Latest News

കോടികളുടെ നഷ്ടമുണ്ടാക്കിയതു മുതൽ വിശ്വാസവഞ്ചന വരെ; പ്ലാന്റേഷൻ കോർപറേഷൻ ജിഎമ്മിന് സസ്പെൻഷൻ

കാസർകോട്: കേരള പ്ലാന്റേഷൻ കോർപറേഷനിലെ ഓപ്പറേഷൻസ്, കമേഴ്സ്യൽ വകുപ്പുകളുടെ ജനറൽ മാനേജർ ജസ്റ്റസ് കരുണരാജനെ സസ്പെൻഡ് ചെയ്തു. 24 പേജുള്ള സസ്പെൻഷൻ ഉത്തരവിൽ 13 ഗുരുതര ആരോപണങ്ങളുണ്ട്. [www.malabarflash.com]

കോടികളുടെ നഷ്ടമുണ്ടാക്കിയതു മുതൽ വിശ്വാസവഞ്ചന വരെ ചുമത്തിയാണു നടപടി. ഫാക്ടറികളിൽ ഉൽപാദിപ്പിച്ച പുതിയ റബർ പഴയ സ്റ്റോക്കിനോടു ചേർത്തും പഴയതാണെന്നു തെറ്റിധരിപ്പിച്ചും വിറ്റ് 1.20കോടി നഷ്ടമുണ്ടാക്കിയെന്നാണു പ്രധാന ആരോപണം.

ഇഷ്ടക്കാർക്കു വിൽക്കാനായി റബർ വിൽപന വൈകിച്ചതു കാരണം മറ്റൊരു 1.20കോടി രൂപ നഷ്ടമായെന്നും ഉത്തരവിൽ പറയുന്നു.


2013ൽ കാസർകോട് കാഷ്യു പ്രോജക്ട് ജനറൽ മാനേജരായിരുന്നപ്പോൾ മൂന്നരക്കോടി രൂപയുടെ പ്ലാന്റേഷൻ ഭൂമി വില്ലേജ് ഓഫിസർമാരുമായി ചേർന്നു വ്യാജപട്ടയം ഉണ്ടാക്കി മറിച്ചുവിൽക്കാൻ സഹായിച്ച കുറ്റത്തിന് ജസ്റ്റസ് കരുണരാജനെതിരെ വിജിലൻസ് അന്വേഷണം നടന്നിരുന്നു.

എന്നാൽ അതു മറച്ചുവച്ച് ഓപ്പറേഷൻസ്, കമേഴ്സ്യൽ വകുപ്പുകളുടെ ചുമതല കൂടി കൈക്കലാക്കി. പുതുതായി വന്ന ചെയർമാനെയും എംഡിയെയും ഇത്തരത്തിൽ തെറ്റിദ്ധരിപ്പിച്ചതു സാമ്പത്തിക ലാഭത്തിനാണെന്നും ഉത്തരവിലുണ്ട്.

വിലകൂടിയ ഗ്രേഡ് റബർ കൊടുമണിലെ ഫാക്ടറി മാനേജരുമായി ചേർന്നു മറിച്ചുവിറ്റു, വില കുറഞ്ഞതിനു ടെൻഡർ വിളിച്ചിട്ട് കൂടിയ റബർ കരാറുകാരനു നൽകി, ഉൽപന്നങ്ങളുടെ വിലനിർണയ രേഖയിൽ ഫിനാൻസ് ഡയറക്ടറെ ഉൾപ്പെടുത്തിയില്ല, ലേലം പിടിച്ചിട്ടും വിലയടയ്ക്കാത്ത ഡീലർമാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താതെ ഒത്തുകളിച്ചു തുടങ്ങിയ ആരോപണങ്ങളും സസ്പെൻഷൻ ഉത്തരവിലുണ്ട്.

കാസർകോട് ആദൂർ ഡിവിഷനിലെ മുവ്വാർ ബ്ലേക്കിൽ 81.86 ഹെക്ടർ സ്ഥലത്ത് വിളനഷ്ടമുണ്ടായതായി തെറ്റിദ്ധരിപ്പിച്ചു, കുറഞ്ഞ വിലയിൽ കശുവണ്ടി വിൽപനയ്ക്കു ടെൻഡർ നൽകാൻ ആവശ്യപ്പെട്ടു. വൻതോതിൽ നടന്ന വിൽപന മറച്ചുവച്ചു, കുറഞ്ഞ തുകയ്ക്കു ക്വട്ടേഷൻ മറിച്ചുനൽകി, ഡീലർമാരുമായി ഒത്തുകളിച്ചു, പല ദിവസങ്ങളിലും ഓഫിസിലെത്താതെ ഒപ്പിട്ടു മുങ്ങി, ഉൽപന്നങ്ങൾ പേരു മാറ്റി വിൽക്കാൻ ശ്രമിച്ചു തുടങ്ങിയവയാണു മറ്റ് ആരോപണങ്ങൾ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.