• Latest News

  Sunday, March 11, 2018

  മുസ്‌ലിമായി മതം മാറിയത് കൊണ്ടാണ് എന്റെ വിവാഹം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്: ഹാദിയ
  Sunday, March 11, 2018
  12:38:00 AM

  കോഴിക്കോട്: ഞാന്‍ മുസ്‌ലിമായി മതം മാറിയത് കൊണ്ടാണ് എന്റെ വിവാഹം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെതെന്ന് ഹാദിയ. ഭര്‍ത്താവിനൊപ്പം കഴിയാന്‍ അനുമതി ലഭിച്ചതിലെ സന്തോഷം പങ്കിടാനുമായി ഹാദിയ പോപുലര്‍ ഫ്രണ്ട് ചെയര്‍മാനെ കാണാനെത്തിയതായിരുന്നു ഹാദിയ. ആര്‍ക്കും മതം മാറാന്‍ പറ്റില്ലേ? മതം മാറിയവരെല്ലാം ഇതുപോലെ ഒരുപാട് ദുരിതങ്ങളിലൂടെ കടന്നുപോവേണ്ടി വരുമോ തുടങ്ങിയ ചോദ്യങ്ങളും ഹാദിയ ഉന്നയിച്ചു.[www.malabarflash.com]

  വിവാഹത്തിന് മതം മാറണമെന്ന ഉപാധി വയ്ക്കണമെന്ന് പറയുന്നത് ശരിയാണോ എന്ന ചോദ്യത്തോട് അല്‍പം രോഷത്തോടെയാണ് ഹാദിയ പ്രതികരിച്ചത്. കേസ് മുഴുവന്‍ അറിയാവുന്ന ഈ ഘട്ടത്തില്‍ ഇക്കാര്യങ്ങള്‍ വീണ്ടും നിങ്ങളോട് വിശദീകരിക്കേണ്ടി വരുന്നുവെന്നത് വളരെ കഷ്ടമാണ്. നിങ്ങള്‍ അക്കാര്യം മറ്റുള്ളവരോട് ചോദിച്ച് മനസ്സിലാക്കണം പ്ലീസ് എന്ന അപേക്ഷയും ഹാദിയ മുന്നോട്ടുവച്ചു.

  സ്വാതന്ത്ര്യം കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും പ്രതിസന്ധിയില്‍ എല്ലാവരും കൈവിട്ടപ്പോള്‍ ആദ്യം മുതല്‍ തന്നെ ഒപ്പം നിന്നതിനും സഹായിച്ചതിനും നന്ദി പറയാനാണ് എത്തിയതെന്നും ഹാദിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിവാഹം ഏറെ വിവാദമായത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സാധാരണക്കാരിയായ എന്റെ വിവാഹം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് എന്തുകൊണ്ടാണെന്നാണ് എനിക്കും ചോദിക്കാനുള്ളത് എന്നായിരുന്നു ഹാദിയയുടെ മറുപടി.

  മുസ്‌ലിമായ സമയത്ത് ഞാന്‍ ജമാഅത്തേ ഇസ്‌ലാമിയെ സമീപിച്ചിരുന്നു. അവര്‍ എന്നെ സ്വീകരിച്ചില്ല. മറ്റു സംഘടനകളാരും സഹായിച്ചിട്ടില്ലേ എന്ന ചോദ്യത്തോട് ഏതോ ഒരു ഘട്ടത്തില്‍ വേറെ ഒരുപാട് സംഘടനകള്‍ സഹായിച്ചിട്ടുണ്ട്. സഹായിച്ചിട്ടില്ല എന്നല്ല, പക്ഷേ, അവരുടെ സഹായങ്ങള്‍ക്കെല്ലാം പരിമിതിയുണ്ടായിരുന്നു എന്നായിരുന്നു ഹാദിയയുടെ മറുപടി.

  മുഴുവന്‍ സംഘടനകളും പ്രാര്‍ഥനകൊണ്ടും പിന്തുണ കൊണ്ടും മറ്റും സഹകരിച്ചിരുന്നു. ഇഷ്ടമുള്ള മതം സ്വീകരിക്കാമെന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവശമാണ്. 25 വയസ്സിനു മുകളിലുള്ള അഭ്യസ്ത വിദ്യരായവര്‍ക്ക് പോലും സ്വതന്ത്രമായി വിശ്വാസം തിരഞ്ഞെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. മൂന്ന് ദിവസമാണ് ലീവ് അനുവദിച്ചത്. തങ്ങളിരുവരും അടുത്ത ദിവസം മാധ്യമങ്ങളെ കണ്ട് വിശദമായി കാര്യങ്ങള്‍ പറയുമെന്നും ഷെഫിന്‍ പറഞ്ഞു. 

  നിയമപരമായ പോരാട്ടം അവസാനിക്കും വരെ ഈ കേസില്‍ പോപുലര്‍ ഫ്രണ്ട് കൂടെയുണ്ടാവുമെന്ന് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പറഞ്ഞു.


  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: മുസ്‌ലിമായി മതം മാറിയത് കൊണ്ടാണ് എന്റെ വിവാഹം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്: ഹാദിയ Rating: 5 Reviewed By: UMRAS vision
  Scroll to Top