Latest News

ഉമ്മയുടെ കണ്ണീര് ദൈവം കണ്ടു; പക്ഷെ ആഹ്ലാദം പങ്കിടാന്‍ ഉപ്പയില്ല കുവൈത്ത് ജയിലില്‍ നിന്നും റാഷിദിന് മോചനം

കാഞ്ഞങ്ങാട്: ഉമ്മയുടെ കണ്ണീര്‍പ്രാര്‍ത്ഥന പടച്ചവന്‍ കേട്ടു. ചതിയില്‍ കുടുങ്ങി കുവൈത്ത് ജയിലിലായ മീനാപ്പീസിലെ ചേലക്കാടത്ത് റഷീദ് ഒടുവില്‍ മോചിതനായി.[www.malabarflash.com]

പുണ്യ റംസാന്‍ നാളില്‍ ഉമ്മയെയും സഹോദരങ്ങളെയും പ്രിയപ്പെട്ടവരെയും കാണാനായത് അല്ലാഹുവിന്റെ കാരുണ്യമാണെന്ന് റഷീദ് കരുതുന്നു. എങ്കിലും തന്റെ മോചനത്തിനായി കണ്ണീരോടെ കാത്തിരുന്ന പിതാവിന്റെ വേര്‍പാട് റഷീദിന്റെ മനസില്‍ വിങ്ങലായി.
റഷീദിന്റെ പിതാവ് അബൂബക്കര്‍ 2016 മാര്‍ച്ചിലാണ് മരണപ്പെട്ടത്. ഭര്‍ത്താവിന്റെ വേര്‍പാടിന് ശേഷവും മകന്റെ തിരിച്ചുവരവിനായി കണ്ണീരോടെ കാത്തിരിക്കുകയായിരുന്നു ഉമ്മ കുഞ്ഞായിസ.
അബ്ബാസിയയില്‍ ഇന്റര്‍നെറ്റ് കഫെ ജീവനക്കാരനായ റാഷിദ് അവധി കഴിഞ്ഞ് കുവൈത്തിലേക്ക് മടങ്ങുമ്പോള്‍ 2014 ജൂണ്‍ 25ന് രാത്രിയിലാണ് വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് അധികൃതര്‍ റാഷിദിന്റെ ലഗേജില്‍ നിന്ന് മയക്കു മരുന്ന് പിടികൂടിയത്. പിന്നീട് ഈ യുവാവിനെ സഫ ജയിലടച്ചു.
കുവൈത്തിലേക്ക് തിരിക്കുന്നതിന് കുറച്ചു ദിവസം മുമ്പ് കുവൈത്തിലുള്ള സുഹൃത്ത് പഴയങ്ങാടി മാട്ടൂലിലെ ഫവാസ് റാഷിദിനെ കുവൈത്തില്‍ നിന്ന് ഫോണില്‍ ബന്ധപ്പെടുകയും തന്റെ പിതാവിന്റെ കണ്ണടയും മരുന്നും അടങ്ങുന്ന പാക്കറ്റ് മാട്ടൂലിലെ വീട്ടില്‍ പോയി വാങ്ങികുവൈത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. തനിക്ക് മാട്ടൂലിലേക്ക് ചെല്ലാന്‍ സമയം കിട്ടില്ലെന്നും മരുന്ന് പാക്കറ്റ് കാഞ്ഞങ്ങാട്ട് എത്തിക്കണമെന്നും റാഷിദ് മറുപടി പറഞ്ഞതിനെത്തുടര്‍ന്ന് തൊട്ടടുത്ത ദിവസം ഒരു അപരിചിതന്‍ റാഷിദിനെ ഫോണില്‍ ബന്ധപ്പെടുകയും പാക്കറ്റ് കാഞ്ഞങ്ങാട് എത്തിക്കുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു.
ഇതനുസരിച്ച് കാഞ്ഞങ്ങാട് റെയില്‍വേഗേറ്റിനടുത്തു വച്ച് ഇരുവരും നേരില്‍ കാണുകയും അപരിചിതന്‍ പാക്കറ്റ് റാഷിദിനെ ഏല്‍പ്പിക്കുകയുമായിരുന്നു. സുഹൃത്ത് ഫവാസിന്റെ ബാപ്പക്കുള്ള മരുന്നും കണ്ണടയുമാണെന്ന് വിശ്വസിച്ച റാഷിദ് പാക്കറ്റ് ഭദ്രമായി ലഗേജില്‍ വെക്കുകയിരുന്നു. ഈ പാക്കറ്റില്‍ പക്ഷെ മയക്കുമരുന്നാണെന്ന് റാഷിദ് അറിഞ്ഞിരുന്നില്ല. 

