• Latest News

  Tuesday, August 21, 2018

  അച്ഛന്‍ നല്‍കിയ ഒരേക്കര്‍ സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി സ്‌കൂള്‍ വിദ്യാര്‍ഥിനി
  Tuesday, August 21, 2018
  1:40:00 AM

  പയ്യന്നൂര്‍: ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ പൊരുതുകയാണ് കേരളം. ഉള്ളതെല്ലാം നഷ്ടപ്പെട്ട് ഒരു ജനതയൊന്നാതെ ദുരിതക്കയത്തില്‍ മുങ്ങിത്താഴുന്ന കാഴ്ചകളാണ് ചുറ്റിലും. നിരന്തരം ഈ കാഴ്ചകള്‍ ചുറ്റിലും കണ്ടുകൊണ്ടിരിക്കുന്ന പയ്യന്നൂര്‍ ഷേണായി സ്മാരക സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സ്വാഹ ആ തീരുമാനം എടുത്തു.[www.malabarflash.com]

  തനിക്കും എന്തെങ്കിലും ചെയ്യണം. അച്ഛന്‍ തനിക്കും കുഞ്ഞനുജനുമായി നല്‍കിയ ഒരേക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനായിരുന്നു അവളുടെ തീരുമാനം. അവള്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി. 'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൊച്ച് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു. അച്ഛന്‍ എനിക്കും കുഞ്ഞനുജനുമായി നല്‍കിയ ഒരേക്കര്‍ സ്ഥലം ഞങ്ങള്‍ സംഭാവന നല്‍കുന്നു.'

  സാമൂഹിക മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത പുറംലോകത്തെത്തിയപ്പോള്‍ ഞെട്ടലോടുകൂടിയാണ് മലയാളികള്‍ അതിനെ സ്വീകരിച്ചത്. ഒരു തുണ്ട് ഭൂമിക്ക് വേണ്ടി പോലും അക്രമങ്ങള്‍ നടക്കുന്ന നാട്ടില്‍ ഈ കൊച്ച് കുട്ടിയുടെ മനുഷ്യ സ്‌നേഹത്തിന് മുന്നില്‍ തോറ്റുപോകുന്നെന്ന് പലരും കുറിച്ചു. 

  പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ കൃഷിക്കാരനായ ശങ്കരന്റെയും വിധുബാലയുടെയും മകള്‍ സ്വാഹയും അനിയന്‍ ബ്രഹ്മയുമാണ് തങ്ങള്‍ക്കായി അച്ഛന്‍ സ്വരുക്കൂട്ടിയ ഒരേക്കര്‍ സ്ഥലം സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്. തന്റെ മക്കളുടെ ആഗ്രഹത്തിന് പൂര്‍ണ പിന്തുണയുമായി അച്ഛന്‍ ശങ്കരനുമുണ്ട്.

  പയ്യന്നൂര്‍ ചെറുപുഴ റൂട്ടില്‍ മാത്തിലിനടുത്ത് പാരമ്പര്യമായി കിട്ടിയ ഒരേക്കര്‍ സ്ഥലത്തിന് മാര്‍ക്കറ്റില്‍ ഇപ്പോള്‍ 50 ലക്ഷം രൂപ വില വരും. ഇത്രയും പേര്‍ കഷ്ടപ്പെടുമ്പോള്‍ ഞങ്ങളും എന്തെങ്കിലും ചെയ്യണ്ടേ എന്നാണ് സ്വാഹയും ബ്രഹ്മയും ചോദിക്കുന്നത്. 

  കേരളം മുഴുവന്‍ തങ്ങളുടെ ഈ സംഭാവനയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും അഭിനന്ദന പ്രവാഹങ്ങള്‍ ഉയരുമ്പോഴും ഒരു വലിയ കാര്യം ചെയ്ത ഭാവമൊന്നും ഈ കുട്ടികളിലില്ല. മക്കള്‍ക്ക് അങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കില്‍ നടക്കട്ടെ എന്നാണ് അച്ഛന്‍ ശങ്കരന്റെ നിലപാട്.

  ഒമ്പതാം ക്ലാസ് വരെ പഴയ സംസ്‌കൃതം വിദ്വാനായ അച്ഛനാണ് സ്വാഹയെയും ബ്രഹ്മയെയും പഠിപ്പിച്ചത്. പിന്നീട് ഷേണായ് സ്മാരക സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നു. പത്താം ക്ലാസില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ സ്വാഹ പഠിക്കാനും മിടുക്കിയാണെന്നാണ് അധ്യാപകരുടെ പക്ഷം. 

  സ്വാഹയും ബ്രഹ്മയും ചേര്‍ന്നെഴുതിയ കത്ത് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. അതേസമയം ഈ സ്ഥലം സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിലുള്ള സാങ്കേതിക തടസ്സങ്ങള്‍ നീക്കുമെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. ഉരുള്‍ പൊട്ടലിലും മറ്റും വീടും സ്ഥലവും നഷ്ടപ്പെട്ടവട്ടവരെ ഇങ്ങോട്ട് പുനരധിവാസം നടത്താനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

  കോടതി വ്യവഹാരം മൂലം ഈ സ്ഥലത്തിന് 1993 മുതല്‍ നികുതി സ്വീകരിച്ചിരുന്നില്ല. എന്നാല്‍ എത്രയും പെട്ടെന്ന് ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച് നികുതി സ്വീകരിക്കാനും ഈ സ്ഥലം ഏറ്റെടുക്കാനുമുള്ള നടപടികള്‍ ഏറ്റെടുത്തതായി വില്ലേജ് ഓഫീസര്‍ അറിയിച്ചു.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: അച്ഛന്‍ നല്‍കിയ ഒരേക്കര്‍ സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി സ്‌കൂള്‍ വിദ്യാര്‍ഥിനി Rating: 5 Reviewed By: UMRAS vision
  Scroll to Top