Latest News

റോഡിൽ മനുഷ്യജീവന്​ കാവല്‍ നിന്ന മലയാളി ദമ്പതികൾക്ക്​ അബുദാബി പോലീസിന്റെ ആദരം

അബുദാബി: പ്രവാസി മലയാളിയായ സുഫിയാൻ ഷാനവാസിനും ഭാര്യ ആലിയയ്ക്കും ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. തങ്ങളുടെ സമയോചിതമായ ഇടപെടൽ കൊണ്ട് വൻ റോഡപകടം ഒഴിവാകുകയും പരുക്കേറ്റു കിടന്ന അറബ് വംശജന്റെ ജീവൻ രക്ഷിക്കുകയും ചെയ്തതിന് അബുദാബി പോലീസിന്റെ ആദരമേറ്റു വാങ്ങിയിരിക്കുകയാണ് ഈ ദമ്പതികൾ.[www.malabarflash.com]

സ്വന്തം ജീവൻ പോലും പണയം വച്ചാണ് സുഫിയാൻ അപകടത്തിൽപ്പെട്ടയാളുടെ ജീവൻ രക്ഷിക്കുകയും വലിയ അപകടം ഒഴിവാക്കുകയും ചെയ്തത്.

അവധി ദിവസം ആഘോഷിക്കാൻ മേയ് മൂന്നിനാണ് തിരുവനന്തപുരം പാച്ചല്ലൂർ കോട്ടുവാതുക്കൽ സ്വദേശിയായ 29കാരൻ ഭാര്യ ആലിയയോടൊപ്പം അൽഐനിലേക്ക് പുറപ്പെട്ടത്. വൈകിട്ട് ആറു മണിയോടെ അബുദാബി–അൽഐൻ മഫ്റഖ് റോഡിലെ ഫാസ്റ്റ് ലൈനിൽ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് എമർജൻസി ബ്രേയ്ക്ക് ഉപയോഗിച്ച് വാഹനം നിർത്തുകയായിരുന്നു. മഫ്റഖ് ഭാഗത്ത് എത്തിയപ്പോൾ തൊട്ടുമുൻപിലുള്ള പിക്ക്അപ് വാൻ മുന്നോട്ടു പോകുന്നില്ലെന്ന് തിരിച്ചറിഞ്ഞായിരുന്നു ഈ നീക്കം. പിക്കപ്പിന്റെ തൊട്ടടുത്ത് വാഹനം നിന്നു. ഉടൻ തന്നെ പുറത്തിറങ്ങി നോക്കിയപ്പോൾ അതൊരു അപകടമാണെന്ന് മനസിലായെന്ന് സുഫിയാൻ പറഞ്ഞു.

വാഹനത്തിന്റെ വാതിൽ തുറന്നപ്പോൾ കൈയിൽ നിന്ന് ചോര ഒഴുക്കിക്കൊണ്ട് നിൽക്കുന്ന അറബ് വംശജനെ ആണ് കണ്ടത്. ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ സാധിക്കുന്ന ആരോഗ്യ സ്ഥിതിയിലായിരുന്നില്ല അദ്ദേഹം. ഹസാർഡ് ലൈറ്റ് പ്രവർത്തിപ്പിച്ച ശേഷം അപകടം നടന്നുവെന്ന് സൂചിപ്പിക്കുന്ന സിഗ്നലിനായി പിക്കപ്പിൽ തിരഞ്ഞെങ്കിലും ലഭിച്ചില്ല. തുടർന്ന് തന്റെ കാറിലുണ്ടായിരുന്ന മുന്നറിയിപ്പ് സിഗ്നൽ സ്ഥാപിച്ചു. ഈ സമയം ഭാര്യ ആലിയ അബുദാബി പോലീസിനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു.

