• Latest News

    Sunday, July 15, 2018

    കുടുംബകലഹത്തെ തുടർന്ന്​ പിഞ്ചുകുഞ്ഞിനെയുംകൊണ്ട്​ യുവതി പുഴയിൽ ചാടി; ഇവരും രക്ഷിക്കാൻ ചാടിയ ഭർത്താവും ഒഴുക്കിൽപെട്ടു
    Sunday, July 15, 2018
    12:59:00 AM

    മൂന്നാര്‍: കുടുംബകലഹത്തെ തുടർന്ന്​ പിഞ്ചുകുഞ്ഞിനെയുംകൊണ്ട്​ യുവതി പുഴയിൽ ചാടി. ഇവരും രക്ഷിക്കാൻ ചാടിയ ഭർത്താവും ഒഴുക്കിൽപെട്ടു. മൂവരെയും കണ്ടെത്താനായില്ല.[www.malabarflash.com]

    മൂന്നാര്‍ കെ.ഡി.എച്ച്.പി പെരിയവര എസ്​റ്റേറ്റ് ഫാക്ടറി ഡിവിഷന്‍ സ്വദേശികളായ ടൂറിസ്​റ്റ്​ ടാക്​സി ഡ്രൈവർ വിഷ്ണു (30), എസ്​റ്റേറ്റ്​ തൊഴിലാളി ഭാര്യ ജീവ (26) ആറുമാസം പ്രായമായ കുഞ്ഞ്​ എന്നിവരെയാണ് മൂന്നാർ പെരിയവരയാറ്റിൽ കാണാതായത്.

    ശനിയാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിൽ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. ശനിയാഴ്​ച രാവിലെയും ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായി. ഫാക്ടറി ഡിവിഷനിലെ വീടിനു മുന്നില്‍നിന്ന്​ 10 മീറ്റര്‍ മാത്രം അകലെയാണ്​ പുഴ. വഴക്കിനിടെ കുഞ്ഞിനെയും എടുത്ത്​ ഒാടിയ ജീവ പുഴയിൽ ചാടുകയായിരുന്നു. പിന്നാലെ വിഷ്​ണുവും ചാടി. ആഴ്​ചകളായി കനത്തമഴയുള്ളതിനാൽ കവിഞ്ഞൊഴുകുന്ന പുഴയിൽ മൂവരും മുങ്ങിത്താഴുകയായിരുന്നു.

    ശക്തമായ ഒഴുക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തിരിച്ചടിയായി. ദമ്പതികൾ ചാടിയ സ്ഥലത്തുനിന്ന്​ മൂന്ന്​ കിലോമീറ്ററിലേറെ ഫയർഫോഴ്​സും പോലീസും നാട്ടുകാരും ചേർന്ന്​ വൈകീട്ടുവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൂവാറ്റുപുഴയില്‍നിന്നെത്തിയ മുങ്ങല്‍ വിദഗ്​ധരും തിരച്ചിലിനെത്തി. പെരിയവരയാർ സംഗമിക്കുന്ന മുതിരപ്പുഴയാറി​ന്റെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ്​ തിരച്ചിൽ.

    ഉച്ചവരെ തുടർന്ന ശക്തമായ മഴ തിരച്ചിലിന്​ തടസ്സമായി. ഉച്ചകഴിഞ്ഞാണ്​ മഴക്ക്​ നേരിയ ശമനമുണ്ടായത്. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് മൂന്നാറിലെത്തിയ വൈദ്യുതി മന്ത്രി എം.എം. മണി സംഭവവീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി.

    ദേവികുളം തഹസില്‍ദാര്‍ കെ.പി. ഷാജിയുടെ നേതൃത്വത്തിലാണ്​ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്​. രാത്രി നിർത്തിവെച്ച തിരച്ചിൽ ഞായറാഴ്​ച​ തുടരുമെന്ന്​ പോലീസ്​ അറിയിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുടുംബകലഹത്തെ തുടർന്ന്​ പിഞ്ചുകുഞ്ഞിനെയുംകൊണ്ട്​ യുവതി പുഴയിൽ ചാടി; ഇവരും രക്ഷിക്കാൻ ചാടിയ ഭർത്താവും ഒഴുക്കിൽപെട്ടു Rating: 5 Reviewed By: UMRAS vision
    Scroll to Top