Latest News

എംപ്ലോയബിലിറ്റി സെന്ററുകള്‍ അഭ്യസ്തവിദ്യര്‍ക്ക് സഹായകരമാകും: മന്ത്രി ടി.പി രാമകൃഷ്ണന്‍

കാസര്‍കോട്: തൊഴില്‍ തേടിയെത്തുന്ന അഭ്യസ്തവിദ്യര്‍ക്ക് സഹായകരമാകും എംപ്ലോയബിലിറ്റി സെന്ററുകളെന്ന് തൊഴില്‍ എക്സൈസ് വകുപ്പുമന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. എംപ്ലോയബിലിറ്റി സെന്ററുകള്‍ക്ക് പുറമെ എല്ലാ ജില്ലകളിലും കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററുകള്‍കൂടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലും ഉടന്‍ ആരംഭിക്കും.
കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com] 

എംപ്ലോയബിലിറ്റി സെന്ററുകള്‍ വഴി സംസ്ഥാനത്ത് ഇതുവരെ 1.35 ലക്ഷം അഭ്യസ്തവിദ്യര്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 85817 പേര്‍ക്ക് വിവിധ മേലകളില്‍ തൊഴില്‍നൈപുണ്യപരിശീലനം നല്‍കി. 42,000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനം ലഭിച്ചു. 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ തിരുത്തി യുവജനതയ്ക്ക് പുതിയ ദിശാബോധം നല്‍കുന്ന വിവിധ പദ്ധതികള്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്ത് നടപ്പാക്കിവരികയാണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ മേഖലകളിലെ താല്‍ക്കാലിക അവസരങ്ങള്‍ക്കായി കാത്തിരിക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. ഇതില്‍ നിന്ന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മാറിക്കഴിഞ്ഞു. 

പേര് രജിസ്റ്റര്‍ ചെയ്യുന്ന അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് നൈപുണ്യപരിശീലനം നല്‍കി തൊഴില്‍അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്ന ശ്രദ്ധേയമായ പദ്ധതികള്‍ എംപ്ലോയബിലിറ്റി സെന്ററുകള്‍ മുഖേന നടപ്പാക്കിവരികയാണ്. തൊഴില്‍രഹിതരായ യുവതീയുവാക്കളുടെ അഭിരുചിയും യോഗ്യതയും നൈപുണ്യവും വിശകലനം ചെയ്ത് കൂടുതല്‍ മേഖലകളില്‍ പരിശീലനം ഒരുക്കുകയാണ് എംപ്ലോയബിലിറ്റി സെന്ററുകള്‍ വഴി സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. 

എംപ്ലോയബിലിറ്റി സെന്ററുകള്‍ വഴി തൊഴില്‍മേളകള്‍ സംഘടിപ്പിച്ച് തൊഴില്‍ദാതാക്കളെയും തൊഴിലന്വേഷകരെയും ഒരേ വേദിയിലെത്തിച്ച് നടത്തുന്ന തൊഴില്‍മേളകള്‍ വഴി ആയിരക്കണക്കിനുപേര്‍ക്ക് തൊഴില്‍ ലഭിച്ചു. ഇതോടൊപ്പം സംരംഭകത്വപരിശീലനവും സര്‍ക്കാര്‍ നടപ്പാക്കി സ്വയംതൊഴിലുകളില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിന് ആവശ്യമായ സഹായം സര്‍ക്കാരില്‍ നിന്നും ലഭിക്കും.
ഗ്രാമീണമേഖലയിലെ തൊഴിലന്വേഷകര്‍ക്ക് പരിശീലനം നല്‍കുന്നതിന് കരിയര്‍ ഡവലപ്‌മെന്റ് സെന്ററുകളും ആരംഭിച്ചു. രാജ്യത്താദ്യമായി കോഴിക്കോട് പേരാമ്പ്രയിലാണ് ഇതിന് തുടക്കം കുറിച്ചത്. പാലക്കാട് ചിറ്റൂര്‍, തിരുവനന്തപുരം നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലും കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ജില്ലയിലും കരിയര്‍ ഡവലപ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കും-മന്ത്രി പറഞ്ഞു.
കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളില്‍ 35 ലക്ഷത്തിലധികം തൊഴിലന്വേഷകര്‍ പേര് രജിസ്റ്റര്‍ ചെയ്തതായാണ് കണക്കാക്കുന്നത്. യഥാര്‍ഥ തൊഴിലന്വേഷകര്‍ ഇത്രയും ഉണ്ടോ എന്ന് സര്‍വേ നടത്തും.  ഉറപ്പുവരുത്താന്‍ കഴിയണം. എംപ്ലോയബിലിറ്റി സെന്ററുകളും കരിയര്‍ ഡവലപ്‌മെന്റ് സെന്ററുകളും മുഖേന നടത്തിക്കൊണ്ടിരിക്കു ജോബ് ഫെയറുകള്‍ വിപുലപ്പെടുത്തും.
സംസ്ഥാന നൈപുണ്യവികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ നേതൃത്വത്തില്‍ തൊഴില്‍വകുപ്പിന്റെ ജോബ് പോര്‍ട്ടല്‍ കഴിഞ്ഞ ദിവസം നിലവില്‍ വന്നു. ജോബ് പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് രാജ്യത്തിനകത്തും പുറത്തും വിവിധ മേഖലകളില്‍ ഉണ്ടാകു അവസരങ്ങള്‍ കണ്ടെത്തി തൊഴില്‍ നേടാന്‍ കഴിയും. തൊഴില്‍ദാതാക്കളും തൊഴിലന്വേഷകരും മറ്റു സേവനദാതാക്കളും ഒരേ പ്ലാറ്റ്‌ഫോമില്‍ എത്തുന്ന സംവിധാനമാണ് ജോബ് പോര്‍ട്ടലെന്നും മന്ത്രി പറഞ്ഞു.
കാസര്‍കോട് ഡി പി സി ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. എഡിഎം: എന്‍. ദേവീദാസ്, ചെങ്കള ഗ്രാമപഞ്ചായത്ത് അംഗം സദാനന്ദന്‍, കെ.എ.എസ്.ഇ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രതാപ് മോഹന്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഗീതാകുമാരി എന്നിവര്‍ സംസാരിച്ചു. എംപ്ലോയ്മെന്റ് റീജണല്‍ ഡെപൂട്ടി ഡയറക്ടര്‍ മോഹന്‍ ലൂക്കോസ് സ്വാഗതവും സ്‌റേററ്റ് വൊക്കേഷണല്‍ ഗൈഡന്‍സ് ഓഫീസര്‍ കെ.അബ്ദു റഹ്മാന്‍ നന്ദിയും പറഞ്ഞു.
സംസ്ഥാനത്തെ പത്താമത്തെ സെന്ററാണ് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.  വിദ്യാനഗറിലെ സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ 'എ' ബ്ലോക്കിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചാണ് എംപ്ലോയബിലിറ്റി സെന്റര്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.