Latest News

ബിനു ആത്മഹത്യാഭീഷണി മുഴക്കി ഞാന്‍ തിരക്കഥയുണ്ടാക്കി: മീനു ഡിവൈഎസ്പിയുടെ കുശാഗ്രബുദ്ധി ക്ലൈമാക്‌സ് പൊളിച്ചു

ചിറ്റാരിക്കാല്‍: തട്ടിക്കൊണ്ടുപോകല്‍ നാടകമുണ്ടാക്കി കാമുകനോടൊപ്പം നാടുവിട്ട ചിറ്റാരിക്കാല്‍ വെള്ളടുക്കത്ത് ബൈക്ക് മോട്ടോര്‍ മെക്കാനിക്ക് കൈതവേലില്‍ മനുവിന്റെ ഭാര്യ മീനു പോലീസിന് നല്‍കിയ മൊഴി കാമുകന്‍ ബിനുവിനെ വെട്ടിലാക്കും.[www.malabarflash.com]  
ചെറുപുഴയില്‍ ഒരു കടയില്‍ സെയില്‍സ്‌ഗേളായിരിക്കെ കണ്ടുമുട്ടിയ ബിനു തന്നോട് പ്രണയ അഭ്യര്‍ത്ഥന നടത്തിയെന്നും പിന്നീട് നിരന്തരം ഫോണില്‍ വിളിച്ച് സൗഹൃദം പുലര്‍ത്തിയിരുന്നു എന്നുമാണ് മീനു നല്‍കുന്ന മൊഴി. താന്‍ കൂടെപ്പോയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ബിനു പറഞ്ഞതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന് തിരക്കഥയുണ്ടാക്കിയതെന്നും മീനു പറയുന്നു.
കുഞ്ഞിനെയും കൊണ്ട് കാമുകനോടൊപ്പം ഒളിച്ചോടിയാലുണ്ടാകുന്ന നാണക്കേടാണ് ഇത്തരമൊരു നാടകമുണ്ടാക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് നേരത്തേ നിശ്ചയിച്ചുറപ്പിച്ച പ്രകാരം കാറുമായെത്തിയ ബിനുവിനോടൊപ്പം കുഞ്ഞുമായി താന്‍ പോകാന്‍ നിര്‍ബന്ധിതയായതെന്നും മീനു മൊഴി നല്‍കി. തട്ടിക്കൊണ്ടുപോകല്‍ നാടകത്തിനായി മീനു നേരത്തേ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു.

വസ്ത്രങ്ങള്‍ മുറിക്കകത്ത് വാരിവലിച്ചിട്ടു. ചോറ്റുപാത്രം നിലത്തെറിഞ്ഞു. പിടിവലികളും പരിക്കും ഉണ്ടായെന്ന് ബോധ്യപ്പെടുത്താന്‍ രക്തമാണെന്ന് തോന്നിക്കാന്‍ തറയില്‍ ചാന്ത് തുള്ളികള്‍ ഉറ്റിച്ചു.
പിന്നീട് ചാന്ത് കഴുത്തില്‍ ഒഴിച്ച് സെല്‍ഫിയെടുത്ത് സൂക്ഷിച്ചുവെച്ചു. പിന്നീട് ഒന്‍പതുമണിയോടെ ബിനുവിനോടൊപ്പം കുഞ്ഞുമായി കാറില്‍ പുറപ്പെടുകയായിരുന്നു. തിരുവനന്തപുരത്തേക്കെത്തുകയായിരുന്നു ലക്ഷ്യം. വഴിയില്‍ നിന്ന് പിടികൂടാതിരിക്കാന്‍ ചന്തേര, ഉദിനൂര്‍, തൃക്കരിപ്പൂര്‍ വഴി പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. കാറുപേക്ഷിച്ച ശേഷം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ കയറിയതായും മീനു പോലീസിനോട് സമ്മതിച്ചു.
എന്നാല്‍ സംഭവമറിഞ്ഞ ഉടന്‍ സ്ഥലത്ത് കുതിച്ചെത്തിയ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി കെ സുധാകരന്റെ കുശാഗ്ര ബുദ്ധിയാണ് നാട്ടുകാരെയും പോലീസിനെയും മുള്‍മുനയില്‍ നിര്‍ത്തിയ നാടകത്തിന്റെ ക്ലൈമാക്‌സ് പൊളിച്ചത്. 

മീനുവിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി മുറിക്കകത്തുണ്ടായിരുന്ന ചുവന്ന പാടുകള്‍ ഷൂസുകൊണ്ട് ഉരച്ചുനോക്കിയപ്പോള്‍ തന്നെ രക്തമല്ലെന്ന് തിരിച്ചറിഞ്ഞു.
പത്തു മണിയോടെ ഭര്‍ത്താവ് മനുവിന്റെ മൊബൈല്‍ ഫോണിലേക്ക് അയച്ച കഴുത്തില്‍ ചോരത്തുള്ളുകളുള്ള ചിത്രം വ്യാജമാണെന്ന് തിരിച്ചറിയുകയും ചെയ്തു. സെല്‍ഫി എടുത്ത ഫോട്ടോ ഭര്‍ത്താവിന് അയച്ചുകൊടുത്തതും ഡിവൈഎസ്പിക്ക് സംശയമുണ്ടാക്കി. ഈ ചിത്രം അയച്ചുകൊടുത്തതിന് ശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്തതും സംശയത്തിന്റെ ആക്കം കൂട്ടി.
പത്തു മണിക്ക് തന്നെ ആക്രിക്കച്ചവടക്കാര്‍ ആക്രമിക്കുന്നു എന്ന് ഭര്‍ത്താവിനെ വിളിച്ചു പറയുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ മീനു കാമുകനോടൊപ്പം സ്ഥലം വിട്ടിരുന്നു. പോലീസ് നിരന്തരം മീനുവിന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയതിനാല്‍ കണക്ഷന്‍ കിട്ടിയില്ല.
ഒടുവില്‍ പത്തു മണിക്ക് മൊബൈല്‍ ഫോണ്‍ ഓണായപ്പോള്‍ ടവര്‍ ലൊക്കേഷന്‍ ഉദിനൂരാണെന്ന് കണ്ടെത്തി. ഉടന്‍ തന്നെ ഇവര്‍ തീവണ്ടി മാര്‍ഗം രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ ഡിവൈഎസ്പി റെയില്‍വേ പോലീസിന് വിവരം നല്‍കുകയും മീനുവിന്റെയും കുഞ്ഞിന്റെയും ഫോട്ടോ അയച്ചുകൊടുക്കുകയും ചെയ്തു.
അപ്പോഴേക്കും ഇന്റര്‍സിറ്റി പയ്യന്നൂര്‍ വിട്ടുകഴിഞ്ഞിരുന്നു. ഒടുവില്‍ ഇന്റര്‍സിറ്റി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ റെയില്‍വേ പോലീസും ലോക്കല്‍ പോലീസും തീവണ്ടി വളഞ്ഞ് പരിശോധിച്ചപ്പോള്‍ മീനുവിനെയും കുഞ്ഞിനെയും ബിനുവിനെയും കണ്ടെത്തുകയായിരുന്നു.
പിന്നീട് ചിറ്റാരിക്കാല്‍ പോലീസെത്തി മൂവരെയും കസ്റ്റഡിയിലെടുത്ത് നാട്ടിലേക്ക് കൊണ്ടുവന്നു.
ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയി എന്ന മീനുവിന്റെ ഭര്‍ത്താവ് മനുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിറ്റാരിക്കാല്‍ പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബിനുവിനെയും മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി രേഖപ്പെടുത്താന്‍ മീനുവിനെയും ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.