• Latest News

  Wednesday, January 3, 2018

  വക്രീകരിക്കുന്ന മതചിന്തകള്‍ തടയാന്‍ സുന്നി സൂഫി ധാരകള്‍ക്ക് എളുപ്പം: മുഖ്യമന്ത്രി
  Wednesday, January 3, 2018
  1:06:00 AM

  കാരന്തൂര്‍: വക്രീകരിക്കുന്ന മതചിന്തകള്‍ക്കെതിരെ ശരിയായ നിലപാട് സ്വീകരിക്കാന്‍ സുന്നി സൂഫി ധാരകള്‍ക്കാണ് എളുപ്പത്തില്‍ കഴിയുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.[www.malabarflash.com]

  ഈ ധാരകള്‍ക്കൊപ്പം നില്‍ക്കുന്ന മര്‍ക്കസിനും ഇത് എളുപ്പമാകും. സാമ്രാജ്യത്വവും വര്‍ഗീയതയുമാണ് ദേശീയോഗ്രഥനം നേരിടുന്ന വെല്ലുവിളി. മതാത്മക വര്‍ഗീയതയാണ് ഭീകരവാദമായി മാറുന്നതെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

  മര്‍ക്കസ് റൂബി ജൂബിലി സമ്മേളനത്തോടനുബന്ധിച്ച്‌നടന്ന ദേശീയോദ്ഗ്രഥന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

   വര്‍ഗീയവും വിഭാഗീയവും തീവ്രവാദപരവുമായ ചിന്താഗതികള്‍ക്കെതിരെ മനുഷ്യത്വത്തിന്റെ മൂല്യങ്ങള്‍ ഉള്‍ചേര്‍ത്ത് മതം പഠിപ്പിക്കുന്നത് ഇക്കാലത്ത് വലിയ കാര്യമാണ്. അനേകം വൈവിധ്യങ്ങളുള്‍കൊള്ളുന്ന രാജ്യത്തിന്റെ ബഹുസ്വര സമൂഹത്തില്‍ മതമീമാംസ പഠിപ്പിക്കുമ്പോള്‍ പൊതു സമൂഹത്തില്‍ മത പണ്ഡിതന്റെ പങ്ക് എന്താണെന്ന് മര്‍കസ് മാതൃക കാണിക്കുന്നു. 

  മത സൂക്തങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് സമൂഹത്തില്‍ ചിദ്രതയുണ്ടാക്കുന്നവരെ നിരാകരിക്കാന്‍ മത സ്ഥാപനങ്ങള്‍ക്ക് കഴിയണം. സാമ്രാജ്യത്വം എത്രമാത്രം ഹീനമാകുമെന്നതിന്റെ തെളിവാണ് ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക സ്വീകരിച്ച ഏറ്റവും പുതിയ നിലപാട്. അമേരിക്കയോടൊപ്പം നില്‍ക്കുന്നവരും അമേരിക്കയുടെ ചെലവില്‍ കഴിയുന്നവര്‍ പോലും ഐക്യരാഷ്ട്രസഭയില്‍ ഇതിനെതിരായ നിലപാട് സ്വീകരിച്ചു. ലോകത്തിന്റെ പലഭാഗത്തും വംശീയതയും വിഭാഗീയതയും വളര്‍ത്തി സ്വതന്ത്രരാഷ്ട്രങ്ങളെ അട്ടിമറിക്കുന്നതും സാമ്രാജ്യത്വമാണ്. ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്.

  ഇസ്ലാമോഫോബിയവളര്‍ത്തി അക്രമം നടത്തുകയാണ്. തങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ തീവ്രശക്തികളെ വളര്‍ത്താനും സാമ്രാജ്യത്വത്തിന് മടിയില്ല. പണമായും ആയുധമായും പരിശീലനമായും ഇവര്‍ക്ക് എല്ലാസഹായവും നല്‍കുന്നു. ഇതിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം. മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടി ഏറ്റെടുക്കേണ്ട പ്രഖ്യാപനമാണിത്. 

  വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി രാജ്യത്തെ ശിഥിലീകരിക്കാനും ശ്രമമുണ്ട്. ഇതിന് പണം ലഭിക്കുന്നുവെന്ന കാര്യം പാര്‍ലമെന്റില്‍ തന്നെ വ്യക്തമായതാണ്. രാജസ്ഥാനില്‍ ഒരു പാവം മനുഷ്യനെ കൊലപ്പെടുത്തിയ സംഭവം ഏറ്റവും ഒടുവിലെ ഉദാഹരണം. ഇത് കണ്ട് ആര്‍ത്ത്ട്ടഹസിക്കാനും അതിന് ന്യായീകരണം നടത്താനും ഇവിടെ ആളുണ്ടായി.
  എല്ലാവര്‍ഗീയതയെയും നേരിടാന്‍ സമൂഹത്തിന് കഴിയണം. വികസന കാര്യത്തില്‍ അസന്തുലിതം ഇല്ലാതെ നോക്കുന്നതും പ്രധാനമാണ്. ദേശീയസാഹചര്യം ഇങ്ങിനെയാണെന്നിരിക്കെ കേരളം മരുഭൂമിയിലെ ഒരു പച്ചതുരുത്ത് പോലെ നിലനില്‍ക്കുകയാണ്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നിലനില്‍പ്പിന് ഒരുമിച്ചുള്ള മുന്നേറ്റം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
  മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷനായിരുന്നു. മൂന്നാമത് ശൈഖ് സായിദ് സ്മാരക അന്താരാഷ്ട്ര സമാധാന സമ്മേളന ലോഗോ പ്രകാശനം താമരശ്ശേരി ബിശപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയലിന് നല്‍കി മുഖ്യമന്ത്രി നിര്‍വഹിച്ചു. 

  മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, എ പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം, പി ടി എ റഹീം എം എല്‍ എ, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ പി രാമനുണ്ണി, ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, കേരള പിന്നോക്ക കമ്മീഷന്‍ അംഗം മുള്ളൂര്‍കര മുഹമ്മദലി സഖാഫി, ടി കെ ഹംസ, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, എ അബ്ദുല്‍ ഹകീം, സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മജീദ് കക്കാട്, കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപള്ളി, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് ടി കെ അബ്ദുല്‍ ഗഫൂര്‍, എ സൈഫുദ്ധീന്‍ ഹാജി പ്രസംഗിച്ചു. മര്‍കസില്‍ മുപ്പത്തിയഞ്ച് വര്‍ഷമായി എന്‍ജിനിയറായി സേവനം ചെയ്യുന്ന പി മുഹമ്മദ് യൂസുഫ് പന്നൂര്‍, 

  മര്‍കസ് കവാടം രൂപകല്‍പന ചെയ്ത ഡാര്‍വിശ് കരീം എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: വക്രീകരിക്കുന്ന മതചിന്തകള്‍ തടയാന്‍ സുന്നി സൂഫി ധാരകള്‍ക്ക് എളുപ്പം: മുഖ്യമന്ത്രി Rating: 5 Reviewed By: UMRAS vision
  Scroll to Top