• Latest News

    Monday, August 20, 2018

    കതിർമണ്ഡപത്തിൽ നിന്നും കാരുണ്യത്തിന്റെ സ്വർണ്ണവള
    Monday, August 20, 2018
    12:10:00 AM

    ഉദുമ: കാരുണ്യ പ്രവർത്തനത്തിന് സാക്ഷ്യം വഹിച്ച് കതിർ മണ്ഡപം. ഞായറാഴ്ച പാലക്കുന്ന് മാഷ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ വേദിയാണ് പ്രളയ ദുരിതത്തിൽ കഴിയുന്ന കേരളീയ ജനതയ്ക്ക് കൈത്താങ്ങായത്.[www.malabarflash.com]

    വധു വരൻമാർ വിവാഹ ആഭരണത്തിൽ നിന്നും നിറഞ്ഞ മനസ്സോടെ രണ്ടരപവന്റെ സ്വർണ്ണവള വധുവിന്റെ കൈയ്യിൽ നിന്നും ഊരി നൽകുകയായിരുന്നു. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് സ്വരൂപിക്കുന്ന കാരുണ്യ നിധിയിലേക്ക് കതിർ മണ്ഡപത്തിൽ വെച്ച് തന്നെ സ്വർണ്ണവള ലയൺസ് ക്ലബ് ഭാരവാഹികൾക്ക് കൈമാറി.

    നവദമ്പതികളുടെ തീരുമാനത്തെ നിറഞ്ഞ കയ്യടികളുടെയാണ് വിവാഹ വേദിയിലെത്തിയ ബന്ധുമിത്രാദികളും നാട്ടുകാരും സ്വീകരിച്ചത്. കേരളം മുഴുവൻ ദുരിതബാധിതർക്കൊപ്പം നിൽക്കുമ്പോൾ ഞങ്ങളും അവരോടൊപ്പം ചേരുകയാണെന്ന് വധൂവരൻമാരായ പ്രസാദും, അശ്വതിയും പറഞ്ഞു. വധൂവരൻമാരുടെ തീരുമാനത്തെ രണ്ട് പേരുടെയും മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

    ഉദുമ മുക്കുന്നോത്ത് ബാര ചവോക്ക് വളപ്പിൽ ദാമോദരൻ - പുഷ്പ ദമ്പതികളുടെ മകൻ പ്രസാദ് ദാമോദരന്റെയും ഉദുമ പടിഞ്ഞാർ ജന്മാ കടപ്പുറത്തെ അശ്വതി നിവാസിലെ കെ.കൃഷ്ണൻ - ശ്യാമള ദമ്പതികളുടെ മകൾ അശ്വതിയുടെയും വിവാഹമായിരുന്നു ഞായറാഴ്ച നടന്നത്. പ്രസിഡണ്ട് സുകമാരൻ പൂച്ചക്കാടിന്റെ മരുമകളാണ് വധു അശ്വതി.

    ലയൺസ് സോൺ ചെയർപേഴ്സൺ കെ.ദിനേശ്കുമാർ, ബേക്കൽ ഫോർട്ട് ലയൺസ് ഭാരവാഹികളായ സുകുമാരൻ പൂച്ചക്കാട്, പ്രകാശൻ മാസ്റ്റർ, ഷൗക്കത്തലി, അൻവർ ഹസ്സൻ, ഹാറൂൺ ചിത്താരി, ഖാലിദ് പാലക്കി, അബ്ദുൽ നാസ്സർ, നൗഷാദ് ഗസൽ, ഗോവിന്ദൻ നമ്പൂതിരി മാസ്റ്റർ, എം.എ ബഷീർ ചിത്താരി എന്നിവർ ഏറ്റുവാങ്ങി. 

    സ്വർണ്ണവള ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രളയബാധിത മേഖലയിൽ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തന ഫണ്ടിൽ ഉൾപ്പെടുത്തുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കതിർമണ്ഡപത്തിൽ നിന്നും കാരുണ്യത്തിന്റെ സ്വർണ്ണവള Rating: 5 Reviewed By: UMRAS vision
    Scroll to Top