• Latest News

    Friday, September 7, 2018

    കാണാതായ യുവാവിന്റെ മൃതദേഹം തമിഴ്​നാട്ടിൽ; രണ്ടുപേർ പിടിയിൽ
    Friday, September 7, 2018
    11:51:00 PM

    കൊല്ലം: പേരൂർ കൊറ്റങ്കരയിൽനിന്ന്​ കാണാതായ യുവാവിന്റെ മൃതദേഹം തമിഴ്​നാട്ടിൽ കണ്ടെത്തി. സംഭവത്തിൽ രണ്ടു പേരെ ഇരവിപുരം പോലീസ്​ പിടികൂടി.[www.malabarflash.com]

    യുവാവിനെ തട്ടിക്കൊണ്ടുപോയശേഷം കൊന്ന്​ തമിഴ്നാട്ടിലെ ആളൊഴിഞ്ഞ സ്ഥലത്തെ കുഴിയിൽ തള്ളുകയായിരുന്നെന്ന്​ പിടിയിലായവർ മൊഴിനൽകി. ഇതി​ന്റെ അടിസ്ഥാനത്തിൽ പോലീസ്​ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.

    കൊറ്റങ്കര അയ്യരുമുക്കിന് സമീപം പ്രോമിസ് ലാൻഡിൽ ജോൺസന്റെയും ട്രീസയുടെയും മകൻ രൻജു എന്ന രൻജിത് ജോൺസ​ന്റെ (40) മൃതദേഹമാണ്​കണ്ടെത്തിയത്. വീട്ടിൽ പ്രാവ്​ വളർത്തലും കച്ചവടവുമായി കഴിഞ്ഞിരുന്ന രൻജിത്തിനെ ആഗസ്​റ്റ്​ 15ന് വൈകീട്ട് മൂന്നരയോടെ ഒരു സംഘം കാറിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ഇയാളെക്കുറിച്ച് വിവരമില്ലാതായതോടെ ബന്ധുക്കൾ കിളികൊല്ലൂർ പോലീസിൽ പരാതി നൽകി.

    കൊല്ലം എ.സി.പിയുടെ മേൽനോട്ടത്തിൽ ഇരവിപുരം സി.ഐ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തി​ന്റെ  ചുരുളഴിഞ്ഞത്. മദ്യപിക്കാനെന്ന പേരിൽ കൊണ്ടുപോയ രൻജിത്തിനെ അന്നുതന്നെ ചാത്തന്നൂർ പോളച്ചിറ ഏലയിലെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച്​ കൊലപ്പെടുത്തി. രാത്രി എ​ട്ടോടെ മൃതദേഹം വഴിനാഗർകോവിൽ-തിരുനൽവേലി റോഡിലെ സമൂതപുരം പൊന്നാങ്കുടിയിലെ ക്വാറി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തെ കുഴിയിൽ ഉപേക്ഷിച്ചു. തുടർന്ന്​ പ്രതികൾ കുറ്റാലം വഴി മടങ്ങി.

    രൻജിത്തി​ന്റെ  മൊബൈൽ ഫോണിൽ അവസാനം വന്ന കാളുകൾ പരിശോധിച്ചാണ് രണ്ടുപേരെ പിടികൂടിയത്. മയ്യനാട് സ്വദേശി കൈതപ്പുഴ ഉണ്ണി, ചാമ്പക്കുളം സ്വദേശി വിനീഷ് എന്നിവരാണ് പിടിയിലായതെന്ന്​ അറിയുന്നു. ഇവരുടെ അറസ്​റ്റ്​ പിന്നീട്​ രേഖപ്പെടുത്തും. ഒരാൾ പ്രതികൾക്ക് സഹായം ചെയ്തതി​ന്റെ പേരിലാണ് പിടിയിലായത്. പ്രധാന പ്രതികളായ നാലുപേർക്കായി തിരച്ചിൽ ആരംഭിച്ചു.

    മൃതദേഹം ഇത്തിക്കരയാറ്റിൽ ഒഴുക്കിയെന്നായിരുന്നു പ്രതികളിലൊരാൾ പോലീസിനോട് പറഞ്ഞത്. വീണ്ടും ചോദ്യംചെയ്​തപ്പോൾ മൃതദേഹം തമിഴ്നാട്ടിലാണ് ഉപേക്ഷിച്ചതെന്ന്​ മൊഴി നൽകി. കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം അന്വേഷണ സംഘം പ്രതികളുമായി വെള്ളിയാഴ്​ച രാവിലെ തമിഴ്നാട്ടിലെത്തി മൃതദേഹം കണ്ടെത്തി.

    അഴുകിയനിലയിലായിരുന്ന മൃതദേഹത്തിലെ പച്ചകുത്തിയ പാടാണ് തിരിച്ചറിയാൻ വഴിയൊരുക്കിയത്. പോസ്​റ്റ്​മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

    ശനിയാഴ്ച രാവിലെ 10ന് പട്ടത്താനം ഭാരതരാജ്ഞി പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഒളിവിലുള്ള പ്രധാന പ്രതിക്ക് കൊല്ലപ്പെട്ട രൻജിത്തിനോടുണ്ടായിരുന്ന മുൻവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന്​ പോലീസ്​ പറയുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാണാതായ യുവാവിന്റെ മൃതദേഹം തമിഴ്​നാട്ടിൽ; രണ്ടുപേർ പിടിയിൽ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top