• Latest News

  Wednesday, March 7, 2018

  ബിജെപി നേതാവിന്‍റെ ഭീഷണിക്കു പിന്നാലെ പെരിയാറിന്‍റെ പ്രതിമ തകർത്തു
  Wednesday, March 7, 2018
  12:12:00 AM

  ചെന്നൈ: ബിജെപി ദേശീയ സെക്രട്ടറി എച്ച്‌.രാജയുടെ ഫെയ്സ്ബുക് പോസ്റ്റിനു പിന്നാലെ തമിഴ്നാട്ടിലെ വെല്ലൂരില്‍ പെരിയാര്‍ (ഇ.വി.രാമസ്വാമി) പ്രതിമയ്ക്കു നേരെ ആക്രമണം. തിരുപ്പത്തൂര്‍ കോര്‍പറേഷന്‍ ഓഫിസിലെ പെരിയാര്‍ പ്രതിമയാണു ചൊവ്വാഴ്ച രാത്രിയിൽ നശിപ്പിച്ചത്. പ്രതിമയുടെ മൂക്കും കണ്ണടയും തകർന്നു.[www.malabarflash.com]

  ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്തതുപോലെ തമിഴ്നാട്ടിൽ പെരിയാർ പ്രതിമകളും തകർക്കുമെന്നു എച്ച്.രാജ ഭീഷണിപ്പെടുത്തിയിരുന്നു. പോസ്റ്റിട്ട് മണിക്കൂറുകൾക്കകമാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടുപേർ അറസ്റ്റിലായി. ഒരാൾ‌ ബിജെപിക്കാരനും മറ്റെയാൾ സിപിഐക്കാരനുമാണ്. രണ്ടുപേരും മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.
  ചൊവ്വാഴ്ച രാവിലെയാണ് എച്ച്‌.രാജയുടെ വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ‘ആരാണ് ലെനിൻ? എന്താണ് അദ്ദേഹത്തിന് ഇന്ത്യയുമായുള്ള ബന്ധം? എന്താണ് ഇവിടുത്തെ കമ്യൂണിസ്റ്റുകാരുമായുള്ള ബന്ധം? ത്രിപുരയിൽ ലെനിന്റെ പ്രതിമയാണു തകർത്തത്. നാളെ, തമിഴ്നാട്ടിൽ അത് പെരിയാറിന്റേതായിരിക്കും’– രാജ പറഞ്ഞു. സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു.
  സമൂഹമാധ്യമത്തിലെ തന്റെ പേജ് പലരും ചേർന്നാണു നിയന്ത്രിക്കുന്നതെന്നായിരുന്നു രാജയുടെ വിശദീകരണം. അതേസമയം, പെരിയാറുടെ പ്രതിമ തൊടാൻ പോലും ആരെയും അനുവദിക്കില്ലെന്ന പ്രസ്താവനയുമായി ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ രംഗത്തെത്തി. അക്രമത്തിനു പ്രേരിപ്പിക്കുന്നതാണു രാജയുടെ ആഹ്വാനം. ഗുണ്ടാനിയമം ചുമത്തി രാജയെ അറസ്റ്റ് ചെയ്യണമെന്നും സ്റ്റാലിൻ പറഞ്ഞു. 

  രാജയ്ക്കു മുൻപു യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ജി.സൂര്യയും കഴിഞ്ഞദിവസം സമാന ആഹ്വാനവുമായി രംഗത്തെത്തിയിരുന്നു.

  ‘ത്രിപുരയിൽ വിജയകരമായി ലെനിനെ താഴെയിറക്കി. അടുത്ത ലക്ഷ്യം തമിഴ്നാട്ടിൽ ഇ.വി.രാമസ്വാമിയുടെ പ്രതിമകളാണ്...’ എന്നാണു സൂര്യ ട്വീറ്റ് ചെയ്തത്. ഒട്ടേറെപ്പേർ ഇതിനെ വിമർശിച്ചു രംഗത്തെത്തി. തുടർന്നാണു താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും ഒരു ദിവസം രാമസാമിയുടെ പ്രതിമകൾ ബുൾഡോസർ വച്ചു തകർക്കുക തന്നെ ചെയ്യുമെന്നും സൂര്യ ആവർത്തിച്ചത്. രാമസ്വാമിയുടെ പേരിലുള്ള എല്ലാ ട്രസ്റ്റുകളിലുമായി ആയിരക്കണക്കിനു കോടി രൂപയാണുള്ളത്. ഇത് ദ്രാവിഡർ കഴകവും ഡിഎംകെയും ജനങ്ങളിൽനിന്നു കൊള്ളയടിച്ച പണമാണ്. ദശകങ്ങളായി തുടരുന്ന ഈ കൊള്ളയടി നിർത്തലാക്കി പണം സർക്കാരിലേക്കു കണ്ടുകെട്ടുമെന്നും സൂര്യ പറഞ്ഞു.
  ഇത് ആദ്യമായല്ല ഇ.വി.രാമസ്വാമിയുടെ പ്രതിമ തകർക്കാനുളള ആഹ്വാനവും ശ്രമങ്ങളും ഹിന്ദു സംഘടനകളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. ബ്രാഹ്മണ്യത്തിനെതിരെയും അനാചരങ്ങൾക്കെതിരെയും ശക്തമായി പോരാടിയ സാമൂഹിക പരിഷ്കർത്താവ് എന്ന നിലയിൽ വൻ വിമർശനങ്ങളാണ് ഇദ്ദേഹത്തിനെതിരെ ഹിന്ദു സംഘടനകൾ അഴിച്ചുവിട്ടിരുന്നത്. 

  പെരിയാർ എന്ന വിളിപ്പേരിൽ പ്രശസ്തനായ ഈറോഡ് വെങ്കട രാമസാമി രൂപീകരിച്ചതാണു ദ്രാവിഡർ കഴകം. തമിഴകത്തു ദ്രാവിഡ നയങ്ങൾക്കും അതിലൂന്നിയ രാഷ്ട്രീയത്തിനും തുടക്കം കുറിക്കുന്നത് ഈ പ്രസ്ഥാനത്തിലൂടെയാണ്.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ബിജെപി നേതാവിന്‍റെ ഭീഷണിക്കു പിന്നാലെ പെരിയാറിന്‍റെ പ്രതിമ തകർത്തു Rating: 5 Reviewed By: UMRAS vision
  Scroll to Top