• Latest News

  Saturday, April 21, 2018

  ദുരിതങ്ങളെ അതിജീവിച്ച തൃപ്തിഷെട്ടിയുടെ ജീവിതം അഭ്രപാളികളിലേക്ക്‌
  Saturday, April 21, 2018
  2:39:00 AM

  കാസര്‍കോട്: കഷ്ടപ്പാടുകളെ അതിജീവിച്ച് കഠിനപ്രയത്‌നത്തിലൂടെ സ്വന്തമായ ബിസിനസ് മേഖല കെട്ടിപ്പടുത്ത കാസര്‍കോട്ടുകാരിയായ തൃപ്തിഷെട്ടി എന്ന ട്രാന്‍സ്‌ജെന്റിന്റെ ജീവിതം അഭ്രപാളികളിലേക്ക്.[www.malabarflash.com]

  ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥനായ ആറ്റിങ്ങല്‍ സ്വദേശി അനുശീലന്‍ കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന പേരിടാത്ത ചിത്രം തൃപ്തിഷെട്ടിയുടെ സംഭവബഹുലമായ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്. മലയാളത്തിലെ പ്രമുഖ നടിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഈ വര്‍ഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
  മഞ്ചേശ്വരത്ത് സതീശ് കുമാറിന്റെയും ധനലക്ഷ്മിയുടെയും ഏക മകന്‍ കിരണ്‍ ആയിട്ടാണ് തൃപ്തിയുടെ ജനനം. വിദ്യോദയ സ്‌കളില്‍ പഠനം തുടങ്ങിയെങ്കിലും എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കളിക്കുന്നതിനിടെ വീണ് ഗുരുതരമായി പരുക്കേറ്റ് മാസങ്ങളോളം വിശ്രമത്തിന് ശേഷം സ്‌കൂളില്‍ ചെന്നപ്പോള്‍ ടിസി നല്‍കി മടക്കി. പഠനം തുടരണമെന്നാഗ്രഹം ഉണ്ടായിരുന്നുവെങ്കിലും ജീവിതസാഹചര്യം അതിനനുവദിച്ചില്ല. 

  പിന്നീട് നാടുവിട്ട് മംഗ്‌ളൂരുവിലെത്തി. ആദ്യം ഓഫീസ് ബോയിയായി ജോലി ചെയ്തു. പിന്നീട് ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയില്‍ അംഗത്വം നേടി. ജോലി വാഗ്ദാനം ചെയ്ത് ഒരാള്‍ മുംബൈയിലേക്ക് കൂട്ടിക്കൊണ്ടു പോയെങ്കിലും അവിടെവെച്ച് അയാള്‍ മുങ്ങി. പിന്നീട് കാറ്ററിങ്ങ് ജോലിക്കാരനായി. എന്നാല്‍ ആറുമാസം ജോലി ചെയ്‌തെങ്കിലും ശമ്പളം കിട്ടിയില്ല. നാട്ടിലുള്ള അമ്മയുടെ നമ്പര്‍ ഒരു കൊച്ചു ഡയറിയില്‍ എഴുതി വെച്ചിരുന്നുവെങ്കിലും ബാഗ് നഷ്ടപ്പെട്ടതിനാല്‍ പിന്നീട് അമ്മയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. 

  ഇതിനിടയില്‍ ഭിക്ഷയെടുത്തു കിട്ടിയ തുക സ്വരുകൂട്ടി നാട്ടിലെത്തിയപ്പോഴേക്കും ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്ന അമ്മ മകനെയും കാണാതായതോടെ ജീവനൊടുക്കി.
  പിന്നീട് ചെന്നൈയിലെ ഹിജഡ കമ്മ്യൂണിറ്റിയില്‍ ചേര്‍ന്നതോടെയാണ് അവനില്‍ നിന്ന് അവളിലേക്ക് മാറാന്‍ തീരുമാനിച്ചത്. 

