Latest News

നിധി മോഹിപ്പിച്ച് വീട്ടമ്മയിൽനിന്ന് 82 ലക്ഷം രൂപ തട്ടി, വ്യാജസിദ്ധൻ പിടിയിൽ

മണ്ണാർക്കാട്: വീട്ടിലെ നിധിയെടുത്തു നൽകാമെന്നു പറഞ്ഞ് 82 ലക്ഷം രൂപ തട്ടിയ വ്യാജ സിദ്ധൻ പിടിയിൽ. ചെർപ്പുളശ്ശേരി നെല്ലായ മഞ്ഞാലിങ്കൽ അബ്ദുൽ അസീസിനെയാണു(62) മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. [www.malabarflash.com]

പയ്യനെടത്തെ വീട്ടമ്മയോട്, അവരുടെ വീട്ടിൽ നിധിയുണ്ടെന്നും അതെടുക്കണമെങ്കിൽ മന്ത്രവാദം നടത്തണമെന്നും പറഞ്ഞാണു രണ്ടു വർഷത്തിനിടെ പണം തട്ടിയത്.

മലപ്പുറം ജില്ലയിലെ കൽപ്പകഞ്ചേരിയിലെ 30 സെന്റ് സ്ഥലവും വീടും വിറ്റു കിട്ടിയ 35 ലക്ഷവും കൃഷി സ്ഥലം വിറ്റ 14 ലക്ഷവും വളവന്നൂരിലെ സ്ഥലം വിറ്റ 22 ലക്ഷവും ആഭരണങ്ങൾ വിറ്റു കിട്ടിയ ആറു ലക്ഷവും കടം വാങ്ങിയ അഞ്ചു ലക്ഷവും ഉൾപ്പടെ 82 ലക്ഷം രൂപ നൽകിയെന്നാണു വീട്ടമ്മയുടെ പരാതി.

മന്ത്രവാദം ഫലിക്കാതെ വന്നപ്പോൾ നാലു കോടി രൂപ വിലയുണ്ടെന്നു പറഞ്ഞു വൈരക്കല്ലു നൽകി. ഇതു കോഴിക്കോട്ടു വിൽക്കാൻ കൊണ്ടു ചെന്നപ്പോഴാണു തട്ടിപ്പു മനസിലായത്. ഇതോടെ അബ്ദുൽ അസീസിനെ ചോദ്യം ചെയ്തപ്പോൾ ആരോടും പറയരുതെന്നു പറഞ്ഞ് 20 ലക്ഷം രൂപ വീതം തുകയെഴുതിയ നാലു ചെക്കുകൾ നൽകി. ഇതു ബാങ്കിൽ നൽകിയപ്പോൾ ഒപ്പു യോജിക്കാതെ മടങ്ങി. ഇതേത്തുടർന്നാണു പരാതി നൽകിയത്.

കൃത്യമായ ഇടവേളകളിൽ നിശ്ചിത മന്ത്രവാദ കർമം നടത്തണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം ആവശ്യമായ സാധനങ്ങളുടെ പട്ടികയും നൽകുമായിരുന്നു. ഇതിൽ മിക്കവയും വാങ്ങാൻ കിട്ടാത്തവയായതിനാൽ സാധനങ്ങൾ താൻ തന്നെ സംഘടിപ്പിക്കാമെന്നു പറഞ്ഞു പണം വാങ്ങുകയായിരുന്നു പതിവ്. മന്ത്രവാദം നടത്തിയ ശേഷവും പണം വാങ്ങിയിരുന്നു.

പരാതി നൽകിയ കുടുംബം ഇപ്പോൾ കോട്ടയ്ക്കലിലാണു താമസം. വ്യാജ സിദ്ധൻ നിലമ്പൂരിലും ചെർപ്പുളശ്ശേരിയിലുമായാണു താമസം. സിഐ ടി.പി. ഫർഷാദ്, എസ്ഐ വിപിൻ കെ. വേണുഗോപാൽ, സീനിയർ സിപിഒമാരായ നാസർ, രാജൻ, സിപിഒ നവാസ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.