Latest News

ജീവിക്കാൻ മറന്ന പാവങ്ങളുടെ സ്വന്തം അഷ്റഫ്ച്ച

അതെ അഷ്‌റഫ്ച്ച എന്ന ചാക്കോ അഷ്‌റഫ്ച്ചയെ കുറിച്ച് എഴുതാനോ പറയാനോ തുടങ്ങിയാല്‍ അത് തീര്‍ക്കാന്‍ അശക്തനാണ് ഈയുള്ളവന്‍, അതും ചെറിയൊരു കാലയളവിലെ അദ്ദേഹവുമായുള്ള പരിചയത്തിന്റെ അടിസ്ഥാനത്തില്‍. അല്ലാതെ അദ്ദേഹവുമായി വലിയൊരു ബന്ധം സ്ഥാപിക്കാനൊന്നും ഈയുള്ളവനെ കൊണ്ട് പറ്റിയിട്ടുമില്ല.[www.malabarflash.com]

ജീവിക്കാന്‍ മറന്ന രാഷ്ട്രീയക്കാരന്‍ എന്ന പേര് കീഴുര്‍ എന്ന ദേശത്തെ ഏറ്റവും അനുയോജ്യമായി ചേരുന്നത് എന്നാര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ അഷ്‌റഫ്ച്ച എന്ന പച്ചപ്പാവത്തെ അല്ലാതെ മറ്റൊരാളെ ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കുമാവില്ല. ഇരു വിഭാഗം എന്നപേരില്‍ പ്രശസ്തിയാര്‍ജിച്ച കീഴൂറിന്റെ മണ്ണില്‍ ഇരുവിഭാഗവും ഒരു പോലെ നെഞ്ചിലേറ്റിയ ഒരു സാധാരണക്കാരില്‍ സാധാരണക്കാരനായ മനുഷ്യന്‍ അത് ചാക്കോ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അഷ്‌റഫ്ച്ച അല്ലാതെ മറ്റൊരാളില്ല.
വീട്ടിലെ ദാരിദ്ര്യം മാലോകരെ അറിയിച്ചു അഭിമാനം കാറ്റില്‍പറത്തി ജീവിക്കാനല്ല ആ മനുഷ്യ സ്‌നേഹി തയ്യാറയത്, മറിച്ച് തന്റെ ശരീരം കൊണ്ട് പാവങ്ങളെ എങ്ങിനെ സഹായിക്കാം എന്ന് അവിടെത്തെ ഓരോ മനുഷ്യരാശിക്കും കാണിച്ചു കൊടുക്കുന്നൊരു ജീവിതമായിരുന്നു അഷ്‌റഫ്ച്ച തിരഞ്ഞെടുത്തത്. 

ആര് ഏതു നേരത്ത് എന്തിനു വേണ്ടി വിളിച്ചാലും ആശ്വാസത്തിന്റെ പൂമുല്ല ചാര്‍ത്തിയ മറുപടിയില്ലാതെ അവിടെന്നു കിട്ടാറില്ലായിരുന്നു. സര്‍ക്കാരില്‍ നിന്ന് അര്‍ഹതപ്പെട്ടത് കിട്ടാനുണ്ടായിട്ടും അതെങ്ങിനെ കൈപ്പറ്റണം എന്നറിയാത്ത പാവങ്ങള്‍ക്ക് ഒരു വലിയ വഴികാട്ടിയും വെളിച്ചവുമായിരുന്നു ആക്‌സിഡെന്റ് രൂപത്തില്‍ വന്ന ദുരന്തത്തില്‍ ഇല്ലാതായി മാറിയത്. 

കാലം കനിഞ്ഞു നല്‍കിയ കാരുണ്യ വര്‍ഷത്തിന്റെ കീഴൂരിലെ പ്രതീകം അങ്ങിനെ ആറടി മണ്ണില്‍ അടക്കം ചെയ്തപ്പോള്‍ ആ ദേശം മൊത്തം മൂകതയുടെ ആറടി മണ്ണിലേക്ക് അടക്കം ചെയ്യപ്പെടുകയായിരുന്നു.
മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ തന്റെ നെഞ്ചോട് ചേര്‍ത്തു വെച്ച് കൊണ്ട് തന്നെ എല്ലാ മത രാഷ്ട്രീയ സംഘനടനാ വ്യക്തിത്വങ്ങള്‍ക്കും ഒരു വ്യത്യാസവും കാണാതെ തന്റെ മനസ്സിലെ കരുണയുടെ അംശം എത്തിച്ചു കൊടുക്കുന്ന കാര്യത്തില്‍ വിജയിച്ച കാസറകോട് ജില്ലയിലെ ഏറ്റവും വലിയ രാഷ്ട്രീയക്കാരനായിരിക്കണം അഷ്‌റഫ്ച്ച എന്ന് തന്നെയാണ് ഈയുള്ളവന്റെ വിശ്വാസം. അത്രക്കും എളിമ നിറഞ്ഞ തങ്ക വെളിച്ചം തന്നെയായിരുന്നു അവിടെത്തെ ജീവിതം. 

