• Latest News

  Thursday, December 7, 2017

  അഗതി - ആശ്രയ പദ്ധതിയിലെ അഴിമതി; സി ഡി എസ് ചെയര്‍പേഴ്‌സനെ സംരക്ഷിക്കാന്‍ സി.പി.എം ശ്രമം: യു.ഡി എഫ്
  Thursday, December 7, 2017
  12:20:00 AM

  ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്തിലെ മുന്‍ ഭരണ സമിതിയുടെ കാലത്ത് കുടുംബ ശ്രീക്ക് കീഴിലെ അഗതി - ആശ്രയ പദ്ധതിയില്‍ അഴിമതി നടത്തിയ വര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യു.ഡി.എഫ് ഉദുമ പഞ്ചായത്ത് ലൈസണ്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.[www.malabarflash.com]

  പദ്ധതിയില്‍ ലക്ഷകണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്.
  ബധിരയും മൂകയുമായ ബേക്കലിലെ സുനിത ക്ക് വീട് നിര്‍മ്മാണത്തിന് നാല് ലക്ഷം രൂപയാണ് അനുവദിച്ചത്. വീട് നിര്‍മ്മാണത്തിനായി രണ്ട് ഘട്ടങ്ങളിലായി മൂന്നു സെന്റ് വീതം മൊത്തം ആറ് സെന്റ് സ്ഥലമാണ് വാങ്ങിയത്. ആദ്യം വാങ്ങിയ മൂന്നു സെന്റിന് 20,000 രൂപയും പിന്നീട് അതേ പ്ലോട്ടില്‍ വാങ്ങിയ മൂന്നു സെന്റിന് 150000 രൂപയുമാണ് നല്‍കിയത്. ഒരേ പ്ലോട്ടില്‍ മാസങ്ങള്‍ക്കിടയില്‍ നടത്തിയ ഇടപാടിലാണ് ഇത്രയും വലിയ വ്യത്യാസമുണ്ടായത്.
  അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച തുകകള്‍ക്കുള്ള വൗച്ചറിലും വലിയ ക്രമക്കേടുണ്ടായിട്ടുണ്ട്. സുരേഷന്‍ എന്ന കോണ്‍ട്രാക്ടര്‍ നല്‍കിയെന്ന് കാണിക്കുന്ന വൗച്ചറിന് വിരുദ്ധമായി തുക അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചത് ശമ്പളമായിട്ടാണ്. ഗുണ നിലവാരമില്ലാത്തതും പഴയതുമായ സാമഗ്രികള്‍ ഉപയോഗിച്ചു നിര്‍മ്മിച്ച വീട് ഒട്ടും വാസ യോഗ്യമല്ല. അക്കൗണ്ടില്‍ നിന്ന് മൊത്തം 3,90000 രൂപ പിന്‍വലിച്ചെങ്കിലും അതിന്റെ രേഖകളില്‍ വലിയ ക്രമക്കേടാണ് കാണാന്‍ കഴിഞ്ഞത്.
  അഴിമതി നടത്തിയിട്ടുള്ള സി ഡി എസ് ചെയര്‍ പേഴ്‌സന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുക്കുകയും സിഡിഎസിന്റെ ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറി കുറ്റക്കാര്‍ക്കെതിരെ നടപടി കൈകൊള്ളണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള റിപ്പോര്‍ട്ട് ജില്ലാ കുടുംബശ്രീ മിഷന് നല്‍കി ഒരു മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല.
  ഈ മാസം മുപ്പതിന് കാലാവധി തീരുന്ന സി ഡി എസ് ചെയര്‍പേഴ്‌സനെതിരെ ബോധപൂര്‍വ്വം നടപടിയെടുക്കാതെ നീട്ടി കൊണ്ടു പോകാനുള്ള ശ്രമമാണ് ജില്ലാ കുടുംബശ്രീ മിഷന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. 

  സി.പി.എം നോമിനിയായ സി ഡി എസ് ചെയര്‍പേഴ്‌സനെ സംരക്ഷിക്കാനും സി.പി.എമ്മിന്റെ ഭരണ കാലത്ത് നടന്ന അഴിമതി മറച്ചുവെക്കാനുമുള്ള രാഷ്ട്രീയ- ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഭാഗമാണിത്. അഴിമതി നടത്തിയ പണം തിരിച്ചേല്‍പ്പിച്ച് ഭരണ സ്വാധീനമുപയോഗിച്ച് പ്രശ്‌നം ഒതുക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്.
  ഡിസംബര്‍ അഞ്ചിന് സിഡിഎസ് യോഗത്തില്‍ അഴിമതിക്കാരിയായ ചെയര്‍പേഴ്‌സനെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തിയ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ സിഡിഎസ് ചെയര്‍പേഴ്‌സന്‍ നല്‍കിയ വ്യാജ പരാതിയില്‍ സി.പി.എമ്മിന്റെ പിന്തുണയുണ്ട്. സി.പി.എമ്മിന്റെ പ്രാദേശിക നേതാവിനൊപ്പമാണ് പരാതി നല്‍കാന്‍
  സിഡിഎസ് ചെയര്‍പേഴ്‌സന്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. 

  അഴിമതിക്കാരെ സംരക്ഷിക്കുകയും അഴിമതിക്കെതിരെ പ്രതിഷേധിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്ന സി.പി.എമ്മിന്റെ നീക്കം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടി രാഷ്ട്രീയമായി അതിനെ നേരിടും.
  മുന്‍ ഭരണ സമിതിയുടെ കാലത്ത് നടന്ന അഴിമതികളിലും ക്രമക്കേടിലും വിശദമായ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.
  പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷെരീഫ്, വി.ആര്‍. വിദ്യാസാഗര്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, ഗീത കൃഷ്ണന്‍, അന്‍വര്‍ മാങ്ങാട്, ടി.കെ. ഹസീബ് സംബന്ധിച്ചു.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: അഗതി - ആശ്രയ പദ്ധതിയിലെ അഴിമതി; സി ഡി എസ് ചെയര്‍പേഴ്‌സനെ സംരക്ഷിക്കാന്‍ സി.പി.എം ശ്രമം: യു.ഡി എഫ് Rating: 5 Reviewed By: UMRAS vision
  Scroll to Top