• Latest News

  Wednesday, August 22, 2018

  ദുരിതകാഴ്‌‌‌‌ച്ചകളില്‍ തളരരുത്, കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാരുണ്ടാകും; ഏത് പ്രതിസന്ധിയെയും നാം അതിജീവിക്കും: മുഖ്യമന്ത്രി
  Wednesday, August 22, 2018
  11:48:00 PM

  തിരുവനന്തപുരം: പ്രളയക്കെടുതിക്ക് ശേഷം വീടുകളിലേക്ക് മടങ്ങിചെല്ലുമ്പോള്‍ കാണുന്ന കാഴ്ച്ചകളില്‍ ആരും തളര്‍ന്നുപോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.[www.malabarflash.com] 

  ചോരനീരാക്കി അധ്വാനിച്ച് കെട്ടിപ്പടുത്തതെല്ലാം തകര്‍ന്നുപോയ കാഴ്‌ചയാണ് പലയിടത്തുമുള്ളത്. ഇത്തരം ദുരിത കാഴ്ചകളില്‍ തളര്‍ന്നുപോകരുത്. അവയെല്ലാം പുനര്‍നിര്‍മ്മിക്കാന്‍ നമുക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  ദുരിതങ്ങളില്‍ തളര്‍ന്നുപോവുകയല്ല, അതിനെ അതിജീവിക്കാന്‍ കരുത്തുള്ളവരായി നാം മാറണം. അതിനായുള്ള പാക്കേജുകള്‍ രൂപപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ ദുരിതങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാനല്ല, അതില്‍നിന്ന് അവരെ കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാരുണ്ടാകും. ഏതു പ്രതിസന്ധിയേയും അതിജീവിച്ചുതന്നെ നാം മുന്നേറും. ചരിത്രത്തിന്റെ താളുകളില്‍ കേരളത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിതമായി ഇത് മാറുകതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

  ദുരന്തത്തിനെ അതിജീവിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് നമ്മുടെ സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടമാണിത്. ജനങ്ങളെ താമസസ്ഥലത്തേക്ക് എത്തിക്കുന്നതിനായി കേരളം കിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും ബഹുജനങ്ങളുമെല്ലാം അത്തരം പ്രവര്‍ത്തനങ്ങളിലേക്ക് മുഴുകിനില്‍ക്കുകയാണ്. 

  ഈ ഐക്യവും യോജിപ്പും നിലനിര്‍ത്തി മുന്നേറുന്നതിനുള്ള നിലപാടുകളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിന് എല്ലാവിധത്തിലുമുള്ള പിന്തുണ ജനങ്ങളില്‍നിന്ന് ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

  സര്‍വ്വകക്ഷി യോഗം
  ഇത്തരം യോജിപ്പ് കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തത്. പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതും ഇതിന്റെ ഭാഗമാണ്. സര്‍വ്വകക്ഷി യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ടികളുടെ പ്രതിനിധികള്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനത്തിന് എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്. ചില നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.
  പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയുമാണ് യോഗത്തിലുണ്ടായത്. ഈ പിന്തുണയെ സര്‍ക്കാര്‍ വിലമതിക്കുന്നു.

  ദുരിതാശ്വാസ ക്യാമ്പുകള്‍ ജനങ്ങളെ യോജിപ്പിച്ചു നിര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകുന്ന ഒന്നാവണമെന്ന് പൊതുവില്‍ അഭിപ്രായം ഉയര്‍ന്നുവരികയും ചെയ്തിരുന്നു. കക്ഷിരാഷ്ട്രീയത്തിലതീതമായി ക്യാമ്പുകളുടെ പ്രവര്‍ത്തനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളെ സര്‍വകക്ഷിയോഗം ശ്ലാഘിക്കുകയും ചെയ്തിട്ടുണ്ട്.


  സഹായങ്ങളുടെ നില
  നമ്മുടെ ഈ പ്രയാസകരമായ അവസ്ഥയെ ജനങ്ങളുടെ കൂട്ടായ്മയുടെയും സഹായങ്ങളുടെയും അടിസ്ഥാനത്തില്‍ നാം അതിജീവിക്കുകതന്നെ ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായസന്നദ്ധരായി നില്‍ക്കുന്ന ജനത നമുക്ക് തണല്‍ തന്നെയാണ്. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നമുക്ക് സഹായ ഹസ്തവുമായി മുന്നില്‍ നില്‍ക്കുന്നുണ്ട്. 

