Latest News

മലയാള ഹാസ്യകവിതാകുലപതി കവി ചെമ്മനം ചാക്കോ അന്തരിച്ചു

കൊച്ചി: കവി ചെമ്മനം ചാക്കോ കൊച്ചിയിൽ അന്തരിച്ചു. 92 വയസായിരുന്നു. കോലഞ്ചേരി എളൂർ കുടുംബാംഗം ബേബിയാണ് ഭാര്യ. മക്കൾ: ഡോ. ജയ(യുകെ), ഡോ. ശോഭ. മരുമക്കൾ: ഡോ. ചെറിയാൻ വർഗീസ്(യുകെ), ഡോ. ജോർജ് പോൾ. സംസ്കാരം പിന്നീട്.[www.malabarflash.com]

കേരളസാഹിത്യ അക്കാദമി, ഓഥേഴ്സ് ഗിൽഡ് ഓഫ് ഇന്‍ഡ്യ, സമസ്ത കേരള സാഹിത്യപരിഷത്ത്, മലയാളം ഫിലിം സെൻസർബോർഡ്, കേന്ദ്രസാഹിത്യ അക്കാദമി മലയാളം അഡ്വൈസറി ബോർഡ് തുടങ്ങിയവയിൽ നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചു.

ആധുനിക മലയാള ഹാസ്യകവിതാമേഖലയെ പുഷ്ടിപ്പ‌െടുത്തിയ കവി എന്ന നിലയിലാണ് ചെമ്മനം അറിയപ്പെടുന്നത്. കേരളീയ സമൂഹത്തെ ആക്ഷേപഹാസ്യത്തിലൂടെ ചിത്രീകരിച്ചു. 2006 ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. 

കുഞ്ചൻ നമ്പ്യാർ കവിതാപുരസ്കാരം (2012) മഹാകവി ഉള്ളൂർ കവിതാ അവാർഡ് (2003) സഞ്ജയൻ അവാർഡ് (2004) പി. സ്മാരക പുരസ്കാരം (2004) പണ്ഡിറ്റ് കെ.പി. കറുപ്പൻ അവാർഡ് (2004) മൂലൂർ അവാർഡ് (1993) കുട്ടമത്ത് അവാർഡ് (1992) സഹോദരൻ അയ്യപ്പൻ അവാർഡ് (1993) എ.ഡി. ഹരിശർമ്മ അവാർഡ് (1978) എന്നിവയും ചെമ്മനത്തെ തേടി എത്തി. 

1977 ൽ രാജപാതയ്ക്ക് കേരള സാഹിത്യ അക്കാദമിയിൽനിന്നും കവിതാ അവാർഡ് ലഭിച്ചു. 1995 ൽ കിഞ്ചനവർത്തമാനത്തിന് ഹാസ്യസാഹിത്യ അവാർഡും. 1950 മുതൽ 53 കൊല്ലം ചെമ്മനത്തിന്റെ താമസം തിരുവനന്തപുരത്തായിരുന്നു. 2004 മുതൽ കൊച്ചി കാക്കനാട് പടമുകളിൽ കുളിരാങ്കൽ വീട്ടിലും.

1926 മാർച്ച് ഏഴിന് വൈക്കം താലൂക്കിലെ മുളക്കുളം വില്ലേജിൽ ചെമ്മനം കുടുംബത്തിൽ യോഹന്നാൻ കത്തനാർ, സാറാ ദമ്പതികളുടെ മകനായാണ് ചെമ്മനം ചാക്കോ ജനിച്ചത്. അവർമാ പ്രൈമറി സ്ക്കൂൾ, പാമ്പാക്കുട ഗവ. മിഡിൽ സ്ക്കൂൾ, പിറവം ഗവ: മിഡിൽ സ്ക്കൂൾ, പിറവം സെന്റ്. ജോസഫ്സ് ഹൈസ്കൂൾ, ആലുവാ യുസി കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1953–ൽ മലയാളം ബിഎ ഓണേഴ്സ് പരീക്ഷയിൽ ഒന്നാം ക്ലാസോടെ ജയിച്ചു. 1945–ൽ പ്രൈവറ്റായി ചേർന്ന് സാഹിത്യവിശാരദ് പരീക്ഷയും സ്റ്റേറ്റ് റാങ്കോടെ ജയിച്ചു. പിറവം സെന്റ്. ജോസഫ്സ് ഹൈസ്ക്കൂൾ, പാളയം കോട്ട സെന്റ്. ജോൺസ് കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, കേരള യൂണിവേഴ്സിറ്റി മലയാളം ഡിപ്പാർട്ട്മെന്റ് എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം 1968 മുതൽ 86 വരെ കേരള സർവകലാശാലയിൽ പുസ്തകപ്രസിദ്ധീകരണ വകുപ്പ് ഡയറക്ടറായിരുന്നു.

