• Latest News

  Sunday, March 11, 2018

  കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം 200 ബഡ്‌സ് സ്‌കൂളുകള്‍ ആരംഭിക്കും: മന്ത്രി കെ.ടി.ജലീല്‍
  Sunday, March 11, 2018
  12:30:00 AM

  നീലേശ്വരം: കുടുംബശ്രീയുടെ കീഴില്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി വരുന്ന അധ്യയനവര്‍ഷം 200 ബഡ്‌സ് സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെയാകും പദ്ധതി പ്രവര്‍ത്തികമാക്കുകയെന്നും മന്ത്രി പറഞ്ഞു.[www.malabarflash.com]

  കാസര്‍കോട് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ക്ക് പുനരധിവാസമൊരുക്കാന്‍ കുടുംബശ്രീ മിഷന്‍ ആവിഷ്‌കരിച്ച സ്നേഹത്തണല്‍ തൊഴില്‍ സംരംഭക പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
  സംസ്ഥാനത്താകെ 7.5 ലക്ഷം ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉണ്ടെന്നാണ് കണക്ക്. ഇവര്‍ക്കെല്ലാം വിദ്യാഭ്യാസം സൗകര്യമൊരുക്കാന്‍ സര്‍ക്കാരിനെക്കൊണ്ട് മാത്രം കഴിയില്ല. അതിനാല്‍ ബഡ്‌സ് സ്‌കൂളുകള്‍ ആരംഭിച്ച് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള ചുമതല സര്‍ക്കാരിന്റെ സഹായത്തോടെ കുടുംബശ്രീയെ ഏല്‍പ്പിച്ചിരിക്കുകയാണ്. 

  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാകും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്‌കൂളുകളിലെ അധ്യാപികമാര്‍ക്ക് 30,000 രൂപയും ആയമാര്‍ക്ക് 17,000-18,000 രൂപയും പ്രതിമാസം ശമ്പളമായി നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് ഒരു വരുമാനമാര്‍ഗമെന്ന നിലയിലാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തൊഴില്‍ സംരംഭക പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഈ പദ്ധതി കാസര്‍കോട് മാത്രമല്ല മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കണം. 

  കുടുംബശ്രീ സാമൂഹ്യ സേവന രംഗത്തേക്കുകൂടി കടന്നിരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെയുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ അവരുടെ മാതാപിതാക്കളുടെ കാലശേഷം സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ ഒരു ബൃഹത് പദ്ധതി ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. അതിന് സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, മാധ്യമസ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരുടെയെല്ലാം സഹായം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
  സംരംഭക യൂണിറ്റില്‍ നിര്‍മ്മിച്ച കുടയും ബാഗും ചടങ്ങില്‍ മന്ത്രി നീലേശ്വരം നഗരസഭാധ്യക്ഷന്‍ പ്രഫ.കെ.പി.ജയരാജനും എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപവാണി ആര്‍.ഭട്ടിനും കൈമാറി. നിലവില്‍ കെഎസ്എഫ്ഇ ക്കായി ആയിരം കുടകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ് ഈ യുണിറ്റ്.
  എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ് ആമുഖപ്രഭാഷണം നടത്തി. നീലേശ്വരം നഗരസഭാധ്യക്ഷന്‍ പ്രഫ.കെ.പി.ജയരാജന്‍, എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് രൂപവാണി ആര്‍.ഭട്ട് എന്നിവര്‍ തുടര്‍നടത്തിപ്പ് വിശദീകരിച്ചു. 

   കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷന്‍ വി.വി രമേശന്‍, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം ബേബി ബാലകൃഷ്ണന്‍, നീലേശ്വരം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി.ഗൗരി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.രാധ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ്, നഗരസഭാംഗങ്ങളായ പി.വി രാധാകൃഷ്ണന്‍, പി.കു്ഞ്ഞിക്കൃഷ്ണന്‍, പി.ഭാര്‍ഗവി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ സ്വാഗതവും അസി. കോ ഓര്‍ഡിനേറ്റര്‍ നന്ദിയും പറഞ്ഞു.
  നീലേശ്വരം നഗരസഭയിലേയും എന്‍മകജെ പഞ്ചായത്തിലെയും അമ്മമാരാണ് പദ്ധതിയുടെ ആദ്യഗുണഭോക്താക്കള്‍. നീലേശ്വരം ചിറപ്പുറത്തും എന്‍മകജെ പഞ്ചായത്ത് ഹാളിലുമായി ബാഗ്, കുട നിര്‍മാണ യൂണിറ്റുകളാണ് ആദ്യം തുടങ്ങിയിരിക്കുന്നത്. ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി. പദ്ധതി മറ്റു ബഡ്സ് സ്‌കൂളുകള്‍ക്ക് അനുബന്ധമായി വ്യാപിപ്പിക്കാനാണ് കുടുംബ്രശീ പദ്ധതിയിടുന്നത്.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം 200 ബഡ്‌സ് സ്‌കൂളുകള്‍ ആരംഭിക്കും: മന്ത്രി കെ.ടി.ജലീല്‍ Rating: 5 Reviewed By: UMRAS vision
  Scroll to Top