കുവൈത്ത് എയര്‍പോര്‍ട്ടിന് പുറത്തു കാത്തു നിന്ന ബന്ധുക്കളും സുഹൃത്തുക്കളും റാഷിദിനെ കാണാതെ പരിഭ്രാന്തിയിലായി.
ഇതിനിടെ ഒരു മലയാളി മയക്കുമരുന്നുമായി പിടിയിലായിട്ടുണ്ടെന്ന അഭ്യൂഹം പരന്നു. ഇതിനിടയിലാണ് റാഷിദിനെ ആന്റി നാര്‍ക്കോട്ടിക് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നത് കണ്ടത്. ഇവരുടെ കസ്റ്റഡിയില്‍ നിന്ന് തന്നെ താന്‍ ചതിയില്‍പ്പെട്ടുവെന്ന് റാഷിദ് വിളിച്ചു പറഞ്ഞു. മാട്ടൂലിലെ ഫവാസാണ് തന്നെ കുടുക്കിയതെന്നും റാഷിദ് വിലപിച്ചു. തുടര്‍ന്ന് റാഷിദിന്റെ ഉറ്റവരും നാട്ടുകാരും ഫവാസിനെ തേടി ചെന്നെങ്കിലും അപ്പോഴേക്കും യുവാവ് മുങ്ങിയിരുന്നു.
മയക്കുമരുന്ന് കൈവശം വെച്ച റാഷിദ് കുറ്റക്കാരനാണെന്ന് കണ്ട് ക്രിമിനല്‍ കോടതി അയ്യായിരം ദിനാറും (10ലക്ഷം രൂപ) അഞ്ചുവര്‍ഷം തടവുമാണ് ശിക്ഷിച്ചത്. ഇതിനെതിരെ അപ്പീല്‍ നല്‍കിയെങ്കിലും അപ്പീല്‍ കോടതിയും ശിക്ഷ ശരിവെക്കുകയായിരുന്നു. 

ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കഴിയുന്ന റാഷിദിന്റെ മോചനത്തിനായി വീട്ടുകാരും നാട്ടുകാരും കുവൈത്തിലെ സുഹൃത്തുക്കളും ഇത്രയുംനാള്‍ കഠിന പ്രയത്‌നത്തിലായിരുന്നു. ഇതിനായി ജനകീയ സമിതിയും രൂപീകരിച്ചിരുന്നു. ഈ സമിതിയാണ് കേസ് നടത്താന്‍ അഭിഭാഷകനെ ഏര്‍പ്പെടുത്തിയത്.
ഒടുവില്‍ കുവൈത്ത് രാജാവിന്റെ കാരുണ്യത്താല്‍ റാഷിദിന്റെ ശിക്ഷ പകുതിയായി കുറക്കുകയും പിന്നീട് സഫ ജയിലിലേക്ക് മാറ്റുകയും ചെയ്തു. ഇവിടെ ഒരു മാസം തടവില്‍ കിടന്ന ശേഷം കഴിഞ്ഞ ദിവസമാണ് അധികൃതര്‍ കുവൈത്തില്‍ നിന്നും മുംബൈക്ക് റാഷിദിനെ വിമാനം കയറ്റിവിട്ടത്. ഇവിടെ നിന്നും സുഹൃത്തുക്കളുടെ സഹായത്തോടെ ഞായറാഴ്ച രാത്രി മംഗലാപുരം എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു.
റാഷിദിനെ വരവേല്‍ക്കാന്‍ സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും വീട്ടില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ഇത്തവണ ഉമ്മക്കും സഹോദരി റാഷിദക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പെരുന്നാള്‍ ആഘോഷിക്കാമെന്നുള്ള ആഹ്ലാദത്തിലാണ് റാഷിദ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.