നാൽപ്പതുകളുടെ തുടക്കത്തിൽ സാഹിത്യപ്രവർത്തനം ആരംഭിച്ചു. 1946–ൽ ചക്രവാളം മാസികയിൽ ‘പ്രവചനം’ എന്ന കവിതയാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. 1947–ൽ പ്രസിദ്ധീകരിച്ച ‘വിളംബരം’ എന്ന കവിതാസമാഹാരമാണ് പ്രഥമഗ്രന്ഥം. 1965–ൽ പ്രസിദ്ധീകരിച്ച ‘ഉൾപ്പാർട്ടി യുദ്ധം’ എന്ന കവിതയിലൂടെ വിമർശഹാസ്യ കവിതയാണ് തന്റെ തട്ടകം എന്നു തിരിച്ചറിഞ്ഞ ചെമ്മനം തുടർന്നുള്ള നാലു വ്യാഴവട്ടക്കാലത്തെ സുസ്ഥിരമായ കാവ്യതപസ്സുകൊണ്ട് മലയാള കവിതയിൽ സ്വന്തം ഹാസ്യ സാഹിത്യ സാമ്രാജ്യം പടുത്തുയർത്തി. 

ഹാസ്യകവിതാ കുലപതിയായ കുഞ്ചൻനമ്പ്യാർ കഴിഞ്ഞാൽ, മലയാള ഹാസ്യകവിതയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത് ചെമ്മനം ആണ്. നമ്പ്യാർക്കവിത ശ്രോതാക്കളെ മുന്നിൽക്കണ്ട് കൂലംകുത്തിയൊഴുകിയ ഹാസ്യത്തിന്റെ ‘ഗംഗാപ്രവാഹം’ ആണെങ്കിൽ, ചെമ്മനം കവിത ഓരോന്നും പ്രത്യേക പ്രശ്നത്തെക്കുറിച്ച് അനുവാചകനെ ബോധവൽക്കരിക്കാൻ രചിച്ച കൂടുതൽ ലക്ഷ്യധർമ്മിയായ ‘ഹാസ്യതടാകം’ ആയിരുന്നു. ആധുനിക കേരളീയ സമൂഹത്തിന്റെ ചിത്രീകരണം ഇത്രയധികം മറ്റൊരു സമകാലിക കവിയുടെ കവിതയിലും ദൃശ്യമായില്ല.

വിവിധ വിഭാഗങ്ങളിലായി അൻപതോളം ഗ്രന്ഥങ്ങൾ രചിച്ചു. വിളംബരം, കനകാക്ഷരങ്ങൾ, നെല്ല്, ഇന്ന്, പുത്തരി, അസ്ത്രം, ആഗ്നേയാസ്ത്രം, ദുഃഖത്തിന്റെ ചിരി, ആവനാഴി, ജൈത്രയാത്ര, രാജപാത, ദാഹജലം, ഭൂമികുലുക്കം, അമ്പും വില്ലും, രാജാവിനുവസ്ത്രമില്ല, ആളില്ലാക്കസേരകൾ, ചിന്തേര്, നർമ്മസങ്കടം, ഒന്ന് ഒന്ന് രണ്ടായിരം, ഒറ്റയാൾപട്ടാളം, ഒറ്റയാന്റെ ചൂണ്ടുവിരൽ, അക്ഷരപ്പോരാട്ടം, തലേലെഴുത്ത്, കനൽക്കട്ടകൾ തുടങ്ങിയവയാണ് കവിതാ ഗ്രന്ഥങ്ങൾ. 

ചക്കരമാമ്പഴം, നെറ്റിപ്പട്ടം എന്നീ ബാലസാഹിത്യ കവിതകളും അദ്ദേഹത്തിന്റേതായുണ്ട്. ഇന്ത്യൻ കഴുത, വർഗ്ഗീസ് ആന എന്നിവ ബാലസാഹിത്യ കഥകളായി ശ്രദ്ധ നേടി. കിഞ്ചനവർത്തമാനം, കാണാമാണിക്യം, ചിരിമധുരം, ചിരിമധുരതരം, ചിരിമധുരതമം, ചിരിമലയാളം, ചിരിവിരുന്ന് തുടങ്ങിയ ഹാസ്യസാഹിത്യ ഗ്രന്ഥങ്ങളും നിരവധി ലേഖനസമാഹാരങ്ങളും അദ്ദേഹം രചിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.