നാട്ടിലെ ഐക്യത്തിന്റെ വേണ്ടി തന്റെ സാമൂഹ്യ ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റി വെച്ച ആ മനുഷ്യന്‍ ആ വിഷയത്തില്‍ ഒരുപാട് വിജയങ്ങള്‍ ആ നാട്ടില്‍ നിന്ന് ലഭിച്ചു എന്ന് തന്നെയാണ് വിശ്വാസം. കാരണം പത്തിരുപതു വര്‍ഷം മുമ്പ് രാഷ്ട്രീയ തിമിരം ബാധിച്ച കുറെ കുബുദ്ദികളെ കൊണ്ട് സമാദാന അന്തരീക്ഷം ഇടയ്ക്കിടെ നഷ്ടപ്പെട്ട് കൊണ്ടിരുന്ന ഒരു ദേശത്ത് പ്രവാസ ജീവിതത്തിനു സലാം ചൊല്ലി നാടിന്റെ സേവനത്തിനു വേണ്ടി പച്ച കൊടിയും പിടിച്ചിറങ്ങിയ അഷ്‌റഫ്ച്ചയെ പോലോത്ത നല്ല മനസ്സുകളുടെ ഫലം കൊണ്ട് ആ നാട്ടില്‍ ഐക്യത്തിന്റെ പാല്‍നിലാ പുഞ്ചിരി വിടര്‍ന്നിട്ടുണ്ട് എന്നവിടെയുള്ള ഓരോ മനുഷ്യരും ഉറക്കെ വിളിച്ചു പറയും. 

തന്റെ വീടോ കുടുംബമോ പച്ചപിടിപ്പിക്കുന്നതില്‍ മറന്നു പോയ ആ ഒരു വലിയ ഒരു മനുഷ്യന്റ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കി അവിടെയുള്ള സമ്പന്ന രാഷ്ട്രീയ തമ്പുരാക്കളുടെ മനസ്സലിഞ്ഞേ തീരൂ എന്ന് തന്നെയാണ് ഈയുള്ളവന്റെ എളിയൊരപേക്ഷ, ജീവിക്കാന്‍ മറന്ന ചാക്കോക്ക് വേണ്ടി ജീവന്‍ പണയം വെക്കാന്‍ അവിടെത്തെ യുവതലമുറ അരയും മുറുക്കി ഇറങ്ങുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
കീഴുര്‍ മുസ്ലിം ജമാഅത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ മാനേജരായ ഈ വ്യക്തിയുടെ മക്കളുടെ പൂര്‍ണ പഠന ചിലവും പൂര്‍ണമായും സൗജനയമായി ഏറ്റെടുക്കണം എന്ന അപേക്ഷ കൂടി ഈയുള്ളവന്‍ ജമാഅത്തിന്റെ അധികൃതര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു. 

അസ്തമിച്ചു പോയ ആ മഹാ വെളിച്ചത്തിന്റെ ഓരോ രശ്മികളും ആ മണ്ണില്‍ ലോകാവസാനം വരെ നിലനില്‍ക്കണം എന്ന നിര്‍ബന്ധ ബുദ്ധി ആ നാട്ടിലെ ഓരോ മനുഷ്യരാശിയിലും ഉണ്ടാവട്ടെ...

അവിടെത്തെ പരലോക ജീവിതം സന്തോഷമുള്ളതാകട്ടെ.....അവിടെത്തെ ഖബ്‌റിനെ സ്വര്‍ഗീയ പരിമളം കൊണ്ട് ധന്യമാവട്ടെ....ആമീന്‍
നൂറുദ്ദീന്‍ ചെമ്പിരിക്ക

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.