Latest News

ചെര്‍ക്കളം അബ്ദുല്ല അന്തരിച്ചു

കാസര്‍കോട്: മുസ്‌ലിംലീഗ് സംസ്ഥാന ട്രഷററും ദേശീയ നിര്‍വാഹകസമിതി അംഗവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ല അന്തരിച്ചു. 76 വയസ്സായിരുന്നു. 8.20ഓടെ ചെര്‍ക്കളത്തെ സ്വവസതിയിലായിരുന്നു അന്ത്യം.[www.malabarflash.com] 

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ചെര്‍ക്കളയിലെ പരേതരായ ബാരിക്കാട് മുഹമ്മദ് ഹാജിയുടെയും ആസ്യമ്മയുടെയും മകനാണ്.

അരനൂറ്റാണ്ടിലേറെയായി മുസ്ലിംലീഗ് നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം 1987, 1991, 1995, 2001 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നാലുതവണ മഞ്ചേശ്വരത്ത് നിന്നു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 87ലെ വാശിയേറിയ തെരഞ്ഞെടുപ്പിലാണ് ഒരു നിയോഗം പോലെ യുഡിഎഫിലെ കരുത്തനും ഊര്‍ജസ്വലനുമായ ചെര്‍ക്കളം അബ്ദുള്ള ബിജെപിയിലെ ശങ്കര ആള്‍വയെയും സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായ സിപിഐയിലെ ഡോ. സുബ്ബറാവുവിനെയും പരാജയപ്പെടുത്തി മഞ്ചേശ്വരത്ത് വിജയക്കൊടി പാറിച്ചത്. 

91ല്‍ ബി.ജെ.പിയിലെ കെ.ജി മാരാറിനെയും 95ല്‍ ബി.ജെ.പിയിലെ ബാലകൃഷ്ണ ഷെട്ടിയെയുമാണ് ചെര്‍ക്കളം പരാജയപ്പെടുത്തി. 2001 മുതല്‍ 2004 വരെ എ.കെ ആന്റണി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയായി. 2009ല്‍ സിപിഎമ്മിലെ അഡ്വ. സിഎച്ച് കുഞ്ഞമ്പുവിനോട് പരാജയപ്പെട്ടു.

ചെര്‍ക്കളം അബ്ദുള്ള മന്ത്രിയായപ്പോള്‍ കേരളത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. അക്കാലത്താണ് ദാരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടായ കുടുംബശ്രീ പദ്ധതി നിലവില്‍ വന്നത്. ഏറ്റവും കൂടുതല്‍ ഫണ്ട് നല്‍കിയും ഉദ്യോഗസ്ഥ തലത്തില്‍ പുനര്‍വ്യന്യാസവും പെര്‍ഫോമന്‍സ് ഓഡിറ്റ് സംവിധാനവും നടപ്പിലാക്കി 

തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി. കൊച്ചിയിലെ മൂന്നു ദ്വീപുകളെ ബന്ധിപ്പിക്കുന്ന ഗോ ശ്രീ പാലങ്ങള്‍ നിര്‍മിച്ചു കൊച്ചിയുടെ സമഗ്രവികസനത്തിന് നാന്ദികുറിച്ചു. വികസന അതോറിറ്റികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി. 

കാസര്‍കോട് ജില്ലയുടെ പ്രഥമ ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു. 1972മുതല്‍ 1984 വരെ മുസ്ലിംലീഗ് അവിഭക്ത കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി, 1984ല്‍ കാസര്‍കോട് ജില്ലാ ജനറല്‍സെക്രട്ടറി, 1988മുതല്‍ ആറു വര്‍ഷം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു. 2002 മുതല്‍ ജില്ലാ പ്രസിഡണ്ടായിരുന്നു. എസ്.ടി.യു. സംസ്ഥാന പ്രസിഡണ്ട്, ന്യൂനപക്ഷ പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, കേരള വഖഫ് ബോര്‍ഡ് അംഗം, കൊച്ചി തഖ്തീസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍, കേരള മാപ്പിള സോംഗ് രക്ഷാധികാരി, കേരള സ്റ്റേറ്റ് മോട്ടോര്‍ ആന്റ് എഞ്ചിനീയേഴ്‌സ് യൂണിയന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡണ്ട്, യു.ഡി.എഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍, കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്, സുന്നീ മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട്, എംഇഎസ് ആ ജീവനാന്ത അംഗം, സിഎച്ച് മുഹമ്മദ് കോയ സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് എജുക്കേഷന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ചെയര്‍മാന്‍, കാസര്‍കോട് മുസ്ലിം എജുക്കേഷണല്‍ ട്രസ്റ്റ് ട്രസ്റ്റി, ടി.ഉബൈദ് മെമ്മോറിയല്‍ ഫോറം ജനറല്‍ സെക്രട്ടറി, ചെര്‍ക്കളം മുസ്ലിം ചാരിറ്റബില്‍ സെന്റര്‍ ചെയര്‍മാന്‍, ചെര്‍ക്കള മുഹിയുദ്ദീന്‍ജുമാമസ്ജിദ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, മഞ്ചേശ്വരം ഓര്‍ഫനേജ് ചെയര്‍മാന്‍, കാസര്‍കോട് മര്‍ച്ചന്റ് കോ ഓപറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട്, മഞ്ചേശ്വരം രാഷ്ട്രകവി ഗോവിന്ദപൈ സ്മാരക അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 