  ഭിക്ഷ യാചിച്ച് ലിംഗമാറ്റ ശസ്ത്രക്രിയക്കുള്ള തുക കണ്ടെത്തി. വീണ്ടും മുംബൈയിലേക്ക് മടക്കം. പിന്നീട് ദേശാന്തരങ്ങള്‍ താണ്ടിയുള്ള യാത്ര തുടങ്ങി. ഒടുവില്‍ 2013ല്‍ ബംഗ്‌ളൂരുവില്‍ നിന്നും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി കിരണില്‍ നിന്ന് തൃപ്തിയായി മാറി.
  പിന്നീട് 2016 ല്‍ കൊച്ചിയിലെത്തി ഒരു ഹോട്ടലില്‍ കാഷ്യറായി ജോലി ചെയ്തു. അന്നൊക്കെ സിനിമാ മോഹമായിരുന്നു. കള്ളന്‍മാരുടെ രാജാവ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. എന്നാല്‍ ആ പടം റിലിസായില്ല. ആ സമയത്തായിരുന്നു എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ആനിയെ കാണുന്നത്. ഇതോടെ തൃപ്തിയുടെ ജീവിതം മാറ്റിമറിക്കപ്പെട്ടു.
  ഡോ. ആനിയുടെ സഹായത്തോടെ ജുവലറി മേക്കിംഗ് പഠിച്ചു. വളരെ വേഗത്തില്‍ തൃപ്തി ആ മേഖലയില്‍ പ്രാവീണ്യം നേടി. പതിനേഴ് ദിവസങ്ങള്‍കൊണ്ട് നിരവധി ആഭരണങ്ങള്‍ നിര്‍മിക്കുകയും കലൂര്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ തൃപ്തീസ് ഹാന്‍ഡ്‌മെയ്ഡ് ജുവലറി എന്ന പേരില്‍ പ്രദര്‍ശനം സംഘടിപ്പിക്കുകയും ചെയ്തു. നല്ലരീതിയിലുള്ള സ്വീകാര്യതയാണ് അതിനുലഭിച്ചത്. പിന്നീട് നിരവധി വേദികളില്‍ തൃപ്തി പ്രദര്‍ശനം നടത്തിയിട്ടുണ്ട്.
  ആഭരണ നിര്‍മ്മാണത്തില്‍ കൂടാതെ. ഫാഷന്‍ രംഗത്തും കരകൗശലത്തിലും ചിത്രകലയിലും പ്രഭാഷണത്തിലും തൃപ്തി ഷെട്ടിക്ക് പ്രാവീണ്യം ഉണ്ട്. ഹാന്‍ഡിക്രാഫ്റ്റ് ഡെവലപ്‌മെന്റ് സൊസൈറ്റി ഓഫ് കേരളയുടെ കൈരളിയില്‍ അംഗത്വം നേടിയ ആദ്യ ട്രാന്‍സ്‌ജെന്‍ഡറാണ് തൃപ്തി. കേരള ലളിതകലാ അക്കാദമയില്‍ അംഗത്വം, കൊച്ചി മെട്രോ ജോലിക്കായി പരിശീലനം നേടിയ ട്രാന്‍സ്‌ജെന്‍ഡര്‍ തുടങ്ങി വിവിധങ്ങളായ മേഖലയില്‍ കാല്‍വെപ്പ് നടത്തിയിട്ടുണ്ട് തൃപ്തി ഷെട്ടി.
  കൊച്ചിയില്‍ കൗരകൗശല വസ്തുക്കളുടെ നിര്‍മ്മാണ യൂണിറ്റും അതോടൊപ്പം കൊച്ചി കേന്ദ്രമാക്കി ഒരു വിപണന കേന്ദ്രവും ആഗ്രഹിക്കുന്നുണ്ട്.
  സ്വന്തമായി വീടോ സ്ഥിര മേല്‍വിലാസമോ ഇല്ലെങ്കിലും തൃപ്തിയുടെ ഈ സ്വപ്‌ന സാക്ഷാത്കാരത്തിനായി ഒപ്പം കുടുംബശ്രീയുണ്ട്. 

  കേരള സംസ്ഥാന കരകൗശലകോര്‍പ്പറേഷന്റെ ആര്‍ട്ടിസാന്‍ ഐഡന്റിന്റിറ്റി കാര്‍ഡ് ലഭിച്ചിട്ടുള്ള തൃപ്തിയുടെ അടുത്ത ലക്ഷ്യം അടുത്ത മാസം കൊച്ചിയില്‍ നടക്കുന്ന കൈരളിയുടെ പ്രദര്‍ശനമാണ്.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ദുരിതങ്ങളെ അതിജീവിച്ച തൃപ്തിഷെട്ടിയുടെ ജീവിതം അഭ്രപാളികളിലേക്ക്‌ Rating: 5 Reviewed By: editordesk Malabarflash
  Scroll to Top