• Latest News

    Tuesday, April 24, 2018

    ശിഹാബ് തങ്ങള്‍ അങ്ങാടിപ്പുറത്ത് ചെയ്തതേ ഞങ്ങള്‍ താനൂരില്‍ ചെയ്തിട്ടുള്ളൂ: കെടി ജലീല്‍
    Tuesday, April 24, 2018
    3:02:00 AM

    മലപ്പുറം: അന്ന് ശിഹാബ് തങ്ങള്‍ അങ്ങാടിപ്പുറത്ത് ചെയ്തതേ ഞങ്ങള്‍ ഇന്ന് താനൂരില്‍ ചെയ്തിട്ടുള്ളൂവെന്ന് കെടി ജലീല്‍. വാട്സ്ആപ്പ് ഹര്‍ത്താലിനെ തുടര്‍ന്ന് താനൂരില്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ട രണ്ട് കടകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സഹായനിധി രൂപീകരിച്ചതിനെ ലീഗ് നേതൃത്വം വിമര്‍ശിച്ച് രംഗത്തെത്തിയ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.[www.malabarflash.com] 

    ഒരു കാര്യം ലീഗ് ചെയ്താല്‍ അത് മതസൗഹാര്‍ദ്ദ പ്രതീകവും ലീഗേതരര്‍ ചെയ്താല്‍ അത് വര്‍ഗ്ഗീയ പ്രതീകവും ആകുന്നത് എങ്ങിനെയാണെന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

    കുറിപ്പിന്റെ പൂര്‍ണ്ണരൂപം-
    അന്ന് ശിഹാബ് തങ്ങൾ ചെയ്തു ; ഇന്ന് ഞങ്ങൾ ചെയ്തു : രണ്ടിനും ഒരേ ലക്ഷ്യം .
    2007 ആഗസ്റ്റ് 3 , അന്നൊരു വെള്ളിയാഴ്ചയായിരുന്നു . നേരം വെളുക്കാൻ തുടങ്ങിയപ്പോഴാണ് ആ കാഴ്ച ജനങ്ങളുടെ ശ്രദ്ധയിൽ പെടുന്നത് . അങ്ങാടിപ്പുറത്തെ ചിരപുരാതനമായ തളിക്ഷേത്രത്തിന്റെ ഗോപുരവാതിൽ തീ കൊളുത്തി നശിപ്പിക്കാൻ ശ്രമിച്ചതിന്റെ കറുത്ത പാടുകൾ അപ്പോഴും ഒടുങ്ങാത്ത കനലോടെ പുകഞ്ഞ് നിൽക്കുന്നു . കണ്ടവർ കണ്ടവർ മൂക്കത്ത് കൈവിരൽ വെച്ച് അൽഭുതം കൂറി . 

    പൊടിപ്പും തൊങ്ങലും ചേർത്ത വാർത്തകൾ നാടെങ്ങും പ്രചരിച്ചു . വർഗ്ഗീയ മുതലെടുപ്പിനായി കുമ്മനം ഓടിയെത്തി റോഡ് പ്രതിരോധിച്ചു . ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലയിൽ അടക്കം പറച്ചിലുകൾ സജീവമായി . തൊട്ടടുത്തുള്ള മുസ്ലിം പള്ളിയിൽ എന്ത് ചെയ്യണമെന്നറിയാതെ നിഷ്കളങ്കരായ ഒരു പറ്റം ആളുകളും കൂടി നിൽക്കുന്നുണ്ട് . ഒരു ചെറിയ തീപ്പൊരി വീണാൽ എല്ലാം കത്തിച്ചാമ്പലാകുമെന്ന അവസ്ഥ. കൂട്ടംകൂടിനിന്നവർ ശ്വാസം അടക്കിപ്പിടിച്ച് നിൽക്കുകയാണ്. ആരും ഒന്നും പറയുന്നില്ല . പക്ഷെ എന്തൊക്കെയോ അവരുടെ മുഖത്ത് കെട്ടിനിൽക്കുന്നുണ്ട് . 

    പരിഹാരക്രിയക്കായി ഒരു ദൂതനെ ജനങ്ങൾ തേടുന്ന ഘട്ടത്തിലാണ് ഗൗരവമാർന്ന മുഖത്തോടെ തൂവെള്ള വസ്ത്രവും തൊപ്പിയും ധരിച്ച് ശിഹാബ് തങ്ങൾ സാമൂഹ്യദ്രോഹികൾ തീകൊടുത്ത് നശിപ്പിച്ച ക്ഷേത്ര കവാടത്തിനരികിൽ വന്നിറങ്ങിയത്. എല്ലാവരും തങ്ങൾക്ക് ചുറ്റും കൂടി . എല്ലാം ഒന്ന് വീക്ഷിച്ച തങ്ങൾ, കൂടിനിന്നവരോടായി പറഞ്ഞു ; ഗോപുരവാതിൽ പൂർവ്വസ്ഥിതിയിലാക്കാൻ ഞങ്ങൾ മുൻകയ്യെടുക്കും . ഇത് കേട്ടവർ നെഞ്ചത്ത് കൈവെച്ച് ആശ്വാസം പ്രകടിപ്പിച്ചു. നിധിയിലേക്കുള്ള ആദ്യ സംഭാവന സാദിഖലി തങ്ങൾ നൽകി . എല്ലാം ശുഭകരമായി അവസാനിച്ചു . മുതലെടുപ്പ് ലക്ഷ്യമിട്ടെത്തിയ വർഗ്ഗീയ വാദികൾ ഓടിയ വഴിക്ക് പുല്ല് മുളച്ചിട്ടില്ല . അന്ന് തങ്ങളുടെ കൂടെ കുഞ്ഞാലിക്കുട്ടി സാഹിബും ഇപ്പോഴത്തെ MLA ഹമീദ് സാഹിബും ഉണ്ടായിരുന്നു .

