങ്ങി. എന്നാല്‍ പുതുതലമുറയെ കഥാപ്രസംഗ വേദിയിലേക്ക് ആകര്‍ഷിക്കാനുള്ള പൊടിക്കൈക്കളുമായാണ് അരുണിയമുടെ രംഗപ്രവേശം. പിതാവും പുത്രനും (പെരുന്തച്ചനും മകനും) തമ്മിലുള്ള സ്‌നേഹത്തിന്റെയും ദൃഢബന്ധത്തിന്റെയും കഥയാണ് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ അരുണിമ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. 

നിറഞ്ഞ സദസിലെ അവതരണം അരുണിമയുടെ ആത്മവിശ്വാസം കൂട്ടുക മാത്രമല്ല കഥാപ്രസംഗാവതരണത്തിന് പുതിയ ക്ഷണം ലഭിക്കുകയും ചെയ്തു. മലയാളി സമാജം ഉള്‍പെടെ അബുദാബിയിലെ അംഗീകൃത സംഘടനാ ആസ്ഥാനങ്ങളിലും അരുണിയുടെ കഥാപ്രസംഗം വൈകാതെ അരങ്ങേറും. നാല്‍പതു വര്‍ഷം കഥാപ്രസംഗ കലാ രംഗത്ത് നിറഞ്ഞുനിന്നിരുന്ന വടക്കേ മലബാറില്‍ കഥാപ്രസംഗത്തിന്റെ ആചാര്യ വിശേഷണം കുടിയുള്ള കാഥികന്‍ കെ എന്‍ കീപ്പേരിയുടെ ശിക്ഷണത്തിലാണ് അരുണിമ കഥാപ്രസംഗം അഭ്യസിച്ചത്. 

അഭിനയം, മലയാള ഭാഷാ പരിചയം, സംഗീതം അങ്ങനെ എല്ലാം ഒത്തിണങ്ങിയ ഒരു കലാസൃഷ്ടി എന്നതാണ് കഥാപ്രസംഗത്തില്‍ ആകൃഷ്ടയാകാന്‍ കാരണമെന്ന് അരുണിമ പറഞ്ഞു. സ്‌കൂളില്‍ മലയാളം പഠിപ്പിക്കുന്നില്ലെങ്കിലും കേരള സോഷ്യല്‍ സെന്റിലെ പ്രത്യേക ക്ലാസുകളിലൂടെയാണ് മലയാളത്തിന്റെ മാധുര്യം നുകരുന്നതെന്നും അരുണിമ പറഞ്ഞു. 

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയ ക്ലാസിക്കല്‍ നൃത്തരൂപങ്ങളിലും ചിട്ടയായ പരിശീലനം നടത്തുന്ന അരുണി മോണോ ആക്ട്, കരാട്ടെ എന്നിവയും അഭ്യസിക്കുന്നുണ്ട്. 

യുഎഇയില്‍ നടന്ന വിവിധ മത്സരങ്ങളിലായി നിരവധി സമ്മാനങ്ങളും ഈ ഇനങ്ങളില്‍ അരുണിമ കരസ്ഥമാക്കിയിട്ടുണ്ട്. അരുണിമയുടെ കഥാപ്രസംഗത്തിന് കുഞ്ഞി നീലേശ്വരം (ഹാര്‍മോണിയം), മുജീബ് മലപ്പുറം (തബല), സലീല്‍ മലപ്പുറം (കീബോര്‍ഡ്) എന്നിവര്‍ അകമ്പടിയേകി. പടിഞ്ഞാറ്റം കൊഴുവലിലെ ബിജു കൊട്ടാരത്തില്‍ (ലുലു ഗ്രൂപ്പ്) വിനീതയുടെയും മൂത്ത മകളാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.