• Latest News

    Thursday, February 1, 2018

    സുബൈദ വധം: പിന്നില്‍ പട്‌ള അസീസിന്റെ ക്വട്ടേഷന്‍ സംഘം
    Thursday, February 1, 2018
    4:05:00 PM

    ബേക്കല്‍: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ(60)യുടെ കൊലപാതകത്തിന് പിന്നില്‍ കുപ്രസിദ്ധ മോഷ്ടാവ് പട്‌ള അസീസിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം. കൊലപാതകവുമായി ബന്ധപ്പെട്ട് അസീസും മുന്‍ മോഷ്ടാവ് ഉമ്പുവും പോലീസിന്റെ കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ അറസ്റ്റ് ശനിയാഴ്ച ഉണ്ടായേക്കും.[www.malabarflash.com] 

    ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നത്.
    സുബൈദയെ കൊലപ്പെടുത്തിയ സംഘത്തില്‍ ഉമ്പു ഉള്‍പ്പെടെ അഞ്ചുപേര്‍ ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. മറ്റു പ്രതികള്‍ക്കായി കാസര്‍കോട് അതിര്‍ത്തി വനത്തില്‍ അന്വേഷണ സംഘവും വിവിധ സ്റ്റേഷനുകളിലെ പോലീസ് സേനയും ഫോറസ്റ്റും അരിച്ചുപെറുക്കുകയാണ്. ഇവര്‍ വനത്തിനകത്ത് തന്നെയുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
    പണവും സ്വര്‍ണവും കവരാനായിരുന്നു അഞ്ചംഗ സംഘം സുബൈദയെ കൊലപ്പെടുത്തിയത്. സുബൈദയുടെ വീടിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സ് വാടകക്ക് ചോദിച്ചെത്തിയവരാണ് കൊലയാളി സംഘത്തില്‍പെട്ട നാലുപേര്‍ എന്നാണ് സൂചന. സുബൈദയുടെ വീടുമായി അടുത്ത ബന്ധമുള്ള ഉമ്പുവാണ് സംഭവത്തിലെ സൂത്രധാരനെന്നറിയുന്നു. 

    ഉമ്പുവും നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. കവര്‍ച്ചാ സംഘത്തില്‍ പെട്ടവരാണെന്ന് സംശയിക്കുന്ന രണ്ടുപേരെ പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്ത് കാസര്‍കോട്ടേക്ക് കൊണ്ടുവരുന്നുണ്ട്.
    തദ്ദേശവാസികളുടെ മൊഴികളും സമീപപ്രദേശങ്ങളിലെ മൊബൈല്‍ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനകളുമാണ് പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. കൊലപാതകം നടത്തി സ്വര്‍ണവും പണവും കവര്‍ന്ന ശേഷം മോഷണ സംഘം ബാംഗ്‌ളൂരുവിലേക്ക് കടക്കുകയായിരുന്നു. മറ്റുരണ്ടുപേര്‍ നാട്ടില്‍ തന്നെ തങ്ങിയെന്നാണ് സൂചന.
    വീട്ടിനകത്തുണ്ടായിരുന്ന നാരങ്ങാവെള്ളം നിറച്ച രണ്ട് ഗ്ലാസുകളില്‍ പതിഞ്ഞ വിരലടയാളങ്ങളും പ്രതികളെ തിരിച്ചറിയാനുള്ള മറ്റൊരു തെളിവായി. 

    കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്റെ നേതൃത്വത്തില്‍ ബേക്കല്‍ സിഐ വിശ്വംഭരന്‍, ഹൊസ്ദുര്‍ഗ് സിഐ സി കെ സുനില്‍കുമാര്‍, കാസര്‍കോട് സിഐ അബ്ദുള്‍റഹീം എന്നിവരും ബേക്കല്‍, അമ്പലത്തറ, ഹൊസ്ദുര്‍ഗ് എന്നിവിടങ്ങളിലെ എസ്‌ഐമാര്‍ക്കും പുറമെ സ്‌പെ ഷല്‍ ബ്രാഞ്ച് ഡിവൈഎസ് പി അസൈനാര്‍, ക്രൈംബ്രാഞ്ച് കണ്ണൂര്‍ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍, സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരാണ് കേസന്വേഷണത്തിന് നേതൃത്വം കൊടുക്കുന്നത്. 

    പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുന്നതോടെ കാസര്‍കോട് പോലീസിന് ഉണ്ടാക്കിയ നാണക്കേടില്‍ അല്‍പം ആശ്വാസമാകും.
    ജനുവരി 19നാണ് തനിച്ച് താമസിക്കുന്ന സുബൈദയെ കൈ കാലുകള്‍ ബന്ധിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
    കോളിളക്കം സൃഷ്ടിച്ച പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി വധക്കേസിന് പിന്നാലെ നടന്ന സുബൈദയുടെ കൊലപാതകം ജില്ലയെ നടുക്കിയിരുന്നു. 

    സുബൈദ വധക്കേസിന് തുമ്പ് കണ്ടെത്തുമ്പോള്‍ ദേവകി വധക്കേസ് അന്വേഷണവും പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സുബൈദ വധം: പിന്നില്‍ പട്‌ള അസീസിന്റെ ക്വട്ടേഷന്‍ സംഘം Rating: 5 Reviewed By: editordesk Malabarflash
    Scroll to Top