    മലപ്പുറത്തെ മുസ്ലിങ്ങളെ ക്ഷേത്രത്തിന് തീ കൊളുത്തുന്നവരാക്കി ശിഹാബ് തങ്ങൾ മാറ്റിയെന്ന് പ്രസ്തുത സംഭവപരമായി ബന്ധപ്പെട്ട് ആരും പറഞ്ഞതായി അറിവില്ല . ഇരുട്ടിന്റെ ശക്തികൾ നടത്തിയ തെമ്മാടിത്തം ഒരു സമുദായത്തെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിന് തുല്ല്യമായിപ്പോയി , തങ്ങളുടെ ഇടപെടലെന്ന് ആരെങ്കിലും ആരോപിച്ചതായും കേട്ടിട്ടില്ല . അന്നും ഇന്നും തമ്മിൽ ഒരു വ്യത്യാസമേ ഉള്ളു . അന്ന് വെൽഫയർ പാർട്ടിയും മീഡിയ വൺ ചാനലും ഉണ്ടായിരുന്നില്ല .

    ഇതിപ്പോൾ ഓർത്തത് വാട്‌സ്അപ് ഹർത്താലിനെ തുടർന്ന് താനൂരിലെ പൂർണ്ണമായും നശിപ്പിക്കപ്പെട്ട രണ്ടു ഹൈന്ദവ സഹോദരങ്ങളുടെ കടകൾ പൂർവ്വസ്ഥിതിയിലാക്കാൻ ഞങ്ങൾ മുൻകയ്യെടുത്ത് ഒരു നിധി രൂപീകരിച്ചതിനെ ലീഗ് നേതൃത്വം വിമർശിച്ച് പ്രതികരിച്ച പശ്ചാതലത്തിലാണ് . 

    അങ്ങാടിപ്പുറത്തേത് പോലെ കുമ്മനം താനൂരിലും എത്തിയിരുന്നു, കലക്കു വെള്ളത്തിൽ മീൻ പിടിക്കാൻ . വെൽഫെയർ പാർട്ടിക്ക് എന്തും പറയാം . "മേൽപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി" . എന്നാൽ മുസ്ലിംലീഗ് അങ്ങിനെയാണോ ? സംഘി അനുകൂലികൾ കുഴിച്ച കുഴിയിൽ മുസ്ലിം ചെറുപ്പക്കാർ വീണത് പോലെ, മുസ്ലിം സമുദായത്തിലെ ചില വൈകാരികൻമാർ കുഴിച്ച കുഴിയിൽ ലീഗ് വീണുപോകരുതായിരുന്നു.
    ശിഹാബ് തങ്ങൾ അങ്ങാടിപ്പുറത്ത് ചെയ്തതേ ഞങ്ങൾ താനൂരിൽ ചെയ്തിട്ടുള്ളു. ലീഗ് ചെയ്യേണ്ടിയിരുന്നത് അവർ ചെയ്യാതെ വന്നപ്പോൾ ഞങ്ങൾ ചെയ്തു . അത്രമാത്രം. ഒരു കാര്യം ലീഗ് ചെയ്താൽ അത് മതസൗഹാർദ്ദ പ്രതീകവും ലീഗേതരർ ചെയ്താൽ അത് വർഗ്ഗീയ പ്രതീകവും ആകുന്നത് എങ്ങിനെയാണ് ? 

    "ഏൽപ്പിച്ച ദൗത്യം ഒരു ജനത നിർവ്വഹിക്കുന്നില്ലെങ്കിൽ ആ ഉത്തരവാദിത്തം നിറവേറ്റാൻ നാം മറ്റൊരു സമൂഹത്തെ പകരം കൊണ്ടുവരും" (വിശുദ്ധ ഖുർആൻ) . 


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ശിഹാബ് തങ്ങള്‍ അങ്ങാടിപ്പുറത്ത് ചെയ്തതേ ഞങ്ങള്‍ താനൂരില്‍ ചെയ്തിട്ടുള്ളൂ: കെടി ജലീല്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top