• Latest News

  Wednesday, April 25, 2018

  വിദ്യാഭ്യാസ മുന്നേറ്റത്തിന് പുതിയ പദ്ധതികളുമായി മുഹിമ്മാത്ത് എജു മിഷന്‍
  Wednesday, April 25, 2018
  12:42:00 AM

  കുമ്പള : ഈമാസം 28ന് നടക്കുന്ന മുഹിമ്മാത്ത് വാര്‍ഷിക സനദ് ദാന മഹാ സമ്മേളനത്തില്‍ ശരീഅത്ത്, ദഅ്‌വ, ഹിഫ്‌ള്‌ കോളേജുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ 36 യുവ പണ്ഡിതര്‍ സ്ഥാനവസ്ത്രവും സനദും ഏറ്റുവാങ്ങും.[www.malabarflash.com] 

  പുതിയ അധ്യയന വര്‍ഷം നൂതന പഠന മേഖലകളും പരിഷ്‌കാരണവുമായി മുഹിമ്മാത്തിന്റെ വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തി മുഹിമ്മാത്ത് എജുമിഷന്‍ പൊതു സമ്മേളനത്തില്‍ പ്രഖ്യാപിക്കും. 

  ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് സമാപനമായി സനദ് ദാന സമ്മേളനം നടക്കുന്നത്. മുഹിമ്മാത്ത് പ്രസിഡന്റും ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാളുമായ കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ സനദ് ദാനം നിര്‍വ്വഹിക്കും. 

  താജുശ്ശരീഅ എം.അലികുഞ്ഞി മുസ് ലിയാരുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശരീഅത്ത് ദഅ്‌വ കോഴ്‌സ പൂര്‍ത്തിയാക്കിയവര്‍ക്ക് ഹിമമീ ബിരുദവും ഖുര്‍ആന്‍ മന:പാഠമാക്കിയവര്‍ക്ക് ഹാഫിള് ബിരുദവുമാണ് സമ്മാനിക്കുന്നത്. 

  ഇതിനകം നൂറുകണക്കിന് ഹിമമി പണ്ഡിതര്‍ സ്ഥാപനത്തില്‍ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്. ജാമിഅത്തുല്‍ ഹിന്ദിന്റെ സിലബസ്സാണ് സ്ഥാപനം പിന്തുടരുന്നത്. 

  നിലവിലെ സ്ഥാപനങ്ങളെ ആധുനുനിക വത്കരിക്കുകയും പുതിയ വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയുമാണ് മുഹിമ്മാത്ത് എജു മിഷനിലൂടെ ലക്ഷ്യം വെക്കുന്നത്. 

  മുഹിമ്മാത്തിന്റെ പ്രഥമ സംരംഭമായ മുഹിമ്മാത്ത് അനാഥ അഗതി മന്ദിരം ദാറുല്‍ ഹബീബ് എന്ന പേരില്‍ കൂടുതല്‍ ശിശുസൗഹൃദവും ആധുനിക സൗകര്യങ്ങളുമായി വിപുലപ്പെടുത്തും. വനിത വിദ്യാഭ്യാസ രംഗത്ത് മാതൃകയായ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സ് വിപുലമായ പുതിയ ക്യാമ്പസിലേക്ക് മാറും. നിലവില്‍ അനാഥ അഗതി സംരക്ഷണത്തിന് പുറമെ ബോര്‍ഡിംഗ് ഹിഫ്‌ള്‌ സൗകര്യങ്ങളും മുഹിമ്മാത്ത് ഗേള്‍സ് ക്യാമ്പസില്‍ ഒരുക്കും.

  മുഹിമ്മാത്തില്‍ ആണ്‍കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഹിഫഌല്‍ ഖുര്‍ആന്‍ കോളേജ്, ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍, ജൂനിയര്‍ ശരീഅത്ത് കോളേജ്, ബോര്‍ഡിംഗ് മദ് റസ, തുടങ്ങിയവയിലേക്ക് ഈ വര്‍ഷം കൂടുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കും.

