Latest News

പുതുകേരളം സൃഷ‌്ടിക്കും; ബൃഹദ് പദ്ധതി തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കും

തിരുവനന്തപുരം: പ്രളയദുരന്തം നേരിട്ട ജനങ്ങൾക്ക് ആശ്വാസം നൽകാനും അവരെ പുനരധിവസിപ്പിക്കാനും കേരളത്തെ പുനർനിർമിക്കാനും അനുയോജ്യമായ ബൃഹദ്പദ്ധതി തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.[www.malabarflash.com]  

തകർന്ന കേരളത്തെ അതിനുമുമ്പുള്ള അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുകയല്ല ലക്ഷ്യം. പുതിയൊരു കേരളത്തെ സൃഷ്ടിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിന‌് ശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ധനസമാഹരണത്തിന്റെ ഭാഗമായി പൊതുകമ്പോളത്തിൽനിന്ന‌് വായ‌്പ എടുക്കാനുള്ള പരിധി വർധിപ്പിക്കാൻ കേന്ദ്രസർക്കാരിനോട‌് ആവശ്യപ്പെടും. ആഭ്യന്തര ഉൽപ്പാദനത്തിന്റെ മൂന്ന് ശതമാനമാണ് ഇപ്പോൾ കമ്പോളത്തിൽനിന്ന‌് വായ‌്പ എടുക്കാനുള്ള പരിധി. ഇത് 4.5 ശതമാനമായി ഉയർത്താൻ അഭ്യർഥിക്കും. പരിധി ഉയർത്തിയാൽ 10,500 കോടി രൂപ സമാഹരിക്കാനാകും.

ദുരിതാശ്വാസം, പുനരധിവാസം, പുനർനിർമാണം എന്നിവ ചർച്ച ചെയ്യാൻ 30നു പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കും.

ദേശീയ തൊഴിലുറപ്പ‌് ഉൾപ്പെടെയുള്ള കേന്ദ്രാവിഷ‌്കൃത പദ്ധതികൾക്ക‌് പ്രത്യേക പാക്കേജ‌് നടപ്പാക്കാൻ ആവശ്യപ്പെടും. 2600 കോടി രൂപയുടെ പാക്കേജാണ‌് കേരളം ആവശ്യപ്പെടുന്നത‌്. പശ‌്ചാത്തല സൗകര്യം, കൃഷി, ജലസേചനം, സാമൂഹികം തുടങ്ങിയ മേഖലകളിൽ ദീർഘകാല പദ്ധതികൾ നടപ്പാക്കാൻ നബാർഡിനോട‌് ആവശ്യപ്പെടും.

ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ വായ‌്പകൾക്ക‌് മൊറട്ടോറിയം ഉൾപ്പെടെ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട‌്. അതേസമയം, ചില സ്വകാര്യ ധന സ്ഥാപനങ്ങൾ ഈ ദുരിതകാലത്തും ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട‌്. ക്യാമ്പുകളിൽ ചില ധനസ്ഥാപനങ്ങൾ കുടിശ്ശിക പിരിക്കുന്നതായും വിവരം ലഭിച്ചു. ഇത‌് അടിയന്തരമായി അവസാനിപ്പിക്കണം‐മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.