തന്റെ കാർ സുരക്ഷിതമായി മാറ്റി പാർക്ക് ചെയ്തെങ്കിലും പിക്ക്അപ് വാൻ മാറ്റാൻ സാധിച്ചില്ല. അപകടത്തിൽ പരുക്കേറ്റ വ്യക്തിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. എന്നാൽ, വേഗതയേറിയ റോഡിൽ പല വാഹനങ്ങളും തങ്ങളുടെ സമീപത്തുകൂടെ അപകടരമായ രീതിയിൽ കടന്നു പോകുന്നുണ്ടായിരുന്നു. ഇങ്ങനെ തുടർന്നാൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് വലിയ അപകടം ഉണ്ടാകുമെന്ന് തോന്നി. 

കൂടുതൽ ഒന്നും ആലോചിക്കാതെ ഫാസ്റ്റ് ലൈനിൽ നിൽക്കുകയും റോഡിൽ അപകടം ഉണ്ടെന്ന സൂചന നൽകി കൈ വീശിക്കാണിക്കാൻ തുടങ്ങി. ചില വാഹനങ്ങൾ അപകടം മനസിലാക്കി മാറി പോയി. എന്നാൽ, രണ്ടു മൂന്നു കാറുകൾ തന്റെ അടുത്തുകൂടെ ഇടിക്കാൻ പോയെന്നും സുഫിയാൻ ഒാർക്കുന്നു.

അപകടകരമായ രീതിയിൽ ആണെങ്കിലും അങ്ങനെ ഒരു കാര്യം ചെയ്തതിനാൽ വാഹനങ്ങൾ തമ്മിലുള്ള വലിയ കൂട്ടിയിടി ഒഴിവാക്കാൻ സാധിച്ചു. ഈ സമയം ആലിയ അബുദാബി പോലീസിന് എവിടെയാണ് സംഭവം നടന്നതെന്നതിന്റെ കൃത്യമായ വിവരം നൽകുന്നുണ്ടായിരുന്നു. ഇതു വഴി കടന്നു പോയ ഒരു ലാൻഡ് ക്രൂയിസർ കാർ നിർത്തുകയും ഡ്രൈവർ പുറത്തുവന്ന് എന്താണ് കാര്യമെന്ന് അന്വേഷിക്കുകയും ചെയ്തു. അതുവഴി കടന്നു പോയൊരു പോലീസ് ഉദ്യോഗസ്ഥനാണെന്ന് മനസിലായി. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു മനസിലാക്കിയ അദ്ദേഹം ഞങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. ഏതാനും മിനിറ്റിനുള്ളിൽ പോലീസ് സ്ഥലത്തെത്തുകയും കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. പോലീസ് തങ്ങളുടെ വിവരങ്ങൾ ചോദിച്ചു മനസിലാക്കുകയും യാത്ര തുടരാൻ അനുവദിക്കുകയും ചെയ്തു.

എന്നാൽ, ഞായറാഴ്ച അപ്രതീക്ഷിതമായി ഒരു ഫോൺ കോൾ വന്നു. ഞങ്ങളുടെ നടപടിയെ പോലീസിന് ആദരിക്കണമെന്നായിരുന്നു അത്. അവർ ഞങ്ങൾക്ക് നൽകിയ ബഹുമാനവും ആദരവും അതിശയിപ്പിക്കുന്നതായിരുന്നു. സ്വന്തം ജീവൻ പണയപ്പെടുത്തി എന്തിനായിരുന്നു ഇത്തരമൊരു പ്രവർത്തിയെന്ന് പോലീസ് ഉദ്യോഗസ്ഥൻ ചോദിച്ചു. ഞാൻ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ കൂടുതൽ അപകടങ്ങൾ ഉണ്ടായേനെ എന്നായിരുന്നു മറുപടി. 

അപകടത്തിൽ പരുക്കേറ്റ വ്യക്തി സുഖംപ്രാപിച്ചുവരുന്നുവെന്നാണ് അറിയാൻ സാധിച്ചത്. അറബി സംസാരിക്കാൻ അറിയുന്നത് ഈ സാഹചര്യത്തിൽ വലിയ സഹായമായെന്നും രണ്ട് വയസു മുതൽ യുഎഇയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സുഫിയാൻ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.