പെരളശ്ശേരി മൂന്നുപെരിയയിലെ കൃഷ്ണ നിവാസിൽ റിഷാബ് (27), അലവിൽ അഷിയാന വീട്ടിൽ സഫ്വാൻ (26), കക്കാട് കുഞ്ഞിപ്പള്ളി സുബൈദ മൻസിലിൽ മുഹമ്മദ് ഇർഫാൻ (23) എന്നിവരെയാണ് ടൗൺ എസ്.ഐ ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ്ചെയ്തു.
ബുധനാഴ്ച രാത്രി 8.30ഒാടെ കണ്ണൂർ പോലീസ് മൈതാനിയിലാണ് സംഘം പിടിയിലായത്. ഇവിടെ നടക്കുന്ന ഓണം ഫെയറിൽ ബക്രീദ് ദിനമായതിനാൽ നല്ല തിരക്കായിരുന്നു. മൈതാനത്തിന്റെ കവാടത്തിൽ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവനചെയ്യുക എന്ന് പേപ്പറിൽ എഴുതിയൊട്ടിച്ച രണ്ട് ബക്കറ്റുമായി മൂവർസംഘം പിരിവ് നടത്തുകയായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ എസ്.ഐയും സംഘവും സ്ഥലത്തെത്തി. പോലീസിനെ കണ്ടപാടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ബക്കറ്റിൽനിന്ന് 3540 രൂപ കണ്ടെടുത്തു.
പത്തോളം പിടിച്ചുപറി, മോഷണക്കേസുകളിൽ പ്രതിയാണ് റിഷാബ്. കഞ്ചാവ് കേസ് ഉൾെപ്പടെ നിരവധി കേസുകളിൽ സഫ്വാൻ പ്രതിയാണ്. സമാനരീതിയിൽ പലരും ഇത്തരം ബക്കറ്റ്പിരിവ് നടത്തുന്നതായി രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ല പോലീസ് മേധാവി അറിയിച്ചു.
No comments:
Post a Comment