Latest News

ഹര്‍ത്താല്‍: കസ്റ്റഡിയിലെടുത്തവരുടെ പശ്ചാത്തലം അന്വേഷിക്കുന്നു, അറസ്റ്റിലായത് ആയിരത്തോളം പേര്‍

കോഴിക്കോട്: സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയവരുടെ രാഷ്ട്രീയ സാമുദായിക പശ്ചാത്തലം അന്വേഷിക്കാന്‍ സംസ്ഥാന രഹസ്യാന്വേഷണ മേധാവിയുടെ നിര്‍ദ്ദേശം.[www.malabarflash.com]

കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് കസ്റ്റഡിയിലെടുത്തവരെക്കുറിച്ചുള്ള പൂര്‍ണ വിവരമാണ് ശേഖരിക്കുന്നത്. ആസൂത്രിത കലാപമുണ്ടാക്കാന്‍ ശ്രമം നടന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ അന്വേഷണം നടക്കുന്നത്.
ഓരോ സ്‌റ്റേഷന്‍ പരിധിയിലും കസ്റ്റഡിയിലെടുക്കപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. 

ഹര്‍ത്താല്‍ എന്ന ആശയം ആദ്യം മെനഞ്ഞത് വ്യാജ പ്രൊഫൈലില്‍ പ്രവര്‍ത്തിക്കുന്ന ചില സംഘ്പരിവാര്‍ ഗ്രൂപ്പുകളാണെന്നും അത് തീവ്രസ്വഭാവമുള്ള സംഘടനകളും അരാഷ്ട്രീയവാദികളായ ഒരുപറ്റം നവമാധ്യമ കൂട്ടായ്മയും ഏറ്റെടുത്ത് പ്രചരിപ്പിക്കുകയായിരുന്നെന്നുമാണ് കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് ആയിരത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളിലായിരുന്നു വ്യാപക അക്രമം. 

പാലക്കാട് 250 ഉം മലപ്പുറത്ത് 131 ഉം കണ്ണൂരില്‍ 169 ഉം കാസര്‍കോട്ട് 104 ഉം കോഴിക്കോട്ട് 200 ഉം വയനാട്ടില്‍ 41 പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് സിറ്റി പോലീസ് പരിധിയില്‍ മാത്രം 116 പേരെയാണ് കസ്റ്റഡിയിലെടുത്തത്. കൊടുവള്ളിയില്‍ നൂറോളം പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. മലപ്പുറത്തെ വണ്ടൂരില്‍ 300 പേര്‍ക്കെതിരെയാണ് കേസ്.
പരപ്പനങ്ങാടിയില്‍ ലാത്തി ചാര്‍ജ് നടത്തിയതിനു പുറമെ 13 പേരെയാണ് കസ്റ്റഡിയിലെടുത്തത്. 

അനൗദ്യോഗിക കണക്ക് ഇതിലും ഏറെയാണെന്നും പലരെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണെന്നും അറസ്റ്റ് രേഖപ്പെടുത്തിയത് ചുരുക്കം ചിലരെ മാത്രമാണ്. ഇതില്‍ ഏതാനും പേരെ പിന്നീട് വിട്ടയച്ചു. എന്നാല്‍, വിവിധ ദൃശ്യങ്ങള്‍ പരിശോധന തുടരുകയാണെന്നും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അക്രമം നടന്ന പ്രദേശങ്ങളില്‍ സി.സി.ടി.വി കാമറകളും പോലീസ് പരിശോധിക്കുന്നുണ്ട്.
ഇതുവരെയുള്ള വിവര ശേഖരണത്തില്‍ ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ അധികവും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ടവരാണത്രെ. വാഹനം തടയലുമായി ബന്ധപ്പെട്ടുള്ളതില്‍ വിവിധ രാഷ്ട്രീയ സംഘടനകളില്‍ പെട്ട പ്രവര്‍ത്തരും ഉണ്ട്. 

ഹൈന്ദവ സ്ഥാപനങ്ങളെയും ക്ഷേത്രങ്ങളെയും ലക്ഷ്യമിട്ടെന്ന് സംഘ്പരിവാര്‍ സംഘടനകള്‍ വ്യാപക പ്രചാരണമാണ് നടത്തുന്നത്.
വാട്‌സാപ് വഴി ഹര്‍ത്താലിനുവേണ്ടി ആഹ്വാനം നടത്തിയവരിലേക്ക് എത്തിയില്ലെങ്കിലും പ്രചാരണം നടത്തിയവരെയും കസ്റ്റഡിയില്‍ എടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാട്‌സ് അപ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരുടെ പൂര്‍ണ വിവരങ്ങള്‍ സൈബര്‍സെല്‍ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി മൂവായിവരത്തിലധികം പേരുടെ ഫോണുകള്‍ നിരീക്ഷണ വിധേയമാക്കണമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
സെബല്‍സെല്‍ ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുക്കുമെന്നും ഫോണ്‍ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.