• Latest News

  Sunday, April 8, 2018

  കാസർകോട് എംഎൽഎയുടെ ചിത്രം വച്ച് ചികിത്സാസഹായത്തട്ടിപ്പ്
  Sunday, April 8, 2018
  2:10:00 AM

  കട്ടപ്പന:  കാസർകോട് എംഎൽഎ എൻ.എ.നെല്ലിക്കുന്നിന്റെ ചിത്രം ഉൾപ്പെടുത്തിയ ഫ്ലെക്‌സ് ബോർഡ് ജീപ്പിൽ സ്ഥാപിച്ചു സംസ്ഥാന വ്യാപകമായി പിരിവു നടത്തുന്നതിനിടെ ആറംഗ സംഘത്തെ വണ്ടൻമേട് പോലീസ് പിടികൂടി. ഓൾ കേരള ചങ്ങാതിക്കൂട്ടം ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലായിരുന്നു തട്ടിപ്പ്.[www.malabarflash.com]

  കാസർകോട്ടു നിന്നാരംഭിച്ച യാത്ര ഇടുക്കിയിൽ എത്തിയപ്പോഴാണു പോലീസ് പിടിയി1ലായത്. ലക്ഷക്കണക്കിനു രൂപ സംഘം കൈക്കലാക്കിയതായാണു നിഗമനം.

  തിരുവനന്തപുരം നെയ്യാറ്റിൻകര പെരുമ്പഴുതൂർ പ്ലാങ്കാല തെക്കേക്കര പുത്തൻവീട്ടിൽ ഷിജുമോൻ (36), വയനാട് സ്വദേശികളായ വൈത്തിരി പുഴമുടി ലക്ഷംവീട് കോളനിയിൽ തൈത്തറയിൽ പ്രെസ് തോമസ് (20), വൈത്തിരി പൊഴുതന സുഗന്ധഗിരി പുതുചിറക്കുഴിയിൽ തോമസ് (33), മാനന്തവാടി അഞ്ചുകുന്ന് പള്ളിക്കുന്ന് പന്തലാടി മണൽവേൽ സുധിൻ (21), വൈത്തിരി വേങ്ങപ്പള്ളി പിനങ്ങോട് ചൂരിയാറ്റ ലാന്റ്‌സ് കോളനിയിൽ രാജൻ (41), വൈത്തിരി കുപ്പടിത്തറ മുണ്ടക്കുറ്റി കരിയട്ടുകുന്നേൽ സിബിൻ (18) എന്നിവരാണു പിടിയിലായത്.

  കഴിഞ്ഞ വർഷം സെപ്റ്റംബർ 22നു കാസർകോട് ബസ് സ്റ്റാൻഡ് പരിസരത്തു നിന്നു ട്രസ്റ്റിന്റെ പേരിൽ ആരംഭിച്ച കേരള പര്യടനം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്ന ചിത്രമാണു ജീപ്പിൽ സ്ഥാപിച്ചിരുന്നത്.
  വെള്ളി വൈകിട്ടോടെ അണക്കരയിൽ പണപ്പിരിവു നടത്തുന്നതിനിടെ സംശയം തോന്നിയ നാട്ടുകാർ അറിയിച്ചതിനെത്തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ പണം തട്ടിക്കുകയാണെന്നു സൂചന ലഭിച്ചു. ജീവൻരക്ഷാ സന്ദേശവും ബോധവൽക്കരണവും ജീവകാരുണ്യ പ്രവർത്തനങ്ങളും ലക്ഷ്യമിട്ടാണു പ്രവർത്തനമെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു പിരിവ്.
  മുഖ്യപ്രതിയായ ഷിജുമോന്റെ ഭാര്യയുടെ അക്കൗണ്ടിലേക്കു കഴിഞ്ഞ ദിവസം പൈനാവിൽ നിന്ന് 20,000 രൂപ അയച്ചതിനു തെളിവു ലഭിച്ചു. സംഘത്തിന്റെ പക്കൽ നിന്ന് 19,316 രൂപയും കണ്ടെടുത്തു.

  മാസം 25,000 രൂപ വാഗ്ദാനം ചെയ്താണു ടാക്‌സി ജീപ്പ് വിളിച്ചിരുന്നത്. ഡ്രൈവർക്കു ഭക്ഷണവും വാഹനത്തിന് ഇന്ധനവും മറ്റു ചെലവുകളും നൽകിയിരുന്നു.

  ചങ്ങാതിക്കൂട്ടം ചാരിറ്റബിൾ ട്രസ്റ്റ് റജിസ്റ്റർ ചെയ്തതാണെന്നു പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞു. സംഘത്തിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയം തോന്നിയതിനാൽ യാത്ര നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ചുമതലയുള്ള വൈദികൻ അറിയിച്ചു.

  വണ്ടൻമേട് പോലീസിൽ നിന്നു വിവരമറിയിച്ചപ്പോഴാണ് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ വിവരമറിയുന്നത്.
  ചികിത്സാ സഹായനിധി രൂപീകരിക്കുന്ന നല്ല ഉദ്യമം എന്ന നിലയിലാണു യാത്ര ഉദ്ഘാടനം ചെയ്തതെന്ന് അദ്ദേഹം പ്രതികരിച്ചു.

  വണ്ടൻമേട് എസ്‌ഐ ഇ.ജി.ഷനിൽകുമാർ, അഡീ.എസ്‌ഐ ഒ.ജി.ഷാജു, എഎസ്‌ഐ വിനോദ്കുമാർ, സിപിഒമാരായ ഡിറ്റോ, റെജി, സുനീഷ് എന്നിവർ ചേർന്നു പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: കാസർകോട് എംഎൽഎയുടെ ചിത്രം വച്ച് ചികിത്സാസഹായത്തട്ടിപ്പ് Rating: 5 Reviewed By: UMRAS vision
  Scroll to Top