• Latest News

    Tuesday, January 23, 2018

    ഫുട്​ബാൾ ഇതിഹാസം ജോർജ്​ വിയ ലൈബീരിയൻ പ്രസിഡൻറ്
    Tuesday, January 23, 2018
    11:08:00 AM

    മൺറോവിയ: ആഫ്രിക്കൻ ഫുട്​ബാൾ ഇതിഹാസം ജോർജ്​ വിയ ലൈബീരിയയുടെ പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്​തു. മൺറോവിയയിലെ ചേരിയിൽ ജനിച്ചു വളർന്ന വിയ, ഫുട്​ബാൾ ലോകത്തി​​​ന്റെ ആകാശത്തിലെത്തിയ കഥയോടൊപ്പം ഇനി ലൈബീരിയക്കാർക്ക്​ പറയാൻ പുതിയ ഇതിഹാസ ചരിത്രം കൂടി.[www.malabarflash.com] ​

    മൺറോവിയയിൽ നടന്ന സത്യ പ്രതിജ്ഞാ ചടങ്ങിൽ ഒരു ഡസനിലധികം ആഫ്രിക്കൻ രാജ്യങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും പ്രതിനിധികൾ പങ്കെടുത്തു.

    ഏഴ്​ പതിറ്റാണ്ടുകൾക്ക്​ ശേഷം ആദ്യമായാണ്​ പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു രാജ്യത്തിൽ​ ജനാധിപത്യ രീതിയിൽ സമാധാനപരമായി ഭരണ കൈമാറ്റം​ നടക്കുന്നത്​. ആഭ്യന്തര യുദ്ധവും ഭരണ അസ്​ഥിരതയും തകർത്ത നാടിന്​ സമാധാനവും വികസനവും വാഗ്​ദാനം ചെയ്​ത്,​ പുതിയ പാർട്ടി രൂപവത്​കരിച്ചായിരുന്നു മുൻ എ.സി മിലാൻ താരത്തി​​ന്റെ പ്രസിഡൻറ്​പദത്തിലേക്കുള്ള കടന്നുവരവ്​.

    ആകെയുള്ള 15 പ്രവിശ്യകളിൽ 13 എണ്ണത്തിലും വിജയിച്ചാണ്​ ജോർജ്​ വിയ ലൈബീരിയൻ രാഷ്​ട്ര തലവനായി തെരഞ്ഞെടുക്കപ്പെട്ടത്​. മുന്‍ പ്രസിഡൻറായിരുന്ന ജോസഫ് ബോവാകായിക്ക് രണ്ട് പ്രവിശ്യകളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 12 വര്‍ഷമായി രാജ്യത്തി​​ന്റെ വൈസ് പ്രസിഡൻറായിരുന്നു ബോവാകായി. ലൈബീരിയയുടെ 25 -ാമത് രാഷ്​ട്രത്തലവനായാണ് മുൻ ലോക ഫുട്​ബാളർ അധികാരമേല്‍ക്കുന്നത്.

    കാൽപന്തിൽ മോഹിച്ചതെല്ലാം സ്വന്തമാക്കി ബൂട്ടഴിച്ച ശേഷമായിരുന്നു വിയയുടെ രാഷ്​ട്രീയ പ്രവേശനം. മൂന്നുതവണ ആഫ്രിക്കൻ ഫുട്​ബാളർ പട്ടം, 1995ൽ ഫിഫ ലോക ഫുട്​ബാളർ പുരസ്​കാരവും ബാലൺഡി ഒാർ പുരസ്​കാരവും. എ.സി മിലാനുവേണ്ടി രണ്ട്​ സീരി ‘എ’ കിരീടം, ചെൽസിയിൽ എഫ്​.എ കപ്പ്​, പി.എസ്​.ജിയിൽ ഫ്രഞ്ച്​ ലീഗ്​ തുടങ്ങി ഇതിഹാസ നായക​​​െൻറ നേട്ടങ്ങളുടെ പട്ടിക നീളുന്നു.

    18 വർഷം നീണ്ട ഫുട്​ബാൾ കരിയറിനോട്​ 2003ലാണ്​ വിയ യാത്ര പറഞ്ഞത്​. കോൺഗ്രസ്​ ഫോർ ഡെമോക്രാറ്റിക്​ ചേഞ്ച്​’ (സി.ഡി.സി) എന്ന പാർട്ടിയുമായി 2005ലെ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ വിയ കളത്തിലിറങ്ങിയെങ്കിലും പരാജയപ്പെട്ടു. 2011ൽ വൈസ്​ പ്രസിഡൻറ്​ സ്​ഥാനത്തേക്ക്​ മൽസരിച്ചപ്പോഴും നിരാശയായിരുന്നു ഫലം. 2014 ൽ പ്രസിഡൻറ്​ സർലീഫി​​ന്റെ മകനെ പരാജയപ്പെടുത്തി വിയ ആദ്യമായി ലൈബീരിയൻ സെനറ്റിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടു. 2016ൽ പ്രസിഡൻറ്​ സ്​ഥാനാർഥിയായി ഫുട്​ബാൾ ഇതിഹാസത്തെ സി.ഡി.സി പ്രഖ്യാപിച്ചു. 61.5 ശതമാനം വോട്ടുകൾ നേടി പ്രസിഡൻറ്​ ബൊവോകായിയെ തോൽപിച്ച്​ വിയ ലൈബീരയയുടെ പ്രഥമ പൗരനായി തെരഞ്ഞെടുക്കപ്പെട്ടു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഫുട്​ബാൾ ഇതിഹാസം ജോർജ്​ വിയ ലൈബീരിയൻ പ്രസിഡൻറ് Rating: 5 Reviewed By: editordesk Malabarflash
    Scroll to Top