• Latest News

    Tuesday, May 1, 2018

    നോക്കുകൂലി ഇനിയില്ല
    Tuesday, May 1, 2018
    4:00:00 AM

    തിരുവനന്തപുരം: ചെയ്യാത്ത ജോലിക്കു കൂലി വാങ്ങുന്ന നോക്കുകൂലി സമ്പ്രദായം സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ നിരോധിച്ചു തൊഴിൽവകുപ്പ് ഉത്തരവിറക്കി[www.malabarflash.com]

    നോക്കുകൂലി തടയുന്നതിനും പരാതികൾ കൈകാര്യം ചെയ്യുന്നതിനും ജില്ലകളിൽ കലക്ടർ ചെയർമാനും ജില്ലാ ലേബർ ഓഫിസർ കൺവീനറുമായി പ്രത്യേക സമിതികൾ പ്രവർത്തനം തുടങ്ങി. ഉത്തരവു നടപ്പാക്കുന്നതു ചർച്ചചെയ്യാൻ മിക്ക ജില്ലകളിലും യോഗം ചേർന്നു. തൊഴിലാളി യൂണിയനുകൾ പിന്തുണ ഉറപ്പുനൽകി. ഉത്തരവിനെക്കുറിച്ചു ചുമട്ടുതെ‍ാഴിലാളികളെ ബേ‍ാധവൽക്കരിക്കുന്നതിനും നടപടി തുടങ്ങി.

    നോക്കുകൂലി നിരീക്ഷണത്തിനും പരാതികൾ പരിഹരിക്കാനും ലേബർ കമ്മിഷണറേറ്റിൽ പ്രത്യേക സെൽ തുടങ്ങി. 155214, 1800 4255214 എന്നീ ടോൾ ഫ്രീ നമ്പരുകൾ വഴി പരാതി റജിസ്റ്റർ ചെയ്യാം. മിനിറ്റുകൾക്കുള്ളിൽ പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു കൈമാറും. ചിലയിടങ്ങളിൽ ജില്ലാതല ഹെൽപ്‌ ലൈനുകളും പരിഗണിക്കുന്നുണ്ട്.

    നോക്കുകൂലി ഉൾപ്പെടെ ചുമട്ടുതൊഴിൽ മേഖലയിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കാൻ 10 നിർദേശങ്ങളടങ്ങിയ ഉത്തരവാണു തൊഴിൽവകുപ്പു പുറത്തിറക്കിയത്.

    കയറ്റിറക്കിന് അതതു ജില്ലയിൽ ജില്ലാ ലേബർ ഓഫിസർമാർ പുറത്തിറക്കിയ ഏകീകൃത കൂലി പട്ടികയുടെ അടിസ്ഥാനത്തിലാവണം കൂലി നൽകേണ്ടത്. പട്ടികയിൽപ്പെടാത്ത ഇനങ്ങൾക്ക് ഉഭയകക്ഷി കരാർ പ്രകാരം കൂലി.

    ചുമട്ടുതൊഴിലാളി നിയമത്തിന്റെ പരിധിയിൽപ്പെടാത്ത ഗാർഹിക ആവശ്യങ്ങൾക്കും കാർഷികോൽപന്നങ്ങളുടെ കയറ്റിറക്കിനും ഇഷ്ടമുള്ളവരെ നിയോഗിക്കാം.
    അംഗീകൃത തൊഴിലാളികളെ നിയോഗിച്ചാൽ അതതു മേഖലയിലെ കൂലി നൽകണം.
    ജില്ലാതല കൂലി നിരക്കിന്റെ പട്ടിക മാധ്യമങ്ങൾ വഴി ജില്ലാ ലേബർ ഓഫിസർമാർ പ്രസിദ്ധപ്പെടുത്തണം.
    ജോലിക്കിടെ തൊഴിലാളികൾ തൊഴിൽവകുപ്പ്, ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് എന്നിവ നൽകുന്ന തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കണം ∙
    കയറ്റിറക്കിനു വാങ്ങുന്ന കൂലിക്കു കൺവീനർ / പൂൾ ലീഡർ ഒപ്പിട്ട ഇനം തിരിച്ചുള്ള രസീത് തൊഴിലുടമയ്ക്കു നൽകണം.
    അമിത കൂലി കൈപ്പറ്റിയതു ശ്രദ്ധയിൽപ്പെട്ടാൽ പണം തിരികെ വാങ്ങിക്കൊടുക്കാൻ ലേബർ ഓഫിസർമാർ നടപടി സ്വീകരിക്കണം. ക്ഷേമ ബോർഡിനു കീഴിൽ അംഗങ്ങളായവരാണെങ്കിൽ ബോർഡ് മുഖേനയും അല്ലെങ്കിൽ റവന്യു റിക്കവറി വഴിയും പണം ഇൗടാക്കാൻ നടപടിയെടുക്കണം.
    തൊഴിലെടുക്കാനുള്ള അവകാശം, ഉയർന്ന കൂലി എന്നിവ ആവശ്യപ്പെട്ടു തൊഴിലുടമയെ ഭീഷണിപ്പെടുത്തുകയോ വസ്തുവകകൾ നശിപ്പിക്കുകയോ മറ്റു തടസ്സങ്ങൾ സൃഷ്ടിക്കുകയോ ചെയ്യാൻ പാടില്ല. ഇത്തരം സാഹചര്യങ്ങളിൽ ലേബർ ഓഫിസർമാർ വിവരം പൊലീസിനെ അറിയിക്കണം.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നോക്കുകൂലി ഇനിയില്ല Rating: 5 Reviewed By: UMRAS vision
    Scroll to Top