• Latest News

  Monday, May 14, 2018

  വാഗമൺ സിമി ക്യാംപ് കേസ്: 18 പേർ കുറ്റക്കാരെന്ന് കോടതി
  Monday, May 14, 2018
  1:32:00 PM

  കൊച്ചി: നിരോധിത സംഘടനയായ സ്‌റ്റുഡൻസ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) വാഗമണിൽ ആയുധ പരിശീലന ക്യാംപ് സംഘടിപ്പിച്ച കേസിൽ 18 പ്രതികള്‍ കുറ്റക്കാരെന്ന് എൻഐഎ കോടതി‍.[www.malabarflash.com] 

  കേസില്‍ 17 പേരെ വെറുതെ വിട്ടു. ശിബിലി, ശാദുലി, അൻസാർ നദ്‌വി എന്നിവരടക്കം നാലു മലയാളികളും കുറ്റക്കാരാണെന്ന് കൊച്ചി എന്‍ഐഎ കോടതി വിധിച്ചു. 

  ഷിബിലിയും ഷാദുലിയും ഒന്നും നാലും പ്രതികളാണ്. പെട്രോള്‍ ബോംബ് നിര്‍മാണം, ആയുധ പ്രയോഗം എന്നിവയ്ക്ക് പരിശീലനം നല്‍കിയെന്നാണു കേസ്. ശിക്ഷ ചൊവ്വാഴ്ച വിധിക്കും.

  ബെംഗളൂരു, അഹമ്മദാബാദ്, സൂറത്ത്, വാരാണസി എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ ഈ പ്രതികളുടെ പങ്ക് കണ്ടെത്തിയിരുന്നു. കേരളത്തില്‍ ആസൂത്രിതമായ ക്യാംപ് നടന്നിട്ടും ഇന്‍റലിജന്‍സ് ഏജന്‍സികള്‍ക്കു കണ്ടെത്താനാകാത്തതു വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 

  കൃത്യമായ തെളിവുകളുടെ അഭാവത്തിലാണ് 17 പേരെ വെറുതെ വിട്ടത് എന്നാണ് വിവരം. ബോംബ് ഉണ്ടാക്കുന്നതിനുള്ള പരിശീലനം, ബൈക്ക് പരിശീലനം, കാടും മലയും താണ്ടുന്നതിനുള്ള പരിശീലനം എന്നിവയാണു ക്യാംപില്‍ നടന്നതെന്നാണ് എന്‍ഐഎ വിശദീകരണം. അമീന്‍ പര്‍വേശ് എന്ന ഗുജറാത്ത് സ്വദേശിയാണ് ബോംബ് ഉണ്ടാക്കാനുള്ള പരിശീലനം നല്‍കിയത് എന്നും എന്‍ഐഎ അറിയിച്ചു.

  കേസിൽ ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവ് അബ്ദുൽ സുബ്ഹാൻ ഖുറേഷിയെ എൻഐഎ പ്രത്യേക കോടതിയിൽ കഴിഞ്ഞയാഴ്ച ഹാജരാക്കിയിരുന്നു. കേസിലെ 35–ാം പ്രതിയായ ഖുറേഷിയെ അഹമ്മദാബാദിൽനിന്നാണു ഗുജറാത്ത് പോലീസ് റോഡ് മാർഗം കൊച്ചിയിലെത്തിച്ചത്. ആയുധപരിശീലന ക്യാംപിനു നേതൃത്വം നൽകിയ സിമിയുടെ പ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം ലഭിച്ചതുമായി ബന്ധപ്പെട്ടാണു ഖുറേഷിയെ എൻഐഎ പ്രതിചേർത്തത്.

  വാഗമണിലെ തങ്ങൾപാറയിൽ 2007 ഡിസംബർ 10 മുതൽ 12 വരെയാണു ക്യാംപ് നടത്തിയത്. ഇവിടെനിന്ന് ആയുധ പരിശീലനത്തിനുള്ള ഉപകരണങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയെന്നായിരുന്നു കേസ്. കേരളാ പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷണം പൂർത്തിയാക്കിയ കേസിന്റെ ഗൗരവം കണക്കിലെടുത്തു ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കുകയായിരുന്നു.

  ഉന്നംതെറ്റാതെ നിറയൊഴിക്കാനും പെട്രോൾ ബോംബ് നിർമിക്കാനും വനത്തിൽ കൂടിയുള്ള ബൈക്ക് റേസിങ്ങിനും പ്രത്യേക പരിശീലനം നൽകിയ ക്യാംപിൽ പങ്കെടുത്തവരിൽ ആറ് എൻജിനീയർമാരും മൂന്നു ഡോക്‌ടർമാരുമുണ്ട്. പരിശീലനത്തിനുള്ള തോക്കുകൾ വാങ്ങിയത് കൊച്ചിയിലെ ആയുധ വിൽപനശാലയിൽ നിന്നാണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.

  മധ്യപ്രദേശിലെ ഇൻഡോറിൽ നടത്തിയ ഗൂഢാലോചനയ്‌ക്കും തയാറെടുപ്പുകൾക്കും ശേഷം വാഗമണ്ണിൽ ക്യാംപ് സംഘടിപ്പിക്കാൻ പാനായിക്കുളം സിമി രഹസ്യയോഗ കേസിലെ മുഖ്യപ്രതിയായ ഈരാറ്റുപേട്ട സ്വദേശി പീടിയാക്കൽ പി.എ. ഷാദുലിയെയാണു സിമിയുടെ ഉന്നത നേതാക്കൾ ചുമതലപ്പെടുത്തിയത്. പരിശീലന വിവരം ചോർന്നതിനാൽ ക്യാംപ് മൂന്നാം ദിവസം അവസാനിപ്പിക്കുകയായിരുന്നു.

  സിമി ആയുധ ക്യാംപ് സംഘടിപ്പിച്ച കാര്യം ആദ്യം റിപ്പോർട്ട് ചെയ്‌തത് കേരളാ പോലീസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗമാണ്. കുറ്റകൃത്യ നിരോധന നിയമം, ആയുധനിയമം, സ്‌ഫോടക വസ്‌തു നിരോധന നിയമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: വാഗമൺ സിമി ക്യാംപ് കേസ്: 18 പേർ കുറ്റക്കാരെന്ന് കോടതി Rating: 5 Reviewed By: UMRAS vision
  Scroll to Top