• Latest News

  Friday, April 6, 2018

  കാല്‍പന്തുകളിയുമായി നടന്‍ ജയസൂര്യ കാഞ്ഞങ്ങാട്ടെത്തുന്നു
  Friday, April 6, 2018
  1:39:00 AM

  കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ കളിയരങ്ങില്‍ കാല്‍പന്താട്ടത്തിന്റെ പെരുങ്കളിയാട്ടവുമായി ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ഏപ്രില്‍ 28 മുതല്‍ മെയ് 13 വരെ ദുര്‍ഗ ഹൈസ്‌കൂള്‍ മൈതാനിയില്‍ സംഘടിപ്പിക്കുന്ന കെ സെവന്‍ സോക്കര്‍ സീസണ്‍ ടു ടൂര്‍ണമെന്റില്‍ കളിക്കളത്തില്‍ മിന്നല്‍ പിണരാവാന്‍ 'ക്യാപ്റ്റന്‍' ജയസൂര്യ എത്തും.[www.malabarflash.com]

  കെ സെവന്‍ സോക്കര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രധാന പ്രായോജകരായ റെഡ് ഫ്‌ളവര്‍ ഗ്രൂപ്പ് ദുബായ് യുടെ ടീമിനു വേണ്ടിയാണ് നായകനായി നടന്‍ ജയസൂര്യ എത്തുന്നത്. 29നാണ് ജയസൂര്യ അണിനിരക്കുന്ന മണ്ണാര്‍ക്കാട് ലിന്‍ഷ മെഡിക്കല്‍സ് ടീം കളിക്കളത്തിലിറങ്ങുക. മൂന്ന് നൈജീരിയന്‍ താരങ്ങളുള്‍പ്പെടെ കേരളത്തിലെ ഏറ്റവും മികച്ച കളിക്കാരെ അണിനിരത്തിയാണ് ജയസൂര്യയുടെ വരവ്. 

  മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും രാജ്യം കണ്ട ഏറ്റവും മികച്ച ഫുട്‌ബോളറുമായിരുന്ന വി പി സത്യനെ ക്യാപ്റ്റന്‍ എന്ന സിനിമയിലൂടെ പുനരവതരിപ്പിച്ച് ഫുട്‌ബോള്‍ ആരാധകരെ വിസ്മയിപ്പിച്ച അതുല്യ നടനാണ് ജയസൂര്യ. ക്യാപ്റ്റന്‍ പുറത്തിറങ്ങിയതിന് ശേഷവും കളിക്കളത്തിലെ ആരവങ്ങളില്‍ തന്നെയാണ് നടന്‍.
  പത്തു തവണ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു വി പി സത്യന്‍. കേരള ടീമിന്റെയും കേരള പോലീസ് ടീമിന്റെയും സുവര്‍ണ്ണ കാലമായിരുന്നു സത്യന്റെ കാലഘട്ടം. 1992ല്‍ കേരളത്തിന് സന്തോഷ് ട്രോഫി സമ്മാനിച്ച സത്യന്‍ 1993ലും സന്തോഷ് ട്രോഫി നിലനിര്‍ത്തിയിരുന്നു. 

  ചെന്നൈയില്‍ ഇന്ത്യന്‍ ബാങ്കിന്റെ ഫുട്‌ബോള്‍ ടീം കോച്ചും ബാങ്കിന്റെ ചെന്നൈ ഹെഡ്ഡോഫീസില്‍ അസി. മാനേജരുമായിരിക്കെ കടുത്ത വിഷാദ രോഗത്തെ തുടര്‍ന്ന് 41-ാം വയസില്‍ 2006 ജൂലായ് 18ന് ചെന്നൈ പല്ലാവരം റെയില്‍വേ സ്റ്റേഷനടുത്ത് തീവണ്ടിക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
  പ്രജേഷ്‌സെന്‍ സംവിധാനം ചെയ്ത ക്യാപ്റ്റന്‍ എന്ന മലയാള ചലച്ചിത്രത്തിലൂടെ വി പി സത്യനെ ജയസൂര്യയും, ഭാര്യ അനിതയെ അനുസിത്താരയും അവതരിപ്പിച്ചത് സമാനതകളില്ലാത്ത അഭിനയപാടവത്തിലൂടെയായിരുന്നു.
  കെ സെവന്‍ സോക്കറിന്റെ പ്രധാന പ്രായോജകരില്‍ പങ്കാളികളായ ദുബായ് റെഡ് ഫ്‌ളവര്‍ ടൂറിസം ഗ്രൂപ്പ് എം ഡി അജാനൂര്‍ കടപ്പുറം ബത്തേരിക്കല്‍ സ്വദേശി രഞ്ജിത്ത് ജഗന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ജയസൂര്യ. ഈ സുഹൃദ്ബന്ധമാണ് സിനിമക്ക് പുറത്തും ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനാവാന്‍ ജയസൂര്യയെ പ്രേരിപ്പിച്ചത്.
  ജയസൂര്യ കാഞ്ഞങ്ങാട്ട് പന്തു തട്ടുന്ന ചടങ്ങില്‍ വെച്ച് തന്നെ വി പി സത്യന്റെ ഭാര്യ അനിത സത്യനെ റെഡ് ഫ്‌ളവര്‍ ഗ്രൂപ്പ് ഒരുലക്ഷം രൂപ ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്യും.
  ഏപ്രില്‍ 28 മുതല്‍ മെയ് 13 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ഷൂട്ടേഴ്‌സ് പടന്ന, എഫ്‌സി തൃക്കരിപ്പൂര്‍, ടോപ്പ്‌മോസ്റ്റ് തലശേരി, മെട്ടമ്മല്‍ ബ്രദേഴ്‌സ്, ഹിറ്റാച്ചി തൃക്കരിപ്പൂര്‍,മെട്ടമ്മല്‍ സുല്‍ഫെക്‌സ് മാട്രസ്, ഫിറ്റ്‌വെല്‍ കോഴിക്കോട്, അഭിലാഷ് എം സി കോഴിക്കോട്, ഗോള്‍ഡ്ഹില്‍ ഹദ്ദാദ്, ജനശക്തി കാറ്റാടി, റോയല്‍ ട്രാവല്‍സ് കോഴിക്കോട്, ലക്കീസ് സ്‌ട്രോക്കര്‍ ആലുവ, അരയാല്‍ ബ്രദേഴ്‌സ് അതിഞ്ഞാല്‍, ഉഷ എം സി തൃശൂര്‍, പാര്‍ക്കോ അതിയാമ്പൂര്‍, ഉദയ അല്‍ഹിന്ദ് വളാഞ്ചേരി തുടങ്ങി ഒട്ടേറെ മുന്‍നിര ടീമുകളാണ് മാറ്റുരക്കാനെത്തുന്നുണ്ട്.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: കാല്‍പന്തുകളിയുമായി നടന്‍ ജയസൂര്യ കാഞ്ഞങ്ങാട്ടെത്തുന്നു Rating: 5 Reviewed By: UMRAS vision
  Scroll to Top