• Latest News

    Sunday, July 8, 2018

    മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ജേക്കബ് അന്തരിച്ചു
    Sunday, July 8, 2018
    9:56:00 AM

    കോട്ടയം: മുൻ മേഘാലയ ഗവർണറും കോൺഗ്രസ് നേതാവുമായ എം.എം. ജേക്കബ് (90) അന്തരിച്ചു. കോട്ടയം പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് രാമപുരം മുണ്ടയ്ക്കലിലെ സ്വവസതിയിൽനിന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.[www.malabarflash.com]

    മൂന്നു തവണ കേന്ദ്ര സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 മുതൽ 2007 വരെ മേഘാലയ ഗവർണറായി സേവനം അനുഷ്ഠിച്ചു. 1982ലും 1988ലും രാജ്യസഭാംഗമായി. 1986ൽ രാജ്യസഭാ ഉപാധ്യക്ഷനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടിന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫെറോന പള്ളി സെമിത്തേരിയിൽ.

    നീണ്ട 12 വർഷം മേഘാലയാ ഗവർണർ, മൂന്നു തവണ കേന്ദ്രസഹമന്ത്രി, കേന്ദ്ര ആഭ്യന്തരസഹമന്ത്രി, രാജ്യസഭാ ഉപാധ്യക്ഷനാകുന്ന ആദ്യ മലയാളി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച കോൺഗ്രസ് നേതാവാണ് എം.എം. ജേക്കബ്.

    കോട്ടയം ജില്ലയിൽ രാമപുരം മുണ്ടയ്ക്കൽ ഉലഹന്നാൻ മാത്യു, റോസമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി 1928 ഓഗസ്റ്റ് 9ന് മുണ്ടയ്ക്കൽ മാത്യു ജേക്കബ് എന്ന എംഎം ജേക്കബ് ജനിച്ചു.

    മഞ്ചാടിമറ്റം പ്രൈമറി സ്കൂൾ, രാമപുരം സെന്റ് അഗസ്റ്റിൻസ് എന്നിവിടങ്ങളിൽ സ്കൂൾ പഠനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പഠിക്കവേ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനാൽ ഇടക്കാലത്തു പ‌ഠനം ഉപേക്ഷിക്കേണ്ടിവന്നു. തുടർന്ന് തേവര എസ്എച്ച് കോളജ്, മദ്രാസ് ലയോള കോളജ്, ലക്നൗ സർവകലാശാല എന്നിവിടങ്ങളിൽ പഠനം. നിയമത്തിൽ ബിരുദം, രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദം, ഇൻകം ടാക്സ് ഡിപ്ലോമാ, ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ സാമൂഹ്യപ്രവർത്തനത്തിൽ ഉന്നത പഠനം.

    1952ൽ രാമപുരത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്നു. കോട്ടയത്ത് അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്. ഭൂദാനപ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനത്തിലേക്കു കടന്നു. 1954ൽ ഭാരത് സേവക് സമാജിൽ ചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ കെ.എം. മാണിക്കെതിരെ രണ്ടു തവണ മത്സരിച്ചു. 1970ൽ 374 വോട്ടിനും പിന്നീട് 10 വർഷത്തിനു ശേഷം 1980ൽ 4,566 വോട്ടിനും മാണിയോടു പരാജയപ്പെട്ടു.

    1982ലും 1988ലും രാജ്യസഭാംഗമായി (1982 മുതൽ 1994 വരെ). 1986ൽ രാജ്യസഭാ ഉപാധ്യക്ഷൻ– രാജ്യസഭാ ഉപാധ്യക്ഷനാകുന്ന ആദ്യ മലയാളിയായി. രാജ്യസഭയിൽ ചീഫ് വിപ്പായും പ്രവർത്തിച്ചിട്ടുണ്ട്. മൂന്നുതവണ കേന്ദ്രസഹമന്ത്രിയായി (1986 മുതൽ 1993 വരെ) –രാജീവ് ഗാന്ധി മന്ത്രിസഭയിൽ പാർലമെന്ററി സഹമന്ത്രി, ജലവിഭവത്തിന്റെ സ്വതന്ത്രചുമതല – നരസിംഹറാവു മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രി‌.

    1985ലും 1993ലും യുഎൻ ജനറൽ അസംബ്ലിയിൽ പ്രസംഗിച്ചു. 1993ൽ ഫ്രാൻസിലെ സ്ട്രാസ്ബർഗിലും 1994യിൽ വിയന്നയിലും നടന്ന യുഎൻ മനുഷ്യാവകാശ സമ്മേളനങ്ങളിൽ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു. 1994ൽ സൗത്ത് ആഫ്രിക്കയിൽ നടന്ന ആദ്യ ജനാധിപത്യ തിരഞ്ഞെടുപ്പിൽ കോമൺവെൽത് രാജ്യങ്ങളുടെ നീരീക്ഷകനായിരുന്നു.

    1995 മുതൽ 2007 വരെ മേഘാലയ ഗവർണറായിരുന്നു. (1995–ൽ നിയമിതനായി. 2000-ൽ വാജ്പേയി സർക്കാർ പുനർനിയമനം നൽകി. 2005 മുതൽ 2007 വരെ കാലാവധി നീട്ടി)

    1984ൽ സബോർഡിനേറ്റ് ലജിസ്ലേഷൻ കമ്മറ്റിയുടെയും 93–94ൽ ആഭ്യന്തര മന്ത്രാലയ സ്റ്റാൻഡിങ് കമ്മിറ്റിയുടെയും ചെയർമാൻ. കെപിസിസി ജനറൽ സെക്രട്ടറി, ട്രഷറർ, എഐസിസി അംഗം, കോൺഗ്രസ് ദേശിയ ജനറൽ സെക്രട്ടറി, ഭാരത് സേവക് സമാജ് അഖിലേന്ത്യാ വൈസ് ചെയർമാൻ, റബർ മാർക്കറ്റിങ് ഫെഡറേഷൻ പ്രസിഡന്റ്, പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ തുടങ്ങിയ പദവികളൊക്കെ വഹിച്ചിട്ടുണ്ട്.

    വീക്ഷണം പത്രത്തിന്റെ മാനേജിങ് ഡയറക്ടറും തിരുവനന്തപുരത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന കോൺഗ്രസ് റിവ്യൂ എന്ന ദ്വൈവാരികയുടെ പത്രാധിപരും ആയിരുന്നു.
    ഭാര്യ പരേതയായ തിരുവല്ല കുന്നുതറ അച്ചാമ്മ തിരുവനന്തപുരം കോട്ടൺഹിൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്നു. മക്കൾ– ജയ, ജെസി, എലിസബത്ത്, റേച്ചൽ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ജേക്കബ് അന്തരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top