Latest News

വെള്ളരിക്കുണ്ട് ആർ ടി ഒ ഓഫീസ് പ്രവർത്തനം അനിശ്ചിതത്വത്തില്‍

വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് താലൂക്കിൽ അനുവദിച്ച ആർ ടി ഒ ഓഫീസ് പ്രവർത്തനം അനിശ്ചിതത്വത്തില്‍. ഓഫീസ് ആരംഭിക്കാന്‍ വൈകുന്നത് കാരണം ജോയിന്‍റ് ആർ.ടി.ഒ. ഉൾപ്പെടെ എട്ട് പേർക്ക് അഞ്ച് മാസമായി ശമ്പളം ലഭിക്കുന്നില്ല.[www.malabarflash.com] 

കാസർകോട് വെള്ളരിക്കുണ്ട് ആർ.ടി.ഒ.ഓഫീസിന്‍റെ പ്രവർത്തനമാണ് ആസ്ഥാന തർക്കത്തെ തുടർന്ന് വൈകുന്നത്. സംസ്ഥാനത്ത് പുതുതായി അനുവദിച്ച ആറ് ആർ.ടി.ഒ.സബ്ബ് ഓഫീസിൽ ഒന്നാണ് വെള്ളരിക്കുണ്ടിലേത്. ഇതിൽ ഇരിട്ടി, കാട്ടാക്കട, തൃപ്രയാർ, പേരാമ്പ്ര, നെന്മണ്ട എന്നിവിടങ്ങളിൽ ആർ.ടി.ഒ.ഓഫീസുകൾ ഇതിനകം പ്രവർത്തനം തുടങ്ങിയെങ്കിലും വെള്ളരിക്കുണ്ട് സബ്ബ് ആർ.ടി.ഒ. രാഷ്ട്രീയ പാർട്ടികളുടെ പിടിവാശി കാരണം സര്‍ക്കാര്‍ ഉത്തരവില്‍ ഒതുങ്ങിയിരിക്കുകയാണ്.

2018 ഫെബ്രുവരിയിലാണ് കാസർകോട് വെള്ളരിക്കുണ്ടിൽ സബ്ബ് ആർ.ടി.ഒ.അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ഇതിനെ തുടർന്ന് കാഞ്ഞങ്ങാട് ആർ.ടി.ഒ.മോട്ടോർ വൈഹിക്കിള്‍ ഇൻസ്പെക്റ്ററായിരുന്ന കെ.ഭരതനെ പ്രമോഷൻ നൽകി സർക്കാർ വെള്ളരിക്കുണ്ട് ജോയിന്‍റ് ആർ.ടി.ഒ.ആയി നിയമിച്ചിരുന്നു. വൈകാതെ ഒരു വാഹനം ഉൾപ്പടെ ഒരു എം.വി.ഐ, രണ്ട് എ.എം.വി.ഐ, മൂന്ന് ക്ലാർക്ക്, ഒരു ടൈപിസ്റ്റ് എന്നിവരെയും വെള്ളരിക്കുണ്ട് ആർ.ടി.ഒ ഓഫീലിലേക്കായി അനുവദിച്ചു. ബിരിക്കുളം പുലിയം കുളത്തുള്ള സർക്കാർ ഭൂമിയിൽ ടെസ്റ്റ്‌ ഗ്രൗണ്ടും താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിൽ ആർ.ടി.ഒ.ഓഫീസും എന്ന നിലയിലായിരുന്നു പ്രാരംഭ പ്രവർത്തനം.

ഇതിനായി വെള്ളരിക്കുണ്ടിലെ സ്വാകര്യ വ്യക്തിയുടെ കെട്ടിടം ഓഫീസിനായി കണ്ടെത്തുകയും ഇതിൽ ഓഫീസ് സംവിധാനങ്ങൾക്കുള്ള ഇന്‍റീരിയൽ ജോലികൾ ചെയ്യാൻ ജോയിന്‍റ് ആർ.ടി.ഒ.ഭരതൻ നിർമ്മിതിയുമായി കരാർ ഉണ്ടാക്കുകയും ചെയ്തിരുന്നു. 8-5-2018 നായിരുന്നു കരാർ ഒപ്പിട്ടത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ വെള്ളരിക്കുണ്ട് ആർ.ടി.ഒ.ഓഫീസിന്‍റെ തുടർ ജോലികൾ നിർത്തിവെക്കാൻ ട്രാൻസ്‌പോർട് കമ്മീഷണറുടെ ഓഫീസിൽ നിന്നും നിർദ്ദേശം വന്നു. ആദ്യ നിർദ്ദേശം ഫോണിലും പിന്നീട് 22.5.2018 ന് ആർ.ടി.ഒ. ഓഫീസിന്‍റെ പ്രവർത്തങ്ങൾ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ആരംഭിക്കേണ്ടതില്ല എന്ന ഔദ്യോഗീക അറിയിപ്പ് രേഖാമൂലവും വെള്ളരിക്കുണ്ട് ജോയിന്‍റ് ആർ.ടി.ഒയ്ക്ക് ലഭിച്ചു. ഇതോടെ കെ.എൽ. 79 എന്ന വെള്ളരിക്കുണ്ട് ആർ.ടി.ഒ.സബ്ബ് ഓഫീസ് ഉത്തരവില്‍ മാത്രം ഒതുങ്ങി. ഓഫീസ് പ്രവർത്തനമാരംഭിച്ച് ബാർകോഡ് സിസ്റ്റം ട്രഷറി ഓഫീസർക്ക് കൈമാറാത്തതിനാല്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും മുടങ്ങി.

കിനാനൂർ കരിന്തളം പഞ്ചായത്തിലെ പരപ്പയിലാണ് ആദ്യം ആർ.ടി.ഒ. ഓഫീസിന് സ്ഥലം കണ്ടെത്തിയത്. സ്ഥലം സന്ദർശിച്ച അന്നത്തെ ആർ.ഡി.ഒ. പരപ്പയാണ് ആർ.ടി.ഒ.ഓഫീസിന് അനുയോജ്യമെന്ന് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാല്‍ വെള്ളരിക്കുണ്ടില്‍ മിനി സിവില്‍ സ്റ്റേഷനുള്ള സാദ്ധ്യതയുള്ളതിനാല്‍ എല്ലാം ഒരു സ്ഥലത്ത് ആരംഭിക്കുന്നത് ഉചിതമാകുമെന്ന തീരുമാനത്തില്‍ കളക്ടര്‍ ആര്‍ ടി ഒയ്ക്ക് വെള്ളരിക്കുണ്ടില്‍ സ്ഥലം അനുവദിക്കുകയായിരുന്നു. 

എന്നാല്‍ ഓഫീസ് പരപ്പയിൽ തന്നെ വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇതിന് സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടായിരുന്നു. ഇതിനിടെ ഓഫീസ് വെള്ളരിക്കുണ്ടിൽ വേണമെന്ന ആവശ്യവുമായി സർവ്വകക്ഷി സംഘവും രംഗത്തെത്തി. 

ആസ്ഥാനത്തർക്കം മുറുകുമ്പോൾ സ്ഥലം എം.എൽ.എ.കൂടിയായ
റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ തീരുമാനം മുഖ്യമന്ത്രി കൈകൊള്ളുമെന്ന നിലപാടിലാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.