ഭാര്യ: ആയിഷ ചെര്‍ക്കളം (ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്), മക്കള്‍: മെഹ്റുന്നീസ, മുംതാസ് സമീറ (കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം), സി.എ മുഹമ്മദ് നാസര്‍ (മസ്‌ക്കത്ത്), സി.എ അഹമ്മദ് കബീര്‍ (എം.എസ്.എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി). മരുമക്കള്‍: എ.പി അബ്ദുല്‍ ഖാദര്‍ അയ്യൂര്‍ (പൊമോന എക്സ്പോര്‍ട്ടേഴ്സ്, മുംബൈ), കെ.എ അബ്ദുല്‍ മജീദ് മഞ്ചേശ്വരം (ദുബൈ), റിസ്‌വത്തുന്നിസ (ചാവക്കാട്), ജസീമ ജാസ്മിന്‍ ബേവിഞ്ച. സഹോദരങ്ങള്‍: കുഞ്ഞാമു എവറസ്റ്റ്, ചെര്‍ക്കളം അബൂബക്കര്‍, ബീവി ബദിയടുക്ക, ആയിഷ ബാവിക്കര, പരേതരായ എവറസ്റ്റ് അബ്ദുല്‍ റഹിമാന്‍, അഹമ്മദ്, അബ്ദുല്‍ ഖാദര്‍ കപാടിയ, മമ്മു പുലിക്കുന്ന്, നഫീസ കാപ്പില്‍, ഖദീജ പൊവ്വല്‍.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന ചെര്‍ക്കളം മുഴുവന്‍ സമയവും ജന സേവനത്തിന് നീക്കിവെച്ച് ആത്മാര്‍ത്ഥതയോടു കൂടി രാഷ്ട്രീയം കയ്യാളിയ അപൂര്‍വ വ്യക്തിത്വത്തിനുടമയായിരുന്നു. 

അത്യുത്തര കേരളത്തിലെ മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.ജെ.പിയുടെ കരുത്തനായ സ്ഥാനാര്‍ത്ഥി സി.കെ പത്മനാഭനെ പരാജയപ്പെടുത്തി തിളക്കമാര്‍ന്ന ചരിത്രവുമായാണ് ചെര്‍ക്കളം എ.കെ ആന്റണി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായത്. 

കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായ മഞ്ചേശ്വരം മണ്ഡലത്തില്‍ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ വിജയിച്ച അദ്ദേഹം മതേതര വിശ്വാസികളുടെ അഭിമാനമായിരുന്നു. 

എല്ലാ മേഖലകളിലും വര്‍ഗ്ഗീയത കൊടി കുത്തി വാഴുമ്പോള്‍ സപ്ത ഭാഷകളുടെ സംഗമ ഭൂമിയായ മഞ്ചേശ്വരത്ത് വെന്നികൊടി നാട്ടിയ ചെര്‍ക്കളത്തിന്റെ വിജയം മതേതര ഇന്ത്യയുടെ മഹത്തായ മാതൃകയായിരുന്നു. വര്‍ഗ്ഗ- വര്‍ണ്ണ- ഭാഷ – ദേശ വിത്യാസമില്ലാതെ ജനങ്ങളെ ഒന്നായി കാണാന്‍ കഴിയുന്ന ചെര്‍ക്കളം എന്ന രാഷ്ട്രീയ നായകന്റെ വ്യക്തിത്വം തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഉള്‍ക്കൊള്ളുകയായിരുന്നു. 

ജനങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുവാന്‍ ചെര്‍ക്കളത്തിനുള്ള കഴിവ് ഏവരും അംഗീകരിച്ച ഒന്നാണ്. വികസന രംഗത്ത് പിന്നോക്കം നിന്നിരുന്ന ഉത്തര മലബാറിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളപ്പിക്കുവാന്‍ മന്ത്രിയായി ചുമതലയേറ്റ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മന്ത്രി എന്ന നിലയില്‍ തുടക്കത്തില്‍ തന്നെ കഴിവ് പ്രകടിപ്പിച്ച അദ്ദേഹത്തിന്റെ ഊര്‍ജ്ജസ്വലതയും വേഗതയും കാര്യപ്രാപ്തിയും കേരളം മുഴുക്കെ ചര്‍ച്ച ചെയ്യപ്പെട്ടു. 

തന്റെ കീഴിലുളള വകുപ്പിനെ നിയന്ത്രണ വിധേയമാക്കി ജനോപകാരപ്രദമാക്കാന്‍ വളരെ കുറച്ചു നാളത്തെ പരിശ്രമം കൊണ്ട് സാധിച്ചതിലൂടെ നൈപുണ്യമുള്ള ഒരു ഭരണാധികാരികൂടിയാണെന്ന് അദ്ദേഹം തെളിയിച്ചു. ചെയ്യേണ്ടത് ചെയ്യണ്ട സമയത്ത് തന്നെ ചെയ്തു തീര്‍ത്ത അദ്ദേഹത്തിന്റെ കഴിവുകള്‍ യു.ഡി.എഫ് മന്ത്രിസഭക്ക് കരുത്തായിരുന്നു. ജനകീയാസൂത്രണത്തിലെ അഴിമതി പുറത്തു കൊണ്ടുവരാനും, വികസന പരിപാടികള്‍ സുതാര്യമാക്കുവാനും നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. 

തിരുവനന്തപുരത്തു നിന്നും ഒരു സര്‍ക്കാര്‍ ഉത്തരവ് കാസര്‍കോട്ടെത്താന്‍ ആഴ്ചകള്‍ വേണ്ടിവന്നിരുന്ന ഒരു ഘട്ടത്തിലാണ് മറ്റ് ഏതൊരു മണ്ഡലത്തെയും അസൂയപ്പെടുത്തുന്ന വികസന വിപ്ലവം മഞ്ചേശ്വരത്ത് അദ്ദേഹം സൃഷ്ടിച്ചിട്ടുള്ളത്. അനുസരണയുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍, ആജ്ഞാ ശക്തിയുള്ള നേതാവ് ,മണ്ഡലത്തിന്റെ നാഡിമിടിപ്പുകള്‍ തൊട്ടറിഞ്ഞ ജനപ്രതിനിധി, ഊര്‍ജ്ജസ്വലതയുടെ പ്രതികം ഇതൊക്കെയായിരുന്നു ചെര്‍ക്കളം. 

തൂവെള്ള വസ്ത്രത്തിന്റെ ഒളിമയില്‍ വെണ്‍മയൂറുന്ന നേതൃപാടവം കാട്ടി എതിരാളികളില്‍ പോലും വിസ്മയം ചൊരിയാന്‍ ചെര്‍ക്കളത്തിന് സാധിച്ചു. സാധാരണക്കാരെ സ്‌നേഹിച്ച ചെര്‍ക്കളം എന്നും അവര്‍ക്കു വേണ്ടി പൊരുതി കൊണ്ടിരിക്കുകയായിരുന്നു. ആരുടെ മുമ്പിലും തലകുനിക്കാതെ ന്യായമായ പ്രശ്‌നങ്ങളില്‍ സത്യസന്ധമായ നിലപാട് സ്വീകരിച്ച ചെര്‍ക്കളം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അനുകരണീയമായ സവിശേഷതയുള്ള വ്യക്തിത്വമായിരുന്നു. സംസ്ഥാന മുസ്‌ലിം ട്രഷററായും കാസര്‍കോട് ജില്ലയില്‍ മുസ്‌ലിം ലീഗ് നേതൃസ്ഥാനത്ത് പല ഉന്നത സ്ഥാനങ്ങളും വഹിച്ച അദ്ദേഹം താന്‍ ഇരുന്ന സ്ഥാനങ്ങളിലെല്ലാം മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച് മുസ് ലിം ലീഗിന്റെ ബഹുജന അടിത്തറ ഭദ്രമാക്കാന്‍ നേതൃ പരമായ കഴിവും മിടുക്കും കാണിച്ചിട്ടുണ്ട്.

ഖബറടക്കം വൈകിട്ട് ആറു മണിക്ക് ചെര്‍ക്കളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.