• Latest News

  Wednesday, April 4, 2018

  കാസര്‍കോടന്‍ കാഴ്ചകള്‍ കണ്ട് ബ്ലോഗര്‍മാര്‍ മടങ്ങി
  Wednesday, April 4, 2018
  12:26:00 AM

  കാസര്‍കോട്: തെക്ക് തിരുവനന്തപുരത്തു നിന്ന് തുടങ്ങിയ ബ്ലോഗര്‍മാരുടെ കേരള യാത്ര ആലപ്പുഴയും കോട്ടയവും ഇടുക്കിയും തൃശ്ശൂര്‍, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളും കടന്ന് വടക്കേയറ്റത്തുള്ള കാസര്‍കോടന്‍ മണ്ണില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി.[www.malabarflash.com]

  മാര്‍ച്ച് 18 ന് തിരുവനന്തപുരത്തു നിന്ന് ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ബ്ലോഗ് എക്‌സ്പ്രസ്സിന്റെ അഞ്ചാമത് എഡിഷനാണ് കാണാവുന്നത്ര കാഴ്ചകള്‍ കണ്ടും കേട്ടും അറിഞ്ഞും ആസ്വദിച്ചും പതിമൂന്നാം ദിവസമായ മാര്‍ച്ച് 29 ന് കാസര്‍കോട്ടെത്തിയത്..
  ഫ്രാന്‍സ്, അമേരിക്ക, യു.കെ, കാനഡ, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍, ബള്‍ഗേറിയ, റൊമേനിയ, വെനിസ്വേല, പെറു തുടങ്ങി 28 രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ മുപ്പത് ബ്ലോഗര്‍മാരുടെ സംഘമാണ് ഇത്തവണത്തെ കേരള ബ്ലോഗ് എക്‌സ്പ്രസ്സിലുള്ളത്. 

  കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടെത്തിയ സംഘം നീലേശ്വര്‍ ഹെര്‍മിറ്റേജിലും കാനന്‍ ബീച്ച്‌റിസോര്‍ട്ട്, മലബാര്‍ ഓഷ്യന്‍ ഫ്രന്‍ഡ്, യോഗ & നാച്ചുറോപ്പതി, മന്ത്ര റിസോര്‍ട്ട് എന്നിവിടങ്ങളിലുമായി തങ്ങിയ ശേഷം മാര്‍ച്ച് 30 ന് രാവിലെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നീലേശ്വരത്തെ വലിയപറമ്പില്‍ വഞ്ചിവീട് സവാരിയില്‍ കായല്‍ കാഴ്ചകള്‍ കണ്ട ശേഷം ഉച്ചക്ക് കണ്ണാടിപ്പാറ മുത്തപ്പന്‍ തറയില്‍ നിന്നും തെയ്യം കാഴ്ചകള്‍ കണ്ടാസ്വദിച്ചു.

  താജ് ബേക്കല്‍ വിവാന്തയില്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ച ശേഷം വൈകുന്നേരം 4 മണിയോടെ ബേക്കല്‍ കോട്ട ,ബേക്കല്‍ ബീച്ച് പാര്‍ക്ക് എന്നീ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം വൈകുന്നേരം 7:30 മണിയോടെ എറണാകുളത്തേക്ക് മടങ്ങി.
  ‘ട്രിപ്പ് ഓഫ് എ ലൈഫ് ടൈം’ എന്ന ടാഗോടുകൂടിയാണ് ബ്ലോഗ് എക്‌സ്പ്രസിന്റെ കേരള പര്യടനം നടന്നത്. മനോഹരമായ മലനിരകളും കടല്‍ത്തീരങ്ങളും ജലാശയങ്ങളും ഉള്‍പ്പെടെ ഒട്ടേറെ സ്ഥലങ്ങള്‍ ഇതിനോടകം ബ്ലോഗര്‍മാര്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. കേരളത്തിലുടനീളം യാത്ര ചെയ്ത് പ്രകൃതി ദൃശ്യങ്ങളും ഗ്രാമനഗര ജീവിതക്കാഴ്ചകളും ആസ്വദിക്കുന്ന ബ്ലോഗര്‍മാര്‍ തങ്ങളുടെ രണ്ടാഴ്ചക്കാലത്തെ കേരളീയാനുഭവങ്ങള്‍ സഞ്ചാരക്കുറിപ്പുകളും ഫോട്ടോഗ്രാഫുകളും വീഡിയോ ദൃശ്യങ്ങളുമായി ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.
  അഞ്ചു വര്‍ഷം മുന്‍പ് കേരള ടൂറിസം തുടങ്ങിവെച്ച കേരള ബ്ലോഗ് എക്‌സ്പ്രസ്സിന്റെ കഴിഞ്ഞ നാല് എഡിഷനുകളും വന്‍ വിജയമായിരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീളുന്ന യാത്രക്കിടയില്‍ വൈവിധ്യപൂര്‍ണവും സമ്പന്നവുമായ കേരളീയ സംസ്‌ക്കാരത്തെ അടുത്തറിയാനും അനുഭവിക്കാനുമുള്ള അവസരമാണ് ബ്ലോഗര്‍മാര്‍ക്ക് കൈവരുന്നത്. 

  ആയിരക്കണക്കിന് അനുയായികളുള്ള ബ്ലോഗര്‍മാരുടെ അനുഭവക്കാഴ്ചകളിലൂടെ വിദേശ വിനോദ സഞ്ചാരികളെ ഇങ്ങോട്ടേയ്ക്ക് ആകര്‍ഷിക്കാനായാല്‍ അതുവഴി ആഗോള ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ യശസ്സുയരുമെന്നാണ് കേരള ടൂറിസം വിലയിരുത്തുന്നത്. ഏപ്രില്‍ ഒന്നിന് കൊച്ചിയിലാണ് കേരള ബ്ലോഗ് എക്‌സ്പ്രസ്സിന്റെ അഞ്ചാമത് എഡിഷന്‍ സമാപിക്കുന്നത്.
  ജില്ലയിലെ സന്ദര്‍ശന പരിപാടികളില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പി.മുരളീധരന്‍ ,ഡി ടി പി സി സെക്രട്ടറി ബിജു. ആര്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: കാസര്‍കോടന്‍ കാഴ്ചകള്‍ കണ്ട് ബ്ലോഗര്‍മാര്‍ മടങ്ങി Rating: 5 Reviewed By: UMRAS vision
  Scroll to Top