• Latest News

  Wednesday, January 17, 2018

  ജീവന്‍ രക്ഷിക്കാന്‍ ആംബുലന്‍സുമായി കുതിച്ച തമീമിന് ഗള്‍ഫില്‍ ജീവിതമാര്‍ഗം തെളിയുന്നു
  Wednesday, January 17, 2018
  12:05:00 PM

  റാസല്‍ഖൈമ: യു.എ.ഇ. എസ്.എന്‍.ഡി.പി. യോഗത്തിന്റെ കാരുണ്യമിത്ര പുരസ്‌കാരവും സഹായധനവും ഏറ്റുവാങ്ങാനാണ് കാസര്‍കോടുകാരനായ അബ്ദുല്‍ തമീം യു.എ.ഇ.യില്‍ എത്തിയത്. എന്നാല്‍ തമീമിന് ഭാവിജീവിതത്തിലേക്കുള്ള വഴിത്തിരിവാകുകയാണ് ഈ യാത്ര. യു.എ.ഇ.യില്‍ അബ്ദുള്‍ തമീമിന് ജോലി വാഗ്ദാനം ചെയ്തിരിക്കുകയാണിപ്പോള്‍.[www.malabarflash.com]

  കഴിഞ്ഞവര്‍ഷം കേരളം ഏറെ ശ്രദ്ധിച്ച യുവാവാണ് അബ്ദുല്‍ തമീം. 58 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയുംകൊണ്ട് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍നിന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് ആറുമണിക്കൂര്‍ 53 മിനിറ്റുകൊണ്ട് എത്തിച്ചേര്‍ന്ന തമീമിന് യു.എ.ഇ.യില്‍ തൊഴില്‍ അവസരം ഒരുങ്ങി.

  കഴിഞ്ഞ നവംബര്‍ 15-നാണ് സംഭവബഹുലമായ ഈ ആംബുലന്‍സ് യാത്ര കേരളത്തിലൂടെ കടന്നുപോയത്. പരിയാരം മെഡിക്കല്‍കോളേജ് ആംബുലന്‍സ് വിളിച്ചപ്പോള്‍ ആവശ്യപ്പെട്ട മുപ്പത്തിഅയ്യായിരം രൂപ നല്‍കാന്‍ കഴിയാഞ്ഞപ്പോഴാണ് ചെര്‍ക്കളം മുസ്ലിം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആംബുലന്‍സ് ലഭിക്കാന്‍ കുഞ്ഞിന്റെ ബന്ധുക്കള്‍ ശ്രമിക്കുന്നത്.

  തുടര്‍ന്ന് ഡീസലും ഡ്രൈവറുടെ ബത്തയും നല്‍കിയാല്‍ ആംബുലന്‍സ് നല്‍കാമെന്ന് ട്രസ്റ്റ് അറിയിച്ചു. ഇരുപത്താറുകാരനായ അബ്ദുല്‍ തമീം സധൈര്യം ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഗള്‍ഫില്‍ ഗ്രോസറി ജീവനക്കാരനായ പിതാവിന് എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കുഞ്ഞിന്റെ മാതാവും അമ്മൂമ്മയും പിതാവിന്റെ അനുജനും ഒപ്പം ഒരു ആണ്‍ നഴ്‌സും ആംബുലന്‍സില്‍ കുഞ്ഞിനോടൊപ്പം ഉണ്ടായിരുന്നു.

  നവംബര്‍ 15-ന് രാത്രി 8.17-നാണ് പരിയാരത്തുനിന്ന് വാഹനം പുറപ്പെട്ടത്. ആസ്​പതിയില്‍ എത്തിയ ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി കുഞ്ഞിനെ രക്ഷിച്ചു. ലോകമറിഞ്ഞ ഈ വാര്‍ത്തയെ തുടര്‍ന്നാണ് യു.എ.ഇ. എസ്.എന്‍.ഡി.പി. യോഗത്തിന്റെ ശിവഗിരി തീര്‍ഥാടനസംഗമത്തില്‍ ആദരം ഏറ്റുവാങ്ങാന്‍ അവസരമുണ്ടായത്. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍, എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ജനുവരി 12-ന് അജ്മാനില്‍ നടന്ന ചടങ്ങില്‍ തമീമിനു പുരസ്‌കാരം നല്‍കിയത്.

  തമീമിന്റെ ജീവിതസാഹചര്യവും മാതാവും ആറു സഹോദരങ്ങളുമടങ്ങുന്ന സാധാരണ കുടുംബത്തിന്റെ നിസ്സഹായതയും അവതരിപ്പിക്കുന്ന ചെറിയചിത്രീകരണം അന്ന് വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പത്താം ക്ലാസ്സില്‍ പഠനം ഉപേക്ഷിച്ച തമീം പകല്‍ കൂലിപ്പണിക്ക് പോയും രാത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍ ജോലിചെയ്തും കുടുംബം പോറ്റുന്നതിനിടയിലാണ് ഈ ധീരകൃത്യം നിര്‍വഹിച്ചതെന്നും ചിത്രീകരണത്തിലൂടെ പ്രവാസലോകം അറിഞ്ഞു.

  അങ്ങനെയാണ് വേദിയില്‍ ക്ഷണിതാവായി ഉണ്ടായിരുന്ന അഹല്യ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വിഭു ബോസ് യു.എ.ഇ.യിലെ തന്റെ സ്ഥാപനത്തില്‍ തമീമിന് ജോലി വാഗ്ദാനംചെയ്തു. ഒരു നിയോഗംപോലെ തന്നെ തേടിയെത്തിയ ദൗത്യം ചെയ്തതിന് ദൈവം തന്ന കൂലിയാണ് ഇതെന്ന് തമീം  പറഞ്ഞു. നാട്ടില്‍ ഒട്ടേറെ സംഘടനകള്‍ തമീമിനെ അനുമോദിച്ചിരുന്നു. എന്നാല്‍, പ്രവാസലോകത്തുനിന്ന് ഒരു ആദരം ഇതാദ്യമായാണ്.

  (കടപ്പാട്: മാതൃഭൂമി)
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ജീവന്‍ രക്ഷിക്കാന്‍ ആംബുലന്‍സുമായി കുതിച്ച തമീമിന് ഗള്‍ഫില്‍ ജീവിതമാര്‍ഗം തെളിയുന്നു Rating: 5 Reviewed By: UMRAS vision
  Scroll to Top