  കൊച്ചു പ്രായത്തില്‍ പിതാവ് നഷ്ടമായ കുട്ടികളുടെ സംരക്ഷണത്തിന് ഹോംകെയര്‍ പദ്ധതി നടപ്പിലാക്കി വരുന്നു. ഇതിനകം അഞ്ഞൂറിലേറെ കുടുംബങ്ങളിലേക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

  ശരീഅത്ത് ദഅ്‌വ കോളേജ് ഒഴികയെുള്ള മുഴുവന്‍ റെസിഡെന്‍ഷ്യല്‍ സ്ഥാപനങ്ങളിലേക്കും പ്രവേശന ഇന്റര്‍വ്യൂ മെയ് 7ന് മുഹിമ്മാത്ത് ക്യാമ്പസില്‍ നടക്കും. ദഅ്‌വ ഇന്റര്‍വ്യൂ ഒന്നാം ഘട്ടം പൂര്‍ത്തിയായി. ശരീഅത്ത് കോളേജ് ഇന്റര്‍വ്യൂ ശഅബാന്‍ ആദ്യം നടക്കും.

  ഒന്ന് മുതല്‍ പത്ത് വരെ മലയാളം ഇംഗ്ലീഷ്, കന്നഡ മീഡിയകളിലായി നടക്കുന്ന മുഹിമ്മാത്ത് ഹൈസ്‌കൂളിലേക്ക് മെയ് രണ്ട് മുതല്‍ പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കും. സയണ്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളോടെ ഹയര്‍ സെക്കണ്ടറി സ്‌കൂളും കൊച്ചു വിദ്യാര്‍ത്ഥികള്‍ക്കായി നഴ്‌സറി സ്‌കൂളും മുഹിമ്മാത്തില്‍ പ്രവര്‍ത്തിക്കുന്നു. നഴ്‌സറി പ്രവേശനം ഇതിനകം ആരംഭിച്ചു. 

  കഴിഞ്ഞ കുറേ വര്‍ഷങ്ങളായി 200 ലേറെ വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷക്കിരുത്തുന്ന മുഹിമ്മാത്ത് ഹൈസ്‌കൂള്‍ മികച്ച വിജയമാണ് നേടിക്കൊടുക്കുന്നത്.

  40 ഏക്കറില്‍ 30ലേറെ സ്ഥാപനങ്ങളിലായി വളര്‍ന്നു പന്തലിച്ച മുഹിമ്മാത്ത് സ്ഥാപനത്തിന്റെ ദൈനംദിന ചിലവിലേക്കായി ഈ ഉറൂസ് ഭാഗമായി പ്രഖ്യാപിച്ച 5000 കിന്റല്‍ അരി സമാഹരണത്തിന് സമൂഹത്തില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

  എജു മിഷന്‍ ഭാഗമായി വിശുദ്ധ റമളാനില്‍ പതിനായിരം കുടുംബങ്ങളിലേക്ക് ജനസമ്പര്‍ക്കവുമായി മുഹിമ്മാത്ത് പ്രവര്‍ത്തകര്‍ കടന്ന് ചെന്ന് വിഭവ സമാഹരണം നടത്തും. ഒരു കോടി രൂപ പൊതുജനങ്ങളില്‍ നിന്നും സംഭാവനയായി സ്വീകരിക്കുകയാണ് ജന സമ്പര്‍ക്കം വഴി ലക്ഷ്യമാക്കുന്നത്. കേരളത്തിനു പുറമെ കര്‍ണാടകയിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും മുഹിമ്മാത്തിന്റെ സന്ദേശമെത്തിക്കുന്നതിന് പബ്ലിക്ക് റിലേഷന്‍ സംവിധാനം വിപുലമാക്കും.

  പത്ര സമ്മളനത്തില്‍ സുലൈമാന്‍ കരിവെള്ളൂര്‍ (അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി, മുഹിമ്മാത്ത്), വൈ എം അബ്ദുറഹ്മാന്‍ അഹ്‌സനി( സെക്രട്ടറി താലൂക്ക് ജംഇയ്യത്തുല്‍ ഉലമ), ഉമര്‍ സഖാഫി കര്‍ണൂര്‍ (ജനറല്‍ മാനേജര്‍, മുഹിമ്മാത്ത്), മൂസ സഖാഫി കളത്തത്തൂര്‍ ജനറല്‍ കണ്‍വീനര്‍ സ്വാഗത സംഘം), കുമ്പള പ്രസ് ഫോറം ഭാരവാഹികള്‍
  സംബന്ധിച്ചു
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: വിദ്യാഭ്യാസ മുന്നേറ്റത്തിന് പുതിയ പദ്ധതികളുമായി മുഹിമ്മാത്ത് എജു മിഷന്‍ Rating: 5 Reviewed By: UMRAS vision
  Scroll to Top