Latest News

മുലപ്പാലിന്റെ രുചി പോലും അറിയാതെ പൊന്നോമന യാത്രയായി

മടിക്കൈ: പ്രാര്‍ത്ഥനകളൊക്കെയും വെറുതെയായി. അമ്മിഞ്ഞപ്പാലിന്റെ രുചിപോലും അറിയാതെ പൊന്നോമന മരണത്തിന് മുന്നില്‍ കീഴടങ്ങി. മടിക്കൈ അടുക്കത്തുപറമ്പിലെ ധന്യയുടെയും കണ്ണൂര്‍ കണ്ണാടിപ്പറമ്പ് ചേലേരിയിലെ തേപ്പുതൊഴിലാളി സുബീഷിന്റെയും ഏക മകളാണ് വെള്ളിയാഴ്ക് രാവിലെ കാഞ്ഞങ്ങാട് പത്മ പോളി ക്ലിനിക്കില്‍ ചികിത്സക്കിടയില്‍ മരണത്തിന് കീഴടങ്ങിയത്.[www.malabarflash.com] 

എട്ടുമാസം പ്രായമായിട്ടും ഇതുവരെയും അമ്മിഞ്ഞപ്പാല്‍ നുകരാന്‍ ഈ കുരുന്നിന് കഴിഞ്ഞിട്ടില്ല. ഇതുവരെ കുഞ്ഞിന് പേരിടാന്‍ പോലും ഈ രക്ഷിതാക്കള്‍ക്ക് ആയിട്ടുമില്ല. പിറന്നുവീണപ്പോള്‍ തന്നെ മുലപ്പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തിലേക്കെത്തുന്നതായും അന്നനാളത്തിന് ബലക്കുറവുള്ളതായും കണ്ടെത്തി. 

ആറുമാസത്തിന് ശേഷം കുഞ്ഞിന് ഞെട്ടലും ശ്വാസതടസ്സവും അനുഭവപ്പെട്ടുതുടങ്ങി. ദേഹം മുഴുവനും നീലക്കളറും വന്നു തുടങ്ങി. പിന്നീടങ്ങോട്ട് അസുഖം മൂര്‍ച്ഛിച്ചതോടെ കൃത്രിമ ശ്വാസം നല്‍കിയായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്.
പാലുകുടിക്കാന്‍ പറ്റാത്തതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ആഹാരം ട്യൂബിലൂടെയാണ് നല്‍കിയിരുന്നത്. ഒന്ന് കരയാന്‍ പോലും കഴിയാതെ കിടപ്പിലായ കുഞ്ഞിന് മംഗലാപുരം കെഎംസി, ഇന്ത്യാന ആശുപത്രികളിലാണ് ചികിത്സിച്ചിരുന്നത്. ഇതിനിടക്ക് ഒരു തവണ രോഗം മൂര്‍ച്ഛിച്ചപ്പോള്‍ മംഗലാപുരത്തു നിന്നും ആംബുലന്‍സില്‍ ഏഴുമണിക്കൂര്‍ കൊണ്ട് എറണാകുളത്തെ അമൃത ആശുപത്രിയിലേക്കെത്തിച്ചാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. 

മടിക്കൈ പാലിയേറ്റിവ് കെയര്‍ ആംബുലന്‍സ് ഡ്രൈവര്‍ ബങ്കളത്തെ രതീഷായിരുന്നു അന്ന് ജീവന്‍ പണയപ്പെടുത്തി കുഞ്ഞിനെ അമൃത ആശുപത്രിയിലെത്തിച്ചത്. ലക്ഷക്കണക്കിന് രൂപ ചികിത്സക്കായി ചെലവാക്കിയിട്ടും കുഞ്ഞിന്റെ രോഗമെന്താണെന്ന് കണ്ടെത്താന്‍ പോലും വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിരുന്നില്ല. 

അമൃതയിലെ ചികിത്സക്ക് ശേഷം അടുക്കത്ത്പറമ്പിലെ മാതൃവീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്.
ധന്യയുടെ അച്ഛന്‍ നീലേശ്വരം കോണ്‍വന്റിലെ ഓട്ടോറിക്ഷാ ഡ്രൈവറായ എം ചന്ദ്രനും അമ്മ സിന്ധുവും സുബിഷിന്റെ അമ്മ സുമതിയുമാണ് മാസങ്ങളായി രാപകല്‍ ഉറങ്ങാതെ മകളെ പരിചരിച്ചിരുന്നത്. ഇക്കാരണത്താല്‍ ചന്ദ്രന് ജോലിക്ക് പോകാന്‍ കഴിയാതെ വിട്ടിലേക്കുള്ള വരുമാനവും നിലച്ചു. സുബീഷിന്റെയും ധന്യയുടെയും സ്വര്‍ണമുള്‍പ്പെടെയുള്ളവ വിറ്റുപെറുക്കിയും ചേലേരിയിലേയും അടുക്കത്തുപറമ്പിലെയും നാട്ടുകാരുടെയും സുമനസുകളുടെയും സഹായംകൊണ്ടാണ് ഇതുവരെ മകളെ ചികിത്സിച്ചത്. എന്നാല്‍ ഈ കരുതലും ചികിത്സയും ഒക്കെ വിഫലമാക്കിയാണ് വെള്ളിയാഴ്ക്  പുലര്‍ച്ചെയോടെ കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.