• Latest News

    Sunday, July 22, 2018

    കാസർകോട്ടെ യുവ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: കോഴി​ക്കോ ട്​ സ്വദേശികൾ പിടിയിൽ
    Sunday, July 22, 2018
    11:08:00 PM

    മാനന്തവാടി: കാസർകോട്ടെ യുവ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ മൂന്നു പ്രതികൾ പിടിയിൽ. ഇവർ സഞ്ചരിച്ച മൂന്നു കാറും പോലീസ് കസ്​റ്റഡിയിലെടുത്തു.[www.malabarflash.com]

    തൊട്ടിൽപാലം കുണ്ടുതോട് സ്വദേശി കിണറുള്ളപറമ്പത്ത് ടി.എം. അജ്മൽ(33), കുറ്റ്യാടി വളയം നെല്ലിക്കണ്ടിപീടിക സ്വദേശി ഇടത്തിപൊയിൽ കെ.കെ. ഫാസിൽ (26), കുറ്റ്യാടി അടുക്കത്ത് കക്കോട്ടുചാലിൽ അമ്പലക്കണ്ടി വീട്ടിൽ സുഹൈൽ (29) എന്നിവരെയാണ്​ മാനന്തവാടി പോലീസ് ഇൻസ്​പെക്ടർ പി.കെ. മണിയുടെ നേതൃത്വത്തിൽ പിടികൂടിയത്. 

    കേസിലുൾപ്പെട്ട ആൾട്ടോ, ഇന്നോവ, എക്സ്.യു.വി കാർ എന്നിവ കസ്​റ്റഡിയിലെടുത്തു.

    കഴിഞ്ഞ 16നാണ്​ കേസിനാസ്​പദമായ സംഭവം. സ്ത്രീയുടെ സഹായത്തോടെയാണ്​ മാനന്തവാടിയിൽനിന്ന്​ യുവ വ്യാപാരിയെ കർണാടകയിലേക്ക്​ തട്ടിക്കൊണ്ടുപോയത്​. പൊന്നമ്പേട്ടയിൽ സ്വകാര്യ റിസോർട്ടിൽ തടങ്കലിൽ പാർപ്പിച്ച് വ്യാപാരിയെ മർദിച്ച്​ കൈയിലുള്ള പണം അപഹരിച്ചു. തുടർന്ന്, മോചനദ്രവ്യമായി 15 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. 

    ഇതുപ്രകാരം വ്യാപാരിയുടെ സുഹൃത്ത് മുഖേന 1.5 ലക്ഷം കഴിഞ്ഞ 17ന്​ പ്രതികൾക്ക് കണ്ണൂരിൽനിന്ന്​ കൈമാറി വ്യാപാരിയെ മോചിപ്പിക്കുകയും ചെയ്തു. മോചിതനായ യുവ വ്യാപാരി മാനന്തവാടിയിൽ എത്തി പോലീസിൽ പരാതി നൽകുകയായിരുന്നു.

    പിടികൂടിയ പ്രതികളിൽ അജ്മൽ വെള്ളമുണ്ട പോലീസ് സ്​റ്റേഷനിൽ വധശ്രമക്കേസിലും ഫാസിൽ കുറ്റ്യാടി സ്​റ്റേഷനിൽ ബലാത്സംഗക്കേസിലും മാനന്തവാടി സ്​റ്റേഷനിൽ കഞ്ചാവു കേസിലും ഉൾപ്പെട്ടവരാണ്​. 

    സീനിയർ സിവിൽ പോലീസ് ഓഫിസർ മനോജ്, സിവിൽ പോലീസ് ഓഫിസർമാരായ സുഷാജ്, ടി.കെ. ബിജു എന്നിവരടങ്ങുന്ന സംഘമാണ് ​പ്രതികളെ പിടികൂടിയത്. അതേസമയം, സംഘത്തിൽ ഉൾപ്പെട്ട യുവതിയെ പിടികൂടാനായിട്ടില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാസർകോട്ടെ യുവ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: കോഴി​ക്കോ ട്​ സ്വദേശികൾ പിടിയിൽ Rating: 5 Reviewed By: UMRAS vision
    Scroll to Top