• Latest News

  Friday, December 29, 2017

  മുത്തലാഖ്​ ബിൽ: ലോക്സഭ പാസാക്കി
  Friday, December 29, 2017
  1:47:00 AM

  ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്‌ലിം വുമെന്‍(പ്രൊട്ടക്ഷന്‍ ഓഫ് മാരേജ്) ബില്‍ 2017 ലോക്സഭ പാസാക്കി. ഒറ്റയടിക്ക് മൂന്നുവട്ടം തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റവും ഇത്തരത്തില്‍ വിവാഹമോചനം നടത്തുന്ന പുരുഷന് മൂന്നുവര്‍ഷം തടവും ലഭിക്കുമെന്നാണ് ബില്ലില്‍ പറയുന്നത്. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് വ്യാഴാഴ്ച രാവിലെ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.[www.malabarflash.com]

  മുസ്ലീം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനെന്ന വിശേഷണത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് കുറ്റകരമാക്കുന്ന ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. നേരത്തെ നിശ്ചയിച്ച കാര്യപരിപാടികള്‍ പ്രകാരമാണ് ബില്‍ അവതരിപ്പിച്ചതെങ്കിലും ഇത് വ്യാഴാഴ്ച തന്നെ ചര്‍ച്ചക്കെടുക്കുകയാണെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം ലോക്‌സഭാംഗങ്ങളെ അത്ഭുതപ്പെടുത്തി. ഉച്ചകഴിഞ്ഞ് മുന്നുമണിക്ക് ബില്‍ ചര്‍ച്ചക്കെടുക്കുമെന്ന കാര്യം ഉച്ചകഴിഞ്ഞപ്പോഴാണ് ലോക്‌സഭാഗംങ്ങളെ അറിയിച്ചത്.

  അതേസമയം ബില്ലിന് കാര്യമായ എതിര്‍പ്പ് സഭയില്‍ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ദേയമാണ്. കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ബില്ലിനെ പിന്തുണച്ചെങ്കിലും മുസ്ലീം ലീഗ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുസ്ലീം ലീഗിന്റെ പ്രതിഷേധം ഒഴിച്ച് മറ്റ് കാര്യമായ പ്രതിഷേധം സഭയില്‍ ഉയര്‍ന്നില്ല. 
  എന്നാല്‍ ബില്ലിലെ ചില വ്യവസ്ഥകളോട് പ്രതിപക്ഷ കക്ഷികള്‍ എതിര്‍പ്പുയര്‍ത്തി. ചര്‍ച്ചക്കിടെ പല അംഗങ്ങളും കൊണ്ടുവന്ന ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയാണ് നാലുമണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ ബില്‍ പാസാക്കിയത്. ഇനി രാജ്യസഭയുടെ കടമ്പകൂടി കടക്കേണ്ടതുണ്ട്.

  കോണ്‍ഗ്രസിന്റെ പിന്തുണ ബില്ലിനുള്ള പശ്ചാത്തലത്തില്‍ രാജ്യസഭയിലും പാസാകുമെന്ന് ഉറപ്പാണ്. പക്ഷെ രാജ്യസഭ ചില ഭേദഗതികള്‍ കൊണ്ടുവന്നേക്കുമെന്ന സൂചനകളുണ്ട്. രാജ്യസഭയിലും പാസാവുകയാണെങ്കില്‍ ബില്‍ തുടര്‍ന്ന് രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കുകയും രാഷ്ട്രപതി അംഗീകാരം നല്‍കുന്നതോടെ ബില്‍ നിയമമായി മാറും. ബില്ലിന്‍മേല്‍ ചര്‍ച്ച നടക്കവേ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജു ഖാര്‍ഗെ ആവശ്യപ്പെട്ടത് ബില്ല് വിശദമായ പരിശോധനയ്ക്കായി പാര്‍ലമെന്റിന്റെ സ്ഥിരം സമിതിക്ക് അയക്കണമെന്നാണ്. 

  പക്ഷേ അക്കാര്യം ലോക്‌സഭയില്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല. ചര്‍ച്ചയില്‍ വരുന്ന നിര്‍ദ്ദേശങ്ങള്‍ നല്ലതാണെങ്കില്‍ പരിഗണിക്കാമെന്ന ഉറപ്പുമാത്രമാണ് നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയത്.

  ബില്ല് ഏതെങ്കിലും മതത്തിനോ, ആചാരത്തിനോ എതിരല്ലെന്നും അദ്ദേഹം വിശദീകരിച്ചു. സുപ്രീം കോടതി നിരോധിച്ച ശേഷവും മുത്തലാഖ് ചൊല്ലി ബന്ധം ഒഴിവാക്കുന്നുവെന്ന രവിശങ്കര്‍ പ്രസാദ് പറഞ്ഞു.മാത്രമല്ല ശരീഅത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനേതുടര്‍ന്നാണ് ബില്ല് വോട്ടിനിട്ടത്. ശബ്ദവോട്ടോടെയാണ് ബില്ല് പാസാക്കിയത്. 

  എന്‍.കെ പ്രേമചന്ദ്രന്‍, എ. സമ്പത്ത്, ജോയ്‌സ് ജോര്‍ജ് അസാദുദ്ദീന്‍ ഒവൈസി, ബി ജെ ഡിയിലെ ഭര്‍തൃഹരി മഹ്താബ്, കോണ്‍ഗ്രസിന്റെ സുഷ്മിതാ ദേവ്, എന്നിവര്‍ കൊണ്ടുവന്ന നിര്‍ദ്ദേശങ്ങള്‍ വോട്ടിനിട്ട് തള്ളി.

  പ്രതിഷേധമുയര്‍ത്തി മുസ്ലീം ലീഗ് അംഗങ്ങളായ പി.കെ. കുഞ്ഞാലിക്കുട്ടിയും, ഇ.ടി. മുഹമ്മദ് ബഷീറും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 

  മുത്തലാഖ് ഭരണഘടനാ വിരുധമാണെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ആറുമാസത്തിനുള്ളില്‍ വിഷയത്തില്‍ നിയമനിര്‍മാണം നടത്തണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: മുത്തലാഖ്​ ബിൽ: ലോക്സഭ പാസാക്കി Rating: 5 Reviewed By: UMRAS vision
  Scroll to Top