  146 കോടി ഇതിനകം തന്നെ ഈ വകയില്‍ നമുക്ക് ലഭിക്കുന്ന സാഹചര്യമുണ്ട്. ഇതിനു പുറമെ, ഛത്തീസ്ഗഢ്, ആന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ഭക്ഷ്യധാന്യങ്ങള്‍ നമുക്ക് സംഭാവന ചെയ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

  ചില അവിസ്‌മരണീയ സംഭവങ്ങള്‍
  മനുഷ്യസ്‌നേഹത്തിന്റെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ വിരിയുന്ന നിരവധി സംഭവങ്ങള്‍ ഇതിനിടയില്‍ തെളിഞ്ഞുവന്നിട്ടുണ്ട്. തങ്ങളുടെ ഭൂമി തന്നെ സംഭാവന ചെയ്യാമെന്ന് പറഞ്ഞ കൊച്ചുകുട്ടികള്‍, സ്വന്തമായി ഒരു സൈക്കിള്‍ എന്ന സ്വപ്നത്തിനായി ഒരുക്കുകൂട്ടിയ തുക ദുരിതാശ്വാസത്തിനായി നീക്കിവച്ച പുതിയ തലമുറയെയും നാം കാണുകുണ്ടായി. 

  സമ്പാദ്യപ്പെട്ടി മുഴുവന്‍ ഇതിനായി നീക്കിവച്ച് തങ്ങളുടെ വിശാലമനസ്സ് ലോകത്തിനു മുമ്പില്‍ തുറന്നുവച്ച കുട്ടികളും നിരവധിയാണ്. സ്വര്‍ണ്ണാഭരണങ്ങള്‍ ഊരി നല്‍കിയവരും ഇതിലുണ്ട്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ അവരവര്‍ക്ക് തന്നാലായത് എന്ന നിലയില്‍ സഹായഹസ്‌തവുമായി മുന്നോട്ടുവരികയാണ്.

  രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഭാവനകള്‍ നമുക്ക് തണലാവുകയാണ്. ഗൃഹപ്രവേശനത്തിനും വിവാഹസല്‍ക്കാരത്തിനും അതുപോലുള്ള ജീവിതത്തിലെ സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ക്കുമായി നീക്കിവച്ച തുക സംഭാവന ചെയ്തവരും സാഹോദര്യ സ്‌നേഹത്തിന്റെ പുതിയ പാഠങ്ങളാണ് നമുക്കു മുമ്പില്‍ അവതരിപ്പിച്ചത്.

  കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍, തൊഴിലാളികള്‍, വ്യവസായികള്‍, വിവിധ തരത്തിലുള്ള സംരംഭങ്ങള്‍ നടത്തുന്നവര്‍, ഐ.ടി കമ്പനികളില്‍ പ്രവര്‍ത്തിക്കുന്നവര്‍, പല കാരണങ്ങളാല്‍ നമ്മുടെ നാടുവിട്ട് പുറത്തുപോയി ജീവിക്കേണ്ടിവന്നവര്‍, അങ്ങനെ ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ കേരളജനതയെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുകയാണ്.

  ഇന്ന് നടന്ന ഇന്ത്യഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞത് ഈ വിജയം കേരളത്തിലെ ദുരിതബാധിതര്‍ക്കായി സമര്‍പ്പിക്കുന്നു എന്നാണ്. ഇംഗ്ലണ്ടിലെ വിജയത്തിന്റെ ഘട്ടത്തിലും കേരളീയരെ ഓര്‍ത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ഈ സര്‍ക്കാരിനുവേണ്ടി അഭിവാദ്യം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

  ലോകം സ്‌നേഹത്താല്‍ നമ്മെ വീര്‍പ്പുമുട്ടിക്കുമ്പോള്‍ ആ സ്‌നേഹം യോജിപ്പോടെ നിന്ന് നമുക്ക് ഏറ്റുവാങ്ങാനാവണം. അത്തരം സ്‌നേഹമുണ്ടെങ്കില്‍, സമര്‍പ്പണമുണ്ടെങ്കില്‍ നാം ഇതിനെ അതിജീവിക്കുകതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ദുരിതകാഴ്‌‌‌‌ച്ചകളില്‍ തളരരുത്, കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാരുണ്ടാകും; ഏത് പ്രതിസന്ധിയെയും നാം അതിജീവിക്കും: മുഖ്യമന്ത്രി Rating: 5 Reviewed By: UMRAS vision
  Scroll to Top