• Latest News

  Saturday, March 3, 2018

  ഞാൻ ഒന്നിനും കൊള്ളാത്തവനോ/ളോ ?, വിദ്യാര്‍ത്ഥികളോട് സ്നേഹപൂർവ്വം
  Saturday, March 3, 2018
  12:00:00 PM

  കേരളം പരീക്ഷ ചൂടിലാണ്. സ്വന്തം ഭാവിയോര്‍ത്തു ആകുലപ്പെടുന്ന വിദ്യാര്‍ത്ഥികളും, മക്കളുടെ ജയപരാജയങ്ങളില്‍ ആശങ്കാകുലരായ മാതാപിതാക്കളും, മക്കളുടെ പരാജയത്തിന്റെ പേരില്‍ സോഷ്യല്‍ സ്റ്റാറ്റസ് നഷ്ടപ്പെടുമോ എന്നാ ഭയം മൂലം വിറങ്ങലിച്ചു നില്‍ക്കുന്ന കോര്‍പറേറ്റ് മാതാപിതാക്കളും എല്ലാവരും ഒരു പോലെ ടെന്‍ഷനിലാണ്. കാരണം വരാന്‍ പോകുന്ന പരീക്ഷ തന്നെയാണ്.[www.malabarflash.com]

  കേരളം കൊടും ചൂടില്‍ പൊള്ളുമ്പോഴും അതിനേക്കാള്‍ ഇരട്ടിയില്‍ പൊള്ളുകയാണ് നമ്മുടെ സമൂഹത്തിന്റെ മനസ്സ്.
  അധ്യയന വര്‍ഷത്തിന്റെ ആദ്യം മുതല്‍ ചിട്ടയായ പഠനത്തോട് കൂടി പരീക്ഷയെ സമീപിക്കുന്ന കുട്ടികളെയും മാതാപിതാക്കളെയും സംബന്ധിച്ചിടത്തോളം വലിയ ആകുലതകള്‍ക്കു പ്രാധാന്യമില്ല . 

  എന്നാല്‍ പഠനത്തില്‍ കുറച്ചു പിറകിലായിരിക്കുകയും, പഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിക്കുകയൂം ചെയ്ത ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. അധ്യാപകരുടെ ഭാഷയില്‍ 'മഹാ തല്ലു കൊള്ളി', 'ഭൂലോക ഉഴപ്പന്‍ ' എന്നൊക്കെ സ്ഥാനപ്പേര് നല്‍കി ഒന്നിനും കൊള്ളില്ല എന്ന് അധ്യാപക മാതാ പിതാക്കള്‍ അടങ്ങുന്ന സമൂഹം മുദ്ര കുത്തിയവര്‍. ഒന്ന് വെള്ളവും , ശരിയായ വളവും ഇട്ടു കൊടുത്താല്‍ സമൃദ്ധമായി വളര്‍ന്നു ഫലഭൂയിഷ്ഠമായ കായ്കനികള്‍ സമൂഹത്തിനു നല്‍കാന്‍ കഴിവുള്ള കുട്ടികള്‍, അത്തരക്കാരോടാണ് ഞാന്‍ സംവദിക്കുന്നത്.
  നിനക്ക് തോന്നുന്നുണ്ടോ?
  നീകഴിവില്ലാത്തവനാണെന്നു ,
  ഒന്നിനും കൊള്ളാത്തവനാണെന്നു ,
  ഒരു പരീക്ഷ പാസ്സാവാനുള്ള കഴിവ് പോലുമില്ലാത്തവനാണെന്നു .
  അങ്ങനെയാണെങ്കില്‍ നീ 'തോമസ് ' എന്ന ഒരു വിദ്യാര്‍ത്ഥിയെ കുറിച്ച് അറിയണം. 

  നൂറ്റാണ്ടുകള്‍ക്കു മുമ്പ് അമേരിക്കയിലെ ഒരു കുഗ്രാമത്തില്‍ ജനിച്ചു, സാധാരണ സ്‌കൂളില്‍ പഠിച്ച തോമസിനെ കുറിച്ച്. നിങ്ങളുടെ അധ്യാപകര്‍ നിങ്ങളോടു പറഞ്ഞത് പോലെ തന്നെ, തോമസിന്റെ അധ്യാപകരും അവനോടും അവന്റെ മാതാപിതാക്കളോടും പറഞ്ഞിരുന്നു. തോമസ് ഒന്നിനും കൊള്ളാത്തവന്‍ ആണെന്നും , അവനെ പഠിപ്പിക്കാന്‍ ഞങ്ങളെ കൊണ്ട് പറ്റില്ലെന്നും, അവന്റെ ടി. സി വാങ്ങി പോവണമെന്നും അവന്റെ അമ്മയോട് അവര്‍ ആവശ്യപ്പെടുകയും, ആ 'അമ്മ അവനെ കൂട്ടി കൊണ്ട് പോവുകയും ചെയ്തു. 

  പോരുമ്പോള്‍ ആ 'അമ്മ അധ്യാപകരുടെ മുഖത്തു നോക്കി ഒരു കാര്യം മാത്രം പറഞ്ഞിരുന്നു .
  ' എന്റെ മകന്‍ തോമ വിഡ്ഢിയല്ല , അവനെ ഞാന്‍ പഠിപ്പിക്കും ...'
  വര്‍ഷങ്ങള്‍ ഒരു പാട് കഴിഞ്ഞപ്പോള്‍ തോമസ് എന്ന വിദ്യാര്‍ത്ഥി വളര്‍ന്നു വലുതായി. പഠിക്കാന്‍ കൊള്ളില്ല എന്ന് പറഞ്ഞു സമൂഹം പുറം തള്ളിയ ആ വിദ്യാര്‍ത്ഥിയെ പില്‍ക്കാലത്തു ലോകം അറിഞ്ഞത് ലോകത്തിന്റെ തന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച 'തോമസ് ആല്‍വാ എഡിസണ്‍' എന്ന വിശ്വ വിഖ്യാതനായ ശാസ്ത്രജ്ഞന്‍ ആയിട്ടാണ്. 

  മനുഷ്യ സമൂഹത്തിന്റെ തന്നെ കുതിച്ചു ചാട്ടങ്ങള്‍ക്കു തുടക്കമിട്ട ബള്‍ബ് അടക്കം സുപ്രധാനമായ കണ്ടു പിടിത്തങ്ങള്‍ക്കു ജന്മം ലഭിച്ചത് അധ്യാപകര്‍ വിഡ്ഢി എന്ന് മുദ്ര കുത്തിയ ആ വിദ്യാര്‍ത്ഥിയുടെ തലയില്‍ നിന്നായിരുന്നു എന്നത് നിങ്ങളെ പഠിപ്പിക്കുന്നത് വലിയൊരു സന്ദേശമാണ് . 

  നിങ്ങള്‍ ജയിക്കുമോ, തോല്‍ക്കുമോ എന്ന് തീരുമാനിക്കുന്നത് അധ്യാപകരോ, മാതാപിതാക്കളോ, സുഹൃത്തുക്കളോ അല്ല . നിങ്ങള്‍ മാത്രമാണ് . അധ്യാപകര്‍ നിങ്ങളെ വിമര്‍ശിക്കുന്നത് നിങ്ങളുടെ ഉള്ളില്‍ ഒരു വാശി ജനിപ്പിക്കാനും, അതിലൂടെ നിങ്ങള്‍ വിജയം കരസ്ഥമാക്കാനും വേണ്ടിയാണു. അത് അതെ രീതിയില്‍ നമ്മള്‍ സ്വീകരിച്ചു ക്രിയാത്മകമായി ഇനിയുള്ള സമയമെങ്കിലും വിനിയോഗിച്ചാല്‍ തീര്‍ച്ചയായും റിസള്‍ട്ട് വരുന്ന ദിവസം നിങ്ങളുടെ സ്‌കൂളിലെ വിജയികളുടെ പട്ടികയില്‍ നിങ്ങളും ഉണ്ടാകും.
  വിജയികളെ അനുമോദിക്കാന്‍ വേണ്ടി വേദിയില്‍ ഇരുത്തുമ്പോള്‍ അതിലൊരാളായി നിങ്ങളുമുണ്ടാകും. നീ പരീക്ഷ പാസ്സാവില്ല എന്ന് പറഞ്ഞവര്‍ തന്നെ നിന്നെ അഭിനന്ദനം കൊണ്ട് മൂടും, പൂച്ചെണ്ടുകള്‍ സമര്‍പ്പിക്കും . നിന്റെ പേര് പറയുമ്പോള്‍ കയ്യടിക്കും. അപ്പോള്‍ സിനിമയിലെ സൂപ്പര്‍ സ്റ്റാറിനെ പോലെ ചുറ്റിനും മുഴങ്ങുന്ന കരഘോഷങ്ങള്‍ക്കു ഇടയിലൂടെ നടന്നു നീങ്ങുമ്പോള്‍ അവര്‍ പരസ്പരം പറയും, ഇവന്‍ ഇത്രയ്ക്കും ഭയങ്കരന്‍ ആയിരുന്നോ എന്ന്. 

  നാട്ടിലെ പൗരാവലി വിജയികള്‍ക്ക് സ്വീകരണം കൊടുക്കുമ്പോള്‍, വാട്‌സാപ്പിലും, ഫേസ്ബുക്കിലും നിങ്ങളുടെ ഫോട്ടോ അടിക്കുറിപ്പോടെ സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്യുമ്പോള്‍ കുടുംബക്കാരും, നാട്ടുകാരും പറയും ഇവന്‍ നമ്മള്‍ വിചാരിച്ച പോലെ അല്ലല്ലോ എന്ന്.
  അതെ, അങ്ങനെ പറയിപ്പിക്കാന്‍ നമുക്ക് സാധിക്കണം. എന്റെ ജയപരാജയങ്ങള്‍ തീരുമാനിക്കുന്നത് മറ്റുള്ളവരല്ല, ഞാന്‍ തന്നെയാണ്. എന്നെ കുറ്റപ്പെടുത്തിയവര്‍ക്കു മുമ്പില്‍, പരിഹസിച്ചവര്‍ക്കു മുമ്പില്‍, എനിക്ക് വിജയിച്ചു കാണിക്കണം എന്ന് ആത്മാര്‍ത്ഥമായി തീരുമാനിക്കുക.
  നിങ്ങള്‍ വിജയിക്കും എന്ന് ഉറപ്പിച്ചു തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ ഈ ലോകത്തു ഒരു ശക്തിക്കും നിങ്ങളെ പരാജയപ്പെടുത്താനാവില്ല. അതിനുള്ള ദിവ്യമായ ഒരു കഴിവ് ദൈവം നിങ്ങളുടെ ഉള്ളില്‍ നിക്ഷേപിച്ചിട്ടുണ്ട്.
  അത് കണ്ടെത്തുക, വിജയം സുനിശ്ചിതം.
  പരീക്ഷാര്‍ത്ഥികള്‍ക്കു വിജയം ആശംസിക്കുന്നു .

  -റിയാസ് അമലടുക്കം
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ഞാൻ ഒന്നിനും കൊള്ളാത്തവനോ/ളോ ?, വിദ്യാര്‍ത്ഥികളോട് സ്നേഹപൂർവ്വം Rating: 5 Reviewed By: UMRAS vision
